---
title: "മങ്കിപോക്സ് ലക്ഷണം: പരിയാരത്ത് ചികിത്സയിലുള്ളയാളുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ"
english_title: "Monkeypox symptom"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/55685/monkeypox-symptom"
published_at: "2022-07-18T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d51e39cc184_vac.jpg"
keywords: []
---

# മങ്കിപോക്സ് ലക്ഷണം: പരിയാരത്ത് ചികിത്സയിലുള്ളയാളുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ

> **Lead Summary:**  മങ്കിപോക്സ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇന്നു വൈകിട്ട് പരിശോധനാ ഫലം ലഭിച്ചേക്കും.

## Article Content

 മങ്കിപോക്സ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇന്നു വൈകിട്ട് പരിശോധനാ ഫലം ലഭിച്ചേക്കും.

വിദേശത്തു നിന്ന് എത്തിയ കണ്ണൂർ സ്വദേശിയെയാണു മങ്കിപോക്സ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നു കഴിഞ്ഞ ദിവസം പരിയാരത്തെ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗൾഫിൽ നിന്ന് മംഗളൂരു വിമാനത്താവളത്തിൽ എത്തിയ കണ്ണൂർ സ്വദേശിക്കു നാട്ടിൽ എത്തിയതിനു ശേഷം പനിയും ശരീരത്തിൽ തടിപ്പും കണ്ടതിനെ തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്.

മെഡിക്കൽ കോളജിലെ പ്രത്യേക ഐസലേഷൻ മുറിയിലാണ് ഇദ്ദേഹത്തിനു ചികിത്സ നൽകുന്നത്. ആശുപത്രി സൂപ്രണ്ട് ഡോ.കെ.സുദീപിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണു ചികിത്സ നടത്തുന്നത്. മങ്കിപോക്സ് ലക്ഷണങ്ങൾ, പ്രതിരോധങ്ങൾ വിദേശത്തു നിന്ന് എത്തുന്നവരിൽ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കണം.

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശീവേദന, ഊർജക്കുറവ് എന്നിവയാണു രോഗത്തിന്റെ പ്രാരംഭലക്ഷണങ്ങൾ. പനി വന്ന് ഒന്നു മുതൽ 3 ദിവസത്തിനുള്ളിൽ ദേഹത്തു കുമിളകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങും. മുഖത്തും കൈകാലുകളിലുമാണു കൂടുതൽ കുമിളകൾ. ഇതിനു പുറമേ, കൈപ്പത്തി, ജനനേന്ദ്രിയം, കോർണിയ തുടങ്ങിയ ശരീരഭാഗങ്ങളിലും കുമിളകൾ വന്നേക്കാം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/55685/monkeypox-symptom)