---
title: "കോടികളുമായി മുങ്ങിയ 22 കാരന്റെ സഹായിയെ തട്ടിക്കോണ്ടുപോയ സംഘത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയിലായതായി സൂചന; സുഹൈറിനെ ചോദ്യം ചെയ്തതില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്ത്"
english_title: "100_crore_case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/57819/100_crore_case"
published_at: "2022-07-28T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e24cf968717_site-banner.jpg"
keywords: []
---

# കോടികളുമായി മുങ്ങിയ 22 കാരന്റെ സഹായിയെ തട്ടിക്കോണ്ടുപോയ സംഘത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയിലായതായി സൂചന; സുഹൈറിനെ ചോദ്യം ചെയ്തതില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

> **Lead Summary:** തളിപ്പറമ്പ:കോടികളുമായി മുങ്ങിയ 22 കാരന്റെ കാണാതായ സഹായിയെ പോലീസ് കണ്ടെത്തിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. ഇയാളെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ രണ്ടുപേര്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ളതായാണ് വിവരം. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

## Article Content

തളിപ്പറമ്പ:കോടികളുമായി മുങ്ങിയ 22 കാരന്റെ കാണാതായ സഹായിയെ പോലീസ് കണ്ടെത്തിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. ഇയാളെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ രണ്ടുപേര്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ളതായാണ് വിവരം. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

മഴൂരിലെ കുന്നുംപുറത്ത് പുതിയപുരയില്‍ ടി.പി.സുഹൈറിനെയാണ്(26) കിഡ്‌നാപ്പിംഗ് സംഘത്തില്‍ നിന്നും ഇന്നലെ പോലീസ് രക്ഷപ്പെടുത്തിയത്. തടിക്കടവിലെ സഹോദരിയുടെ വീട്ടില്‍വെച്ചാണ് പോലീസ് സുഹൈറിനെ കണ്ടെത്തിയത്. തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നാണ് സൂഹൈര്‍ ആദ്യം പോലീസിനോട് പറഞ്ഞത്. മൊഴിയില്‍ വൈരുദ്ധ്യം തോന്നിയ പോലീസ് വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയി അജ്ഞാത കേന്ദ്രത്തില്‍ പാര്‍പ്പിക്കുകയാണെന്ന് പറഞ്ഞത്. മാതാവ് പരാതി നല്‍കിയ വിവരം അറിഞ്ഞ സംഘം ഇയാളെ തടിക്കടവിലെ സഹോദരിയുടെ വീട്ടില്‍ എത്തിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

ഇന്നലെയാണ് കോടികളുമായി 22 കാരന്‍ മുങ്ങിയ വിവരം പുറത്തുവന്നത്. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 13 ദിവസം കൊണ്ട് 1,30,000 രൂപ തിരികെ ലഭിക്കുമെന്ന വാഗ്ദാനത്തിലാണ് പലരും പണം നിക്ഷേപിച്ചത്. ഇത്തരത്തില്‍ ഒരു ലക്ഷം രൂപ മുതല്‍ രണ്ട് കോടി രൂപ വരെ നിക്ഷേപിച്ചവരുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. വാഗ്ദാനത്തില്‍ കുടുങ്ങി നിരവധി സ്ത്രീകള്‍ സ്വര്‍ണം ഉള്‍പ്പെടെ നിക്ഷേപിച്ചതായും വിവരമുണ്ട്.

ചിറവക്കിന് സമീപത്തെ കെട്ടിടം കേന്ദ്രീകരിച്ച് ഉന്നതരായ പലരുടെയും ഹവാല പണവും കള്ളപ്പണവും കൈക്കലാക്കിയ ശേഷമാണ് യുവാവ് മുങ്ങിയത്. സമ്പന്നന്മാരായ പലരില്‍ നിന്നും ഇയാള്‍ തട്ടിയെടുത്ത തുക 100 കോടിയിലധികം വരുമെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. കൂടുതല്‍ പരാതികള്‍ ലഭിച്ചാല്‍ മാത്രമേ  അന്വേഷണത്തില്‍ കൂടുതല്‍ പുരോഗമനം ഉണ്ടാവുകയുള്ളു. ഇപ്പോള്‍ കസ്റ്റഡിയിലുള്ള സുഹൈറിനോ കൂട്ടാളി അദ്‌നാനോ ഈ സാമ്പത്തിക തട്ടിപ്പില്‍ ഒരുലാഭവും ഉണ്ടായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ഭാവിയില്‍ ഉപകാരമുണ്ടാകുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ആള്‍ക്കാരെ ഇതിലേക്ക് ചേര്‍ക്കാന്‍ വേണ്ടി പ്രേരിപ്പിച്ചതെന്നാണ് സുഹൈറിന്റെ മൊഴി. ഇന്ന് വൈകുന്നേരത്തോടെ കൂടുതല്‍ വിവരങ്ങള്‍ നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/57819/100_crore_case)