---
title: "ഇന്ന് സി എച്ചിന്റെ  തൊണ്ണൂറ്റിയഞ്ചാം  ജന്മവാർഷികം: 'സി എച്ച് പകരക്കാരനില്ലാത്ത അമരക്കാരൻ' -ശാക്കിർ തോട്ടിക്കൽ-"
english_title: "ch muhammed koya"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/55198/ch-muhammed-koya"
published_at: "2022-07-15T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d17c89bb6d9_vac.jpg"
keywords: []
---

# ഇന്ന് സി എച്ചിന്റെ  തൊണ്ണൂറ്റിയഞ്ചാം  ജന്മവാർഷികം: 'സി എച്ച് പകരക്കാരനില്ലാത്ത അമരക്കാരൻ' -ശാക്കിർ തോട്ടിക്കൽ-

> **Lead Summary:** വിസ്മയം നിറഞ്ഞ വ്യക്തിത്വവും ആരെയും ഹഢാദാകര്‍ഷിക്കുന്ന ഭവ്യതയും ഏവരെയും ചിന്താദീപ്തിയിലേക്ക് നയിക്കുന്ന വാഗ്ധോരണിയും സ്നേഹം തുളുമ്പുന്ന പെരുമാറ്റവും ഇഴുകി ചേര്‍ന്ന വ്യക്തിയുടെ പേരാണ് സി.എച്ച് മുഹമ്മദ് കോയ.

## Article Content

വിസ്മയം നിറഞ്ഞ വ്യക്തിത്വവും ആരെയും ഹഢാദാകര്‍ഷിക്കുന്ന ഭവ്യതയും ഏവരെയും ചിന്താദീപ്തിയിലേക്ക് നയിക്കുന്ന വാഗ്ധോരണിയും സ്നേഹം തുളുമ്പുന്ന പെരുമാറ്റവും ഇഴുകി ചേര്‍ന്ന വ്യക്തിയുടെ പേരാണ് സി.എച്ച് മുഹമ്മദ് കോയ.

അറിവിന്‍റ നിറകുടം

ഭാരത മണ്ണിലേക്ക് ചേക്കേറിയ ബ്രിട്ടീഷുകാരന്‍െറയും പോര്‍ച്ചുഗീസുകാരന്‍റയും ക്രൂരതയ്ക്കും പെെശാചികത്വത്തിനും പാത്രമാവേണ്ടി വന്ന സമൂഹത്തിന്‍റ ഉയര്‍ത്തെഴുന്നേല്‍പിന് കാലം കാത്തുവെച്ച ക്രാന്തദര്‍ശിയായിരുന്നു സി.എച്ച്.അജ്ഞതയുടെ അഗാധ ഗര്‍ത്തത്തിലേക്ക് ആപതിച്ചു പോവുമായിരുന്ന സമൂഹത്തെ കെെപിടിച്ചുയര്‍ത്താന്‍ അറിവിന്‍റ നിറകുടങ്ങളും ധിഷണാശാലികളുമായ പണ്ഢിതവരേണ്യരും നിഷ്ക്കാമരും നിസ്വാര്‍ത്ഥരുമായ ഉമറാക്കളും തോളോട് തോള്‍ ചേര്‍ന്ന് അജ്ഞത ഇല്ലായ്മ ചെയ്യാന്‍ മുന്നോട്ട് വന്നപ്പോള്‍ കേരളത്തിന്‍റ മണ്ണില്‍ അവഗണിക്കപ്പെടുമായിരുന്ന സമുദായത്തെ പുനര്‍ വിചിന്തനത്തിന് വിധേയമാക്കി പുരോഗതിയുടെ ഉത്തുംഗ സോപാനത്തിലേക്ക് നടന്നടുക്കാന്‍ പ്രാപ്തരാക്കി.

സി.എച്ച് യുഗം

സി.എച്ച്.മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസ മന്ത്രിയായി കടന്ന് വന്നപ്പോഴാണ് കേരളക്കരയില്‍ മുസ്ലിം സമൂഹത്തിന്‍െറ ഭൗതിക മുഖഛായ മാറിയത്.മഹാനായ ബാഫഖി തങ്ങളുടെയും സി.എച്ചിന്‍െറയും ഐക്യത്തോടെയുള്ള പ്രവര്‍ത്തനം ഒരു സമൂഹത്തിന്‍െറ മുന്നേറ്റത്തിന് ആക്കം കൂട്ടുകയായിരുന്നു. ഗ്രാമ ഗ്രാമാന്തരങ്ങളും നഗര നഗരാന്തരങ്ങളും സന്ദര്‍ശിച്ച് സമൂഹത്തെ ഭൗതിക ജ്ഞാനത്തിന്‍െറ ആവശ്യകതയും മേന്‍മയും വാഗ്ധോരണിയിലൂടെയും സാരോപദേശത്തിലൂടെയും ഗ്രഹിപ്പിച്ചെടുക്കാന്‍ ഭഗീരഥ പ്രയത്നം തന്നെ നടത്തേണ്ടി വന്നു.സമൂഹം അതിന് തയ്യാറായി.

വെള്ളിയാഴ്ച മുസ്ലിം സമുദായത്തിന്‍റ പ്രധാന ദിനമാണ്. പ്രസ്തുത ദിവസം സ്ക്കൂളില്‍ പോകുന്നത് ചിന്തിക്കാന്‍ പറ്റാത്ത, ദീനിന്‍റ ചിഹ്നങ്ങളെ അത്യധികം ബഹുമാനിക്കുന്ന ആ കാലത്ത് അതിനും സി.എച്ച് പ്രതിവിധി കണ്ടെത്തി.ഗവണ്‍മെന്‍റ് സ്ക്കൂളുകളെ ഗവണ്‍മെന്‍റ് മാപ്പിള സ്ക്കൂള്‍ എന്നാക്കി മാറ്റി.

അങ്ങനെയാവുമ്പോള്‍ മുസ്ലിംകളുടെ പ്രധാന ദിനങ്ങള്‍ അവധിയാകും.ആര്‍ക്കും എതിര്‍ക്കാന്‍ പോലും അവസരം കൊടുക്കാതെ സ്വ സമുദായത്തെ ഭൗതിക വിജ്ഞാനത്തിന്‍െറ ലോകത്തേക്ക് കൊണ്ട് വരികയായിരുന്നു സി.എച്ച്‌.

ഫാറൂഖ് കോളേജ്;സമുദായത്തിന്‍റ സ്വന്തം

കേരളത്തെ ഭൗതിക ജ്ഞാന സപര്യയിലേക്ക് വഴി നടത്തിയ ഫാറൂഖ് കോളേജിന്‍െറ ജന്മവും ഈ മഹാമനീഷിയുടെ ദീര്‍ഘ വീക്ഷണത്തിന്‍െറ നിദാനമാണ്.ബാഫഖി തങ്ങളും സി.എച്ചും ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് നാണയത്തുട്ടുകള്‍ ശേഖരിച്ചും മലബാര്‍ ജില്ല മുസ്ലിം ലീഗിന്‍െറ കാര്‍ വിറ്റും കിട്ടിയ കാശുമായി മദ്രാസില്‍ ചെന്ന് ലക്ഷ്മണ മൂര്‍ത്തിയെ കണ്ട് സര്‍വേയുണ്ടാക്കി വിരിഞ്ഞ സൗഗന്ധികമാണ് ഫാറൂഖ് കോളേജ്

കാലിക്കറ്റ് യൂണിവേഴ്സിറ്റി;ജ്ഞാന ഗോപുരം

വെെജ്ഞാനിക രംഗത്ത് അഭൂത പൂര്‍വമായ ചലനം ഉണ്ടായത് സി.എച്ചിന്‍െറ കാലത്ത് തന്നെയാണ്.അതില്‍ പ്രധാനപ്പെട്ടത് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഉദയമാണ്.ജ്ഞാന ഗോപുരമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി വിജ്ഞാന കുതുകികളെ കൊണ്ട് നിറഞ്ഞ് കാണുമ്പോള്‍ ആ മഹാ മനുഷ്യനോടുള്ള കടപ്പാട് ഏറി വരികയാണ്.

മലപ്പുറം ജില്ലയുടെ ഉദയം

മലപ്പുറം ജില്ലയെന്ന ആശയം ആദ്യമായി മുന്നോട്ട് വെച്ചത് 1965 ല്‍ മങ്കട നിയോജക മണ്ഡലത്തില്‍ നിന്നും വിജയിച്ച ആലങ്കോട് അബ്ദുല്‍ മജീദാണ്.പിന്നീട് ബാപ്പു കുരിക്കളും ശബ്ദമുയര്‍ത്തി.എങ്കിലും മലപ്പുറം ജില്ല സാക്ഷാത്കൃതമായത് സി.എച്ചിന്‍െറ നിശ്ചയദാര്‍ഢ്യമായിരുന്നു.

കെ.കേളപ്പന്‍ എതിര്‍ത്തെങ്കിലും തന്‍െറ അസാമാന്യമായ വാക്ശരത്തിന് മുമ്പില്‍ പിടിച്ച് നില്‍ക്കാന്‍ അദ്ദേഹത്തിന് കഴിയാതെ പോയി.മലപ്പുറം ജില്ല രൂപീകൃതമായി.14 ഹെെസ്ക്കൂളുകള്‍ മാത്രമുണ്ടായിരുന്ന ജില്ലയില്‍ ഇന്ന് 250 ലധികം ഹെെസ്ക്കൂളുകള്‍ അനുവദിക്കപ്പെട്ടു എന്നറിയുമ്പോള്‍ സമുദായത്തിന്‍െറ വിദ്യാഭ്യാസ പുരോഗതിക്ക് സി.എച്ച് വഹിച്ച പങ്ക് എത്ര വലുതാണെന്ന് മനസിലാക്കാന്‍ കഴിയും.

മറക്കാനാവില്ല സി.എച്ചിനെ

സ്വന്തം സമൂഹത്തിന് വേണ്ടിയും വിശ്വാസപ്രമാണങ്ങൾക്ക് വേണ്ടിയും നിസ്വാർത്ഥമായിട്ടായിരുന്നു സിഎച്ചിന്റെ പ്രവർത്തനം. ഭൗതിക നേട്ടങ്ങൾക്കപ്പുറത്തു മനുഷ്യരെ കുറിച്ച് വിശാലവും അർത്ഥപൂർണവുമായ വ്യക്തമായ കാഴ്ചപ്പാടുകൾ അദ്ധേഹത്തിന് ഉണ്ടായിരുന്നു.

ഇതര രാഷ്ട്രീയക്കാരിൽ നിന്നും സി.എച്ചിനെ വ്യതിരിക്തനാക്കിയതും ഒരു പരിധി വരെ ഈ ഘടകങ്ങൾ തന്നെ. സ്വന്തം ആരോഗ്യമോ കുടുംബമോ നോക്കാതെ സമൂഹത്തിന് വേണ്ടി ജീവിച്ച് അസ്തമിച്ച സി. എച്ചിനെ പോലുള്ള ത്യാഗീവര്യന്മാർ ഇന്നിന്റെ അനിവാര്യതയാണ്. സാമൂഹികമായും വിദ്യാഭ്യാസപരമായും ചരിത്രപരമായ കാരണങ്ങളാൽ ഏറെ പിന്നോക്കം തള്ളപ്പെട്ടു പോയ ഒരു സമുദായത്തിന്റെ പുരോഗതിക്ക് വേണ്ടി ശ്രമിക്കുന്നത് ഒരിക്കലും ഒരു വർഗീയമായി കണ്ടില്ല.

മാത്രവുമല്ല തികച്ചും ദേശീയമായ ഒരു ദൗത്യമായാണ് സി.എച്ച് അതിനെ തന്റെ കർമമണ്ഡലത്തിലൂടെ കാണിച്ച് തന്നത്. കിട്ടിയ വേദികളിലെല്ലാം വിദ്യാഭ്യാസത്തിന്റെ ആവശ്യകത അദ്ദേഹം ഓർമപ്പെടുത്തി. സ്ത്രീ വിദ്യാഭ്യാസത്തിന്റെ ഏറ്റവും വലിയ വക്താവും അദ്ദേഹമായിരുന്നു. ''മുസ്ലിം സമുദായത്തിന് ബുദ്ധിപരമായ നേതൃത്വമാണ് വേണ്ടത്. നേതാവ് സമുദായത്തിന്റെ ദാസനാകണം. എന്നാൽ സമുദായത്തിൽ ധാരാളം മേസ്തിരിമാരാണ് ഇന്നുള്ളത്.മറ്റുള്ളവർ ചെയ്യുന്നുണ്ടോ എന്ന് അന്വേഷിച്ച് നടക്കലാണ് ഇവരുടെ ജോലി.ഇത്തരം മേസ്തിരിമാരല്ല നമുക്ക് വേണ്ടത്.

സമുദായം വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും മതപരമായും ഉയരാൻ എന്തെല്ലാം ആവശ്യമാണോ അതെല്ലാം ചെയ്യണം. അതിന് വേണ്ടി ഉലമാക്കളും ഉമറാക്കളും ബുദ്ധിജീവികളും ഉണർന്ന് പ്രവർത്തിക്കേണ്ടിയിരിക്കുന്നു. സമയം ഇപ്പോൾ തന്നെ വൈകി. ഇനി നമുക്ക് കാത്തിരിക്കാൻ നേരമില്ല.മുസ്ലിംകൾ പിന്നോക്കക്കാരായി മുദ്ര കുത്തിക്കഴിയുന്ന വിരോധാഭാസമാണ് കാണുന്നത്. വിദ്യാഭ്യാസത്തെ ആത്മീയമെന്നും ഭൗതികമെന്നും വേർതിരിച്ചു നിർത്തിയത് ആരാണെന്നു എനിക്കറിയില്ല.

കാലത്തിനൊത്ത വിദ്യാഭ്യാസം മുസ്ലിംകൾ നേടണം. ശാസ്ത്രീയമായ രംഗത്ത് കൂടുതൽ ഉൽസുകരാകണം. ഒന്നുമില്ലെങ്കിലും ഞാൻ മീൻ വിറ്റ് ജീവിച്ചോളാം എന്ന മനോഭാവം മാറണം. മത്സ്യം പിടിക്കുന്നത് കൂടി ഇന്ന് ശാസ്ത്രീയമായ മാർഗത്തിലാണ്.', -സി.എച്ച് ചൂണ്ടിക്കാട്ടി. സി.എച്ച് കടന്നുപോയ കർമപഥങ്ങൾ ഏറെയാണ്. അത് രാഷ്ട്രീയത്തിന്റെതായാലും സാമൂഹിക നവോത്ഥാനത്തിന്റെതായാലും ഭരണ കർത്താവിന്റെതായാലും പത്രപ്രവർത്തകന്റെതായാലും അവിടെയൊക്കെ സി.എച്ച് എന്ന രണ്ടക്ഷരം മായാമുദ്ര പതിപ്പിച്ചു.

എല്ലാ പ്രതിസന്ധിഘട്ടങ്ങളെയും തന്റെ കൂർമബുദ്ധിയിലൂടെ അനായാസേന തരണം ചെയ്ത രാഷ്ട്രീയ തന്ത്രജ്ഞൻ ആയിരുന്നു അദ്ദേഹം. തന്റെ സമുദായത്തിന്റെ ഏറ്റവും പിന്നോക്കമായ അവസ്ഥയ്ക്ക് കാരണം വിദ്യാഭ്യാസപരമായ അപചയമാണെന്ന് സി.എച്ച് കണ്ടറിഞ്ഞു. സമുദായത്തെ വിദ്യാഭ്യാസപരമായ ഉന്നതങ്ങളിലേക്ക് ഉയർത്തുന്ന ശ്രമങ്ങളിൽ തന്റെ പ്രസ്ഥാനത്തോടൊപ്പം അദ്ദേഹം മുഴുകി.

ആ ശ്രമങ്ങളാവട്ടെ ഒന്നിനൊന്ന് വിജയങ്ങളായി പരിണമിക്കുകയും ചെയ്തുവെന്ന് കാലം തെളിയിക്കുന്നു. ഒഴുക്കിനെതിരെ നീന്തിയാണ് വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളിലെല്ലാം സി.എച്ച് വരും തലമുറയ്ക്ക് വേണ്ടി ഈ നേട്ടങ്ങളെല്ലാം വിതച്ചെടുത്തത്. സമുദായത്തിന്റെ സാംസ്കാരികവും സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ എല്ലാ തുറകളിലും അത്ഭുതകരമായ വ്യതിയാനമാണ് ഇതര സംസ്ഥാനങ്ങളുമായി തുലനം ചെയ്താൽ സി. എച്ചിന്റെ കൂടി ശ്രമഫലമായി നേടിയെടുക്കാൻ കഴിഞ്ഞത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/55198/ch-muhammed-koya)