---
title: "മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു; പെരിയാർ തീരത്ത് അതീവ ജാ​ഗ്രതാ നിർദേശം"
english_title: "Mullaperiyar dam opened"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/7797/mullaperiyar-dam-opened"
published_at: "2021-10-29T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617b92096f943_ce59459d-4700-4069-be8c-cab52cbbb0ac.jpg"
keywords: []
---

# മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു; പെരിയാർ തീരത്ത് അതീവ ജാ​ഗ്രതാ നിർദേശം

> **Lead Summary:** **ഇടുക്കി :** ജലനിരപ്പ് ക്രമീകരിക്കുന്നതിനായി മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. അണക്കെട്ടിന്റെ 3, 4 എന്നീ രണ്ടു ഷട്ടറുകളാണ് തുറന്നത്. 35 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി 534 ഘനയടി വെള്ളമാണ് തുറന്നുവിടുക.

## Article Content

**ഇടുക്കി :** ജലനിരപ്പ് ക്രമീകരിക്കുന്നതിനായി മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. അണക്കെട്ടിന്റെ 3, 4 എന്നീ രണ്ടു ഷട്ടറുകളാണ് തുറന്നത്. 35 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി 534 ഘനയടി വെള്ളമാണ് തുറന്നുവിടുക.

മൂന്നു വർഷത്തിന് ശേഷമാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടർ തമിഴ്നാട് തുറക്കുന്നത്. അണക്കെട്ടിലെ ജലനിരപ്പ് 138.75 അടിയായി ഉയര്‍ന്നിട്ടുണ്ട്. ജലനിരപ്പ് 138 അടിയായി നിജപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നത്. വള്ളക്കടവിൽ 20 മിനുട്ടിനകവും രണ്ടു മണിക്കൂറിനകം ഇടുക്കി ഡാമിലും വെള്ളമെത്തും. ജലനിരപ്പ് 0.25 അടി ഉയരും.

അണക്കെട്ട് തുറക്കുന്നത് പരിഗണിച്ച് പെരിയാര്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെരിയാറില്‍ 60 സെന്റിമീറ്റര്‍ ജലനിരപ്പ് ഉയരുമെന്നും തീരവാസികള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. 

അണക്കെട്ട് തുറക്കുന്നത് പരിഗണിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി മന്ത്രിമാരായ റോഷി അഗസ്റ്റിനും കെ രാജനും രാവിലെ തന്നെ മുല്ലപ്പെരിയാർ അണക്കെട്ടിലെത്തി.

ഡാം തുറക്കുന്നത് സംബന്ധിച്ച് ആശങ്ക വേണ്ടെന്നും, എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചതായി മന്ത്രിമാര്‍ പറഞ്ഞു. കേരളം സുസജ്ജമാണെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. 

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138 അടിയില്‍ നിലനിര്‍ത്തുന്നതിന് ആവശ്യമായ ജലം തുറന്നു വിട്ടാല്‍ ഇടുക്കി ഡാമില്‍ നാലിലൊന്നു അടി മാത്രമേ ജലനിരപ്പ് ഉയരുകയുളളുവെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. മുല്ലപ്പെരിയാറില്‍ നിന്ന് തുറന്നു വിടുന്ന ജലം ഉള്‍ക്കൊള്ളാന്‍ ഇടുക്കിക്ക് കഴിയുമെന്നും മന്ത്രി വ്യക്തമാക്കി. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/7797/mullaperiyar-dam-opened)