തളിപ്പറമ്പ്: തളിപ്പറമ്പ് മണ്ഡലത്തിലെ പ്രധാന റോഡുകളിലൊന്നായ അമ്മാനപ്പാറ - പാച്ചേനി - തിരുവട്ടൂർ - തേരണ്ടി-ചപ്പാരപ്പടവ് റോഡ് പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കും. അമ്മാനപ്പാറ -പാച്ചേനി -തിരുവട്ടൂർ -തേരണ്ടി-ചപ്പാരപ്പടവ് 14 കി.മി റോഡ് വികസിപ്പിക്കാൻ നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നു. 2017 ജൂലൈയിൽ 20 കോടി രൂപ അനുവദിക്കുകയും ഭരണാനുമതി ലഭിക്കുകയും ചെയ്തു. കിഫ്ബി 2020 ഓഗസ്റ്റിൽ 44.24 കോടി രൂപയുടെ സാമ്പത്തിക അനുമതി നൽകി. പ്രസ്തുത പദ്ധതിക്ക് 2021 ഡിസംബർ മാസത്തിൽ 53.89 കോടി രൂപയുടെ സാങ്കേതിക അനുമതിയും ലഭ്യമായി. 2021 ഡിസംബർ മാസത്തിൽ പ്രവൃത്തിയുടെ ഇ ടെണ്ടർ ക്ഷണിക്കുകയും 2022 ജനുവരി മാസത്തിൽ ടെണ്ടർ ആരംഭിക്കുകയും ചെയ്തു. ഇ ടെണ്ടറിൽ രണ്ട് ലേലക്കാർ പങ്കെടുക്കുകയും പ്രീ ക്വാളിഫിക്കേഷൻ മൂല്യ നിർണ്ണയത്തിൽ ഒരു ലേലക്കാരൻ അയോഗ്യനാവുകയും ചെയ്തതോടെ ഫലത്തിൽ ഇത് സിംഗിൾ ടെണ്ടർ ആയി മാറി. ആയതിനാൽ റീ ടെണ്ടർ ചെയ്യാൻ കിഫ്ബി സാങ്കേതിക സമിതി തീരുമാനിച്ചു. 2022 മാർച്ചിൽ ടെണ്ടർ ചെയ്യുകയും 8 ലേലക്കാർ പങ്കെടുക്കുകയും ചെയ്തു. ഏപ്രിലിൽ നടന്ന കിഫ്ബി സാങ്കേതിക സമിതി യോഗത്തിൽ മൂന്ന് ബിഡ്ഡർമാരെ മൂല്യനിർണയത്തിൽ അയോഗ്യരാക്കി. മെയ് മാസം ലേലം ആരംഭിക്കുകയും ജൂണിൽ നടന്ന മൂല്യനിർണ്ണയം ടെണ്ടർ അപ്പ്രൂവൽ കമ്മിറ്റിക്ക് മുമ്പാകെ സമർപ്പിക്കുകയും ചെയ്തു. എൽ1 ലേലക്കാരൻ ടി എ അബ്ദുൾ റഹ്മാന് ടെണ്ടർ കമ്മിറ്റി അംഗീകാരം നൽകി. തുടർന്ന് പ്രവർത്തി ആരംഭിക്കുന്നതിനുള്ള നടപടികൾ കരാറുകാരൻ ആരംഭിക്കുകയും ചെയ്തു. എന്നാൽ ടെണ്ടറിൽ പങ്കെടുക്കുകയും കരാർ ലഭിക്കാതിരിക്കുകയും ചെയ്ത കരാറുകാരൻ കോടതിയെ സമീപിക്കുകയും ടെണ്ടർ നടപടികൾ കോടതി സ്റ്റേ ചെയ്യുകയും ചെയ്തു. കോടതിയിലുള്ള സ്റ്റേ ഒഴിവാക്കി കിട്ടുന്നതിനുള്ള നടപടികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. സ്റ്റേ ഒഴിവാക്കി കിട്ടിയാൽ ഉടൻ റീ ടെണ്ടർ ചെയ്യുകയും പ്രവൃത്തി ആരംഭിക്കുകയും ചെയ്യും. നിലവിൽ തകർന്ന റോഡ് അറ്റകുറ്റ പണി നടത്തുന്നതിന് 20 ലക്ഷം രൂപ അനുവദിക്കുകയും പ്രവൃത്തി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം പൊതു സമൂഹം കൃത്യമായി വിലയിരുത്തുമെന്നും പദ്ധതികൾ സമയ ബന്ധിതമായി പൂർത്തിയാക്കാൻ എല്ലാ ശ്രമങ്ങളും നടന്ന് വരുന്നുണ്ടെന്നും എം.വി.ഗോവിന്ദൻമാസ്റ്റർ എം എൽ എ വ്യക്തമാക്കി.
road work chapparappadav