---
title: "സ്ത്രീകളെ 'ഐറ്റം' എന്ന് വിളിക്കുന്നത് ലൈംഗികാധിക്ഷേപമെന്ന് കോടതി"
english_title: "Court "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/76583/court"
published_at: "2022-10-25T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63580bd45a121_images-2022-04-06T125345.815.jpeg.jpg"
keywords: []
---

# സ്ത്രീകളെ 'ഐറ്റം' എന്ന് വിളിക്കുന്നത് ലൈംഗികാധിക്ഷേപമെന്ന് കോടതി

> **Lead Summary:** സ്ത്രീകളെ 'ഐറ്റം' എന്ന് വിളിച്ച്‌ അധിക്ഷേപിക്കുന്നത് ലൈംഗികാധിക്ഷേപത്തിന്റെ പരിധിയില്‍ വരുമെന്ന് കോടതി. ഇക്കാര്യം ചൂണ്ടിക്കാട്ടി, 25കാരന് കോടതി ഒന്നര വര്‍ഷം തടവുശിക്ഷ വിധിച്ചു. 16കാരിയെ അധിക്ഷേപിക്കുകയും അതിക്രമം നടത്തുകയും ചെയ്ത സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുംബൈയിലെ പ്രത്യേക കോടതിയുടേതാണ് വിധി. ഐ.പി.സി 354, പോക്സോ നിയമത്തിലെ 12 എന്നീ വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് ശിക്ഷ വിധിച്ചത്.

## Article Content

സ്ത്രീകളെ 'ഐറ്റം' എന്ന് വിളിച്ച്‌ അധിക്ഷേപിക്കുന്നത് ലൈംഗികാധിക്ഷേപത്തിന്റെ പരിധിയില്‍ വരുമെന്ന് കോടതി. ഇക്കാര്യം ചൂണ്ടിക്കാട്ടി, 25കാരന് കോടതി ഒന്നര വര്‍ഷം തടവുശിക്ഷ വിധിച്ചു. 16കാരിയെ അധിക്ഷേപിക്കുകയും അതിക്രമം നടത്തുകയും ചെയ്ത സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുംബൈയിലെ പ്രത്യേക കോടതിയുടേതാണ് വിധി. ഐ.പി.സി 354, പോക്സോ നിയമത്തിലെ 12 എന്നീ വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് ശിക്ഷ വിധിച്ചത്.

ശിക്ഷ പൂവാലന്മാര്‍ക്കൊരു പാഠമാവണം എന്നും കോടതി വ്യക്തമാക്കി. സ്ത്രീകളെ 'ഐറ്റം' എന്ന് വിളിക്കുന്നത് ഐ.പി.സി 354 വകുപ്പ് പ്രകാരം സ്ത്രീകളുടെ അന്തസിന് നേരെയുള്ള കടന്നുകയറ്റമാണെന്നും കോടതി നിരീക്ഷിച്ചു. സ്‌പെഷ്യല്‍ ജഡ്ജി ജസ്റ്റിസ് എസ്.ജെ അന്‍സാരിയാണ് സുപ്രധാന നിരീക്ഷണത്തിലൂടെ പ്രതിക്ക് ജയില്‍ ശിക്ഷ വിധിച്ചത്. 'സ്ത്രീകളെ അപമാനിക്കാന്‍ സാധാരണയായി ആണുങ്ങള്‍ ഉപയോഗിക്കുന്ന വാക്കാണ് 'ഐറ്റം' എന്നത്. ലൈംഗികാധിക്ഷേപം എന്ന നിലയ്ക്കാണ് അങ്ങനെ വിളിക്കുന്നത്. ഇതിലൂടെ അവളുടെ സ്ത്രീത്വത്തെ മനഃപൂര്‍വം അപമാനിക്കുക എന്നതാണ് അയാളുടെ ഉദ്ദേശമെന്നും വ്യക്തമാണ്'- ജഡ്ജി പറഞ്ഞു.

പ്രതിയെ കുറ്റവിമുക്തനാക്കണമെന്ന ആവശ്യം നിരസിച്ച കോടതി, 'സ്ത്രീകളെ ഇത്തരക്കാരുടെ മോശം പെരുമാറ്റത്തില്‍ നിന്ന് സംരക്ഷിക്കുന്നതിന്, പൂവാലന്മാരെ ഒരു പാഠം പഠിപ്പിക്കേണ്ടതിനാല്‍, അത്തരം കുറ്റകൃത്യങ്ങള്‍ക്ക് കര്‍ശന ശിക്ഷ തന്നെ നല്‍കേണ്ടതുണ്ട്. കുറ്റാരോപിതന് പ്രൊബേഷന്‍ ആനുകൂല്യം അനുവദിക്കുന്നതിനോ അല്ലെങ്കില്‍ അയാള്‍ക്ക് എന്തെങ്കിലും ഇളവ് നല്‍കുന്നതിനോ ഉള്ള ഒരു സാഹചര്യവും നിലനില്‍ക്കുന്നില്ല' എന്നും വ്യക്തമാക്കി. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/76583/court)