---
title: "മോഷ്ടാവിനെ പിടികൂടാൻ വിവിധ ദൃശ്യങ്ങൾ കോർത്തിണക്കി വീഡിയോയുമായി പയ്യന്നൂർ പോലീസ് രംഗത്ത്"
english_title: "payyannur police "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/62520/payyannur-police"
published_at: "2022-08-18T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fe09568b985_download.jpg"
keywords: []
---

# മോഷ്ടാവിനെ പിടികൂടാൻ വിവിധ ദൃശ്യങ്ങൾ കോർത്തിണക്കി വീഡിയോയുമായി പയ്യന്നൂർ പോലീസ് രംഗത്ത്

> **Lead Summary:** പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിനു സമീപത്തെ റോയല്‍ സിറ്റി കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൈപ്പര്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ കവര്‍ച്ച നടത്തിയ വിരുതനെ കണ്ടെത്താന്‍ ഇയാളുടെ വിവിധ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കി പയ്യന്നൂർ പോലീസ് രംഗത്ത്. സാങ്കേതിക വിദഗ്ദരുടെ സഹായത്തോടെ നിര്‍മ്മിച്ച ഈ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കവര്‍ച്ചക്കാരനെ എത്രയും വേഗം കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് പോലീസ്.നേരത്തെ അന്തർ സംസ്ഥാന തട്ടിപ്പുകാരനെ ഇത്തരത്തിൽ വീഡിയോ ഇറക്കി പിടികൂടിയ ചരിത്രം പയ്യന്നൂർ പോലീസിനുണ്ട് ഇതിൻ്റെ ചുവട് പിടിച്ചാണ് പുതിയ നീക്കം.

## Article Content

പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിനു സമീപത്തെ റോയല്‍ സിറ്റി കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൈപ്പര്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ കവര്‍ച്ച നടത്തിയ വിരുതനെ കണ്ടെത്താന്‍ ഇയാളുടെ വിവിധ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കി പയ്യന്നൂർ പോലീസ് രംഗത്ത്. സാങ്കേതിക വിദഗ്ദരുടെ സഹായത്തോടെ നിര്‍മ്മിച്ച ഈ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കവര്‍ച്ചക്കാരനെ എത്രയും വേഗം കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് പോലീസ്.നേരത്തെ അന്തർ സംസ്ഥാന തട്ടിപ്പുകാരനെ ഇത്തരത്തിൽ വീഡിയോ ഇറക്കി പിടികൂടിയ ചരിത്രം പയ്യന്നൂർ പോലീസിനുണ്ട് ഇതിൻ്റെ ചുവട് പിടിച്ചാണ് പുതിയ നീക്കം.

ഈ മാസം അഞ്ചിന് പുലര്‍ച്ചെ ഒന്നോടെയാണ് സൂപ്പര്‍ മാര്‍ക്കറ്റിന്റെ പുറകുവശത്തെ എക്സ്‌ഹോസ്റ്റ് ഫാന്‍ ഇളക്കി മാറ്റി ചുമർ ദ്വാരത്തിലൂടെ കടന്ന കവര്‍ച്ചക്കാരന്‍ ഓഫീസിനകത്തെ അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ടര ലക്ഷത്തോളം രൂപ കവര്‍ന്നത്.പഴയങ്ങാടിയിലെ എം.പി.മുഹമ്മദിന്റെയും മട്ടന്നൂരിലെ സലീമിന്റെയും ഉടമസ്ഥതയില്‍ ഉള്ള സ്ഥാപനത്തിലാണ് കവര്‍ച്ച നടന്നത്.മേശയും മറ്റും വാരി വലിച്ചിട്ട ശേഷം പേഡയും ബിസ്‌കറ്റും വെള്ളവും മറ്റും ഇവിടെയിരുന്ന് കഴിച്ചതിന്റ ശേഷമാണ് ഇയാള്‍ പുറത്ത് കടന്ന് രക്ഷപ്പെട്ടത്.പ്രതിയുടെ ദൃശ്യങ്ങള്‍ സിസി ടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.

സമാന രീതിയില്‍ കഴിഞ്ഞ ഫെബ്രുവരി 18നും ഇവിടെ കവര്‍ച്ച നടന്നിരുന്നു.സ്ഥാപനയുടമയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിയിട്ടും പ്രതിയെ കണ്ടെത്താനാവാതെ വന്നതിനെ തുടര്‍ന്നാണ് പോലീസ് വീഡിയോ നിര്‍മ്മിച്ച് രംഗത്ത് വന്നിരിക്കുന്നത്. സ്‌കൈപ്പര്‍ മാര്‍ക്കറ്റില്‍നിന്നും മറ്റു സ്ഥലങ്ങളില്‍നിന്നും ലഭിച്ച പ്രതിയുടെ വിവിധ ദൃശ്യങ്ങളും സിനിമകളിലെ കോമഡി രംഗങ്ങളും കോര്‍ത്തിണക്കി നിര്‍മ്മിച്ച ഈ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കവര്‍ച്ചക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.. സ്‌കൈപ്പര്‍ മാര്‍ക്കറ്റില്‍ കവര്‍ച്ച നടന്ന അതേദിവസംതന്നെ ചിറ്റാരിക്കൊവ്വലിലെ കൃഷ്ണദാസിന്റെ ഉടമസ്ഥതയിലുള്ള പെരുമ്പയിലെ മാധവി ഫോട്ടോസിന്റെ ഷട്ടര്‍ തകര്‍ത്തുള്ള കവര്‍ച്ചയും നടന്നിരുന്നു. ഡിജിറ്റല്‍ ക്യാമറ, ലെന്‍സ്, ഫ്‌ളാഷ്, മെമ്മറി കാര്‍ഡുകള്‍ എന്നിവയുള്‍പ്പെടെ രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം ഈ കവര്‍ച്ചയിലുമുണ്ടായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/62520/payyannur-police)