---
title: "കണ്ണൂർ ടൗണിലെ മുഹിയുദ്ദീൻ ജുമാ മസ്ജിദിൽ സാമൂഹ്യവിരുദ്ധർ  ചാണകം കൊണ്ടിട്ടു"
english_title: "kannur town masjid"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/55214/kannur-town-masjid"
published_at: "2022-07-15T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d18b695f1cd_school-lv.png"
keywords: []
---

# കണ്ണൂർ ടൗണിലെ മുഹിയുദ്ദീൻ ജുമാ മസ്ജിദിൽ സാമൂഹ്യവിരുദ്ധർ  ചാണകം കൊണ്ടിട്ടു

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ ടൗൺ മുഹ്യുദ്ദീൻ പള്ളിയിൽ ചാണകം വിതറി മലീമസമാക്കാൻ ശ്രമിച്ച സാമൂഹ്യ വിരുദ്ധരെ അടിയന്തരമായും കണ്ടെത്തി നിയമത്തിന് മുമ്പിൽ കൊണ്ട് വരണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ കല്ലായി, ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദ്, ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കേരളത്തിൽ പൊതുവിലും കണ്ണൂരിൽ പ്രത്യേകിച്ചുമുള്ള മത-സാമുദായിക സൗഹാർദ്ദം തകർക്കാൻ നിക്ഷിപ്ത താൽപര്യമുള്ള സാമൂഹ്യ വിരുദ്ധർ നടത്തിയ ചെയ്തിയാണോ ഇതെന്ന് സംശയിക്കേണ്ടതുണ്ട്.

## Article Content

**കണ്ണൂർ: **കണ്ണൂർ ടൗൺ മുഹ്യുദ്ദീൻ പള്ളിയിൽ ചാണകം വിതറി മലീമസമാക്കാൻ ശ്രമിച്ച സാമൂഹ്യ വിരുദ്ധരെ അടിയന്തരമായും കണ്ടെത്തി നിയമത്തിന് മുമ്പിൽ കൊണ്ട് വരണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ കല്ലായി, ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദ്, ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കേരളത്തിൽ പൊതുവിലും കണ്ണൂരിൽ പ്രത്യേകിച്ചുമുള്ള മത-സാമുദായിക സൗഹാർദ്ദം തകർക്കാൻ നിക്ഷിപ്ത താൽപര്യമുള്ള സാമൂഹ്യ വിരുദ്ധർ നടത്തിയ ചെയ്തിയാണോ ഇതെന്ന് സംശയിക്കേണ്ടതുണ്ട്.

പകൽ സമയത്ത് കൃത്യമായ ആസൂത്രണത്തോടെ നടത്തിയ ഹീനവും നിന്ദ്യവുമായ ഈ ചെയ്തിക്കെതിരെ നിയമ പാലകർ ഉണർന്നു പ്രവർത്തിക്കണം. അതേസമയം, സാമൂഹ്യ വിരുദ്ധരുടെ പ്രകോപനങ്ങളിൽ കുടുങ്ങാതെ വിശ്വാസി സമൂഹം തികഞ്ഞ ആത്മസംയമനം പാലിക്കണമെന്നും ഇവർ അഭ്യർത്ഥിച്ചു. അബ്ദുറഹ്മാൻ കല്ലായി, അഡ്വ. അബ്ദുൽ കരീംചേലേരി എന്നിവർ പള്ളി സന്ദർശിച്ച് പൊലീസ് ഉദ്യോഗസ്ഥരോട് വിവരങ്ങൾ ആരാഞ്ഞു.

കണ്ണൂര്‍ ടൗണിലെ മുഹ് യദ്ദീന്‍ ജുമാ മസ്ജിദില്‍ അജ്ഞാതര്‍ ചാണകം കൊണ്ടിട്ടത് ഇന്ന് വൈകീട്ട് മൂന്നു മണിയോടെയാണ് സംഭവം. ജുമുഅ ദിവസമായതിനാല്‍ നമസ്‌കാരം കഴിഞ്ഞ് വിശ്വാസികള്‍ പിരിഞ്ഞുപോയിരുന്നു. ഇമാമിന്റെ പ്രസംഗപീഠത്തിനടുത്ത് കാര്‍പറ്റിലാണ് ചാണകം കണ്ടത്. ഒരാളാണ് അതിക്രമത്തിനു പിന്നിലെന്നും മൂന്നു പേര്‍ ബൈക്കിലെത്തിയിരുന്നെന്നും പറയപ്പെടുന്നുണ്ട്. വിശ്വാസികള്‍ അംഗശുദ്ധി വരുത്താന്‍ ഉപയോഗിക്കുന്ന ഹൗള് മലിനമാക്കിയതായും ആരോപണമുണ്ട്.വിവരമറിഞ്ഞ് ഡിഐജി രാഹുല്‍ ആര്‍ നായര്‍, സിറ്റി പോലിസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ, ഡിവൈഎസ്പി ടി കെ രത്‌നാകരന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. അതിക്രമത്തിനു പിന്നില്‍ സാമൂഹികവിരുദ്ധരാണെന്നാണു സംശയം. അംഗശുദ്ധി വരുത്തുന്ന ഹൗളില്‍ കാലിട്ട് കഴുകുന്നത് ശ്രദ്ധയില്‍പ്പെട്ട പള്ളിയിലെ ജീവനക്കാരന്‍ ബഹളം വച്ചപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നതായാണു വിവരം.

തിരക്കേറിയ കണ്ണൂര്‍ മാര്‍ക്കറ്റിനുള്ളിലെ പള്ളിയിലാണ് അതിക്രമം എന്നത് പോലിസ് ഗൗരവത്തോടെയാണ് കാണുന്നത്.വിവരമറിഞ്ഞ് നിരവധി പേര്‍ പള്ളിയിലെത്തിയിരുന്നു. തുടര്‍ന്ന് പള്ളിയിലെ കാര്‍പറ്റും മറ്റും ശുചീകരിച്ചു. മലിനമായതിനെ തുടര്‍ന്ന് മഅ്‌രിബ് നമസ്‌കാരം പള്ളിക്കു പുറത്താണ്നടത്തിയത്.

വിവരമറിഞ്ഞ് കണ്ണൂര്‍ മേയര്‍ ടി ഒ മോഹനന്‍, മുന്‍ ഡെപ്യൂട്ടി മേയറും മുസ് ലിം ലീഗ് നേതാവുമായ സി സമീര്‍, മുസ് ലിംലീഗ് ജില്ലാ സെക്രട്ടറി കെ പി താഹിര്‍, അല്‍ത്താഫ് മാങ്ങാടന്‍, മുസ് ലിഹ് മടത്തില്‍, എസ്ഡിപി ഐ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, ജില്ലാ സെക്രട്ടറി ബി ശംസുദ്ദീന്‍ മൗലവി, കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് പി സി ഷഫീഖ്, മണ്ഡലം സെക്രട്ടറി ഇഖ്ബാല്‍, സി എച്ച് ഫാറൂഖ്, കോണ്‍ഗ്രസ് മുന്‍ കൗണ്‍സിലര്‍ ടി സി താഹ തുടങ്ങിയവര്‍ പള്ളി സന്ദര്‍ശിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/55214/kannur-town-masjid)