---
title: " ഭണ്ഡാരം കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ സംഭവത്തിലെ പ്രതി പരിയാരം പോലീസിന്റെ പിടിയില്‍"
english_title: "Pariyaram police nab accused in burglary case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/7614/pariyaram-police-nab-accused-in-burglary-case"
published_at: "2021-10-28T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617a3517b5afd_arrest.jpg"
keywords: []
---

#  ഭണ്ഡാരം കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ സംഭവത്തിലെ പ്രതി പരിയാരം പോലീസിന്റെ പിടിയില്‍

> **Lead Summary:** പരിയാരം : കടന്നപ്പള്ളി കിടക്കേക്കര മംഗലശ്ശേരി ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ സംഭവത്തിലെ പ്രതി പിടിയില്‍. കടന്നപ്പള്ളി ചെറുവാശ്ശേരി സ്വദേശി ആഞ്ഞിടി പടിഞ്ഞാറേ പുരയില്‍ വീട്ടില്‍ എ.പി. ഹരിദാസ നെയാണ് പരിയാരം എസ് ഐ കെ.വി. സതീശന്‍ അറസ്റ്റ് ചെയ്തത്.

## Article Content

പരിയാരം : കടന്നപ്പള്ളി കിടക്കേക്കര മംഗലശ്ശേരി ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ സംഭവത്തിലെ പ്രതി പിടിയില്‍. കടന്നപ്പള്ളി ചെറുവാശ്ശേരി സ്വദേശി ആഞ്ഞിടി പടിഞ്ഞാറേ പുരയില്‍ വീട്ടില്‍ എ.പി. ഹരിദാസ നെയാണ് പരിയാരം എസ് ഐ കെ.വി. സതീശന്‍ അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച്ച വൈകുന്നേരം പിലാത്തറ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്. നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഒക്ടോബര്‍ 22 നാണ് ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറിയ മോഷ്ടാവ് ഭണ്ഡാരം കുത്തിപ്പൊളിച്ച് മോഷണം നടത്തിയത്. രാവിലെ ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

മോഷ്ടാവ് ഭണ്ഡാരം കുത്തിപ്പൊളിക്കാന്‍ ഉപയോഗിച്ച പിക്കാസ് ക്ഷേത്രത്തില്‍ തന്നെ ഉപേക്ഷിച്ച നിലയിലാണ്. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രമായതിനാല്‍ രണ്ട് വര്‍ഷത്തില്‍ ഒരിക്കലാണ് ഭണ്ഡാരം തുറക്കുന്നത്.

അതിനാല്‍ വലിയ തുക തന്നെ ഉണ്ടായിരിക്കണം എന്നാണ് നിഗമനം. കുറച്ച് തുക ഭണ്ഡാരത്തില്‍ തന്നെ ഉപേക്ഷിച്ചിട്ടുണ്ടായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തു അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. പ്രതിയെ പിടികൂടിയ സംഘത്തില്‍ സ്‌ക്വാഡ് അംഗം നൗഫല്‍ അഞ്ചില്ലത്ത്, ഗിരീഷ് എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/7614/pariyaram-police-nab-accused-in-burglary-case)