ചൊറുക്കള-ബാവുപ്പറമ്പ -മയ്യിൽ -കൊളോളം എയർപോർട്ട് ലിങ്ക് റോഡ് എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാക്കും. മന്ത്രി. എം.വി.ഗോവിന്ദൻ മാസ്റ്റർ

ചൊറുക്കള-ബാവുപ്പറമ്പ -മയ്യിൽ -കൊളോളം എയർപോർട്ട് ലിങ്ക് റോഡ് എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാക്കും. മന്ത്രി. എം.വി.ഗോവിന്ദൻ മാസ്റ്റർ
Sep 30, 2021 05:13 PM | By Thaliparambu Admin

തളിപ്പറമ്പ:ഉത്തര മലബാറിന്റെ ഗതാഗത-ടൂറിസം മേഖലയിൽ വൻ കുതിച്ചുചാട്ടം ഉണ്ടാക്കാൻ സാധിക്കുന്ന ചൊറുക്കള-ബാവുപ്പറമ്പ -മയ്യിൽ -കൊളോളം എയർപോർട്ട് ലിങ്ക് റോഡ് എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാക്കുമെന്ന് തദ്ദേശ സ്വയം ഭരണ- ഗ്രാമവികസന- എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ.


പൂർണ്ണമായും ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടും സ്ഥലം ഉൾപ്പെടെ നഷ്ടമാകുന്നവർക്ക് കൃത്യമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും ബന്ധപ്പെട്ടവർക്ക് മന്ത്രി നിർദ്ദേശം നൽകി. റോഡിന്റെ സ്ഥലമേറ്റെടുക്കലും പ്രവർത്തിയും യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്നും ബന്ധപ്പെട്ടവർക്ക് മന്ത്രി നിർദ്ദേശം നൽകി. റോഡിന്റെ ലാൻഡ് അക്വസിഷൻ നടപടികൾ ഉടൻ ആരംഭിക്കും.

അക്വസിഷന് ആവശ്യമായ റവന്യൂ വകുപ്പിന്റെ അംഗീകാരം ലഭിച്ചു. ചൊറുക്കളയിൽ നിന്ന് ആരംഭിച്ചു കൊളോളത്ത് എത്തിച്ചേരുന്ന 22.5 കി.മി നീളത്തിലുള്ള റോഡും തളിപ്പറമ്പ ടാഗോർ വിദ്യാനികേതൻ-അള്ളാംകുളം-സർ സയ്യദ് കോളേജ് വഴി ഭ്രാന്തൻ കുന്നിൽ എത്തിച്ചേരുന്ന 2.60കി.മി അനുബന്ധ റോഡും ചേർന്നതാണ് പദ്ധതി. 13.6 മീറ്റർ റോഡിൽ 10 മീറ്ററിൽ ടാർ ചെയ്ത രണ്ട് വരി പാതയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.


ആന്തൂർ, തളിപ്പറമ്പ മുൻസിപ്പാലിറ്റികളും കുറുമാത്തൂർ, മയ്യിൽ, കുറ്റ്യാട്ടൂർ പഞ്ചായത്തുകളിലൂടെയാണ് റോഡ് കടന്നു പോകുന്നത്. 291 കോടി രൂപ അടങ്കൽ ആണ് കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് പദ്ധതിക്കായി വകയിരുത്തിയത്. 161 കോടി രൂപ പദ്ധതി നടത്തിപ്പിനും 130 കോടി രൂപ ലാൻഡ് അക്വസിഷൻ നടപടികൾക്കും ആണ്. ബസ് വേ ,വെയ്റ്റിംഗ് ഷെൽട്ടർ എന്നിവയെല്ലാം ചേർന്നാണ് പദ്ധതി രൂപകൽപ്പന ചെയ്തിട്ടുള്ളത്. ലാൻഡ് അക്വസിഷൻ നടപടികളുടെ ഭാഗമായി തദ്ദേശ സ്വയം ഭരണ- ഗ്രാമവികസന എക്സൈസ് വകുപ്പ് മന്ത്രി ശ്രീ എം.വി. ഗോവിന്ദൻ മാസ്റ്റർ നിർദ്ദിഷ്ട റോഡ് സന്ദർശിച്ചു.


തുടർന്ന് കുറുമാത്തൂർ പഞ്ചായത്ത് ഹാളിൽ ബന്ധപ്പെട്ടവരുടെ യോഗം ചേർന്നു. യോഗത്തിൽ ജില്ലാ കലക്ടർ ചന്ദ്രശേഖരൻ ഐ.എ.എസ് , കെ.ആർ.എഫ്.ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിന്ദു, എ.ഡി.എം ദിവാകരൻ, തളിപ്പറമ്പ മുൻസിപ്പാലിറ്റി ചെയർപേർസൺ മുർഷിദ കൊങ്ങായി , കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് വി.എം.സീന, മയ്യിൽ പഞ്ചായത്ത് പ്രസിഡണ്ട് റിഷ്ന, കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് റെജി, ആന്തൂർ മുൻസിപ്പാലിറ്റി പൊതുമരാമത്ത് സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ഓമന മുരളീധരൻ,ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ അഡ്വ. കെ കെ രക്നകുമാരി, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ,കെ.ആർ.എഫ്. ബി ഉദ്യോഗസ്ഥൻമാർ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.


റോഡ് യാഥാർഥ്യമായാൽ മലയോര പ്രദേശങ്ങളിൽ ഉള്ളവർക്കും കാസർഗോഡ് ഉൾപ്പെടെ ഉള്ള അയൽ ജില്ലകളിലുള്ള യാത്രക്കാർക്കും എളുപ്പത്തിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരാൻ സാധിക്കും.

The Chorukkala-Bavuparamba-Mayil-Kollolam Airport Link Road

Next TV

Related Stories
Top Stories