---
title: "തളിപ്പറമ്പ്പോലീസ് അരാജകത്വം അവസാനിപ്പിക്കുക : മുസ്ലിം യൂത്ത് ലീഗ്"
english_title: "Muslim league thalipparamb "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/54789/muslim-league-thalipparamb"
published_at: "2022-07-13T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cef8536c45f_muslim-league-flag.jpg.image.845.440-1.jpg"
keywords: []
---

# തളിപ്പറമ്പ്പോലീസ് അരാജകത്വം അവസാനിപ്പിക്കുക : മുസ്ലിം യൂത്ത് ലീഗ്

> **Lead Summary:**  **തളിപ്പറമ്പ: **തളിപ്പറമ്പിൽ വച്ച് ഇന്നോവ കാറിനെതിരേ ആക്രമണം നടന്ന സംഭവത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരായ നിരപരാധികളെ കള്ളക്കേസില്‍ കുടുക്കാനുള്ള സിപിഎമ്മിന്റെ ശ്രമങ്ങൾക്ക് പോലീസ് കൂട്ടു നിന്ന് നാട്ടിൽ അരാജകത്വം സൃഷ്ടിക്കുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ്.

## Article Content

 **തളിപ്പറമ്പ: **തളിപ്പറമ്പിൽ വച്ച് ഇന്നോവ കാറിനെതിരേ ആക്രമണം നടന്ന സംഭവത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരായ നിരപരാധികളെ കള്ളക്കേസില്‍ കുടുക്കാനുള്ള സിപിഎമ്മിന്റെ ശ്രമങ്ങൾക്ക് പോലീസ് കൂട്ടു നിന്ന് നാട്ടിൽ അരാജകത്വം സൃഷ്ടിക്കുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ്.

ആക്രമണ സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത പ്രവര്‍ത്തകരെ ഒന്നും രണ്ടും മൂന്നും പ്രതികളാക്കി പോലിസ് എഫ്‌ഐആര്‍ തയ്യാറാക്കിയത് കാറിലുണ്ടായിരുന്നതായി പറയുന്നയാളുടെ മൊഴി അനുസരിച്ചാണെന്നാണ് പോലിസ് പറയുന്നത്. ഇതില്‍ മൂന്നാം പ്രതിയായി ചേര്‍ത്തിരിക്കുന്ന പ്രവര്‍ത്തകന്റെ വീട്ടില്‍ സംഭവ ദിവസം പുലര്‍ച്ചെ മൂന്നു മണിക്ക് ഇരുപതോളം പോലിസുകാരെത്തി ഭീകരാന്തം സൃഷ്ടിച്ചാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

എന്നാല്‍ സംഭവത്തില്‍ പങ്കില്ലെന്നും ആക്രമണം നടന്നതായി എഫ്‌ഐആറില്‍ പറയുന്ന സമയത്ത് താന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചായ കുടിക്കുകയായിരുന്നുവെന്ന് തെളിവ് സഹിതം വ്യക്തമാക്കിയതോടെ അന്ന് രാവിലെ തന്നെ ഇദ്ധേഹത്തെ വിട്ടയക്കാന്‍ പോലീസ് നിര്‍ബന്ധിതരാവുകയായിരുന്നു.

എന്നിട്ടും പോലീസ് തളിപ്പറമ്പ എം.എൽ എയും മന്ത്രിയുമായ ഗോവിന്ദൻ മാസ്റ്ററുടെ നിർദ്ദേശ പ്രകാരം ഇപ്പോഴും മുസ്‌ലിങ്ങളുടെ പവിത്രമായ പെരുന്നാൾ ദിവസം പോലും നിരപരാധികളായ യൂത്ത് ലീഗ് പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ് നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. ഭീകരവാദ-ഗുണ്ടാ പ്രതികളെ അറസ്റ്റ് ചെയ്യുന്നത് പോലെ റാപ്പിഡ് ആക്ഷൻ ഫോഴ്സടക്കമുള്ളവർ നാലഞ്ച് വാഹനങ്ങളിലായി വന്നാണ് ഭീഷണിപ്പെടുത്തുന്നത്.

തളിപ്പറമ്പിലെ വഖഫ് സംരക്ഷണവുമായി ബന്ധപ്പെട്ട് നടക്കുന്ന അനാവശ്യ ചർച്ചകളുടെ അടിസ്ഥാനത്തിൽ മന്ത്രിയും സി.പി.എം നേതാക്കളും രാഷ്ട്രീയ ലാഭം കൊയ്യാൻ പറ്റുമോ എന്നുള്ള ഗൂഢാലോചനയുടെ ഭാഗമാണ് പോലീസിനെ ഉപയോഗിച്ചുള്ള ഈ നര നായാട്ട്. അക്രമിക്കപ്പെട്ടുവെന്ന് പറയുന്ന വ്യക്തി നേരിട്ട് കണ്ടുവെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പോലിസ് വധശ്രമത്തിന് എഫ്‌ഐആറില്‍ പേരെടുത്ത് പറഞ്ഞിരിക്കുന്നവരില്‍ ഒരാളാണ് ആക്രമണം നടക്കുന്ന സമയത്ത് മറ്റൊരു സ്ഥലത്തായിരുന്നുവെന്ന് പകല്‍ പോലെ തെളിയിക്കപ്പെട്ടിരി ക്കുന്നത്.

മുസ്ലിം യൂത്ത് ലീഗിന്റെ സജീവ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി വേട്ടയാടാനുള്ള സിപിഎമ്മിന്റെയും തല്‍പര കക്ഷികളുടെയും ശ്രമമാണ് ഇതോടെ പാളിയത്. സിപിഎം നേതാക്കളുടെ ഒത്താശയോടെ അവര്‍ പറയുന്ന നിരപരാധികളെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമം പോലിസ് തുടരുന്ന പക്ഷം ശക്തമായ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാന്‍ മുസ്ലിം യൂത്ത് ലീഗ് നിര്‍ബന്ധിതരാകും.

കേസിലെ എഫ്‌ഐആറില്‍ പേര് ചേര്‍ത്തിരിക്കുന്ന മൂന്നു പേരും നിരപരാധികളാണെന്നതിന് തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അവര്‍ക്കെതിരായ കേസുകള്‍ ഒഴിവാക്കാൻ പോലീസ് തയ്യാറാവണം. തളിപ്പറമ്പിൽ വൈറ്റ് ഗാർഡ് മണ്ഡലം ക്യാപ്റ്റൻ സി.മുഹമ്മദ് അഷ്റഫിന്റെ ബൈക്ക് വീട്ടുമുറ്റത്ത് വച്ച് കത്തിച്ചിട്ട് മാസങ്ങളായി ഇതുവരെയും ഒരു പ്രതിയെ പോലും പിടിച്ചിട്ടില്ല പോലീസ് നിസ്സാര വകുപ്പ് ചേർത്താണ് കേസടുത്തത്.

വീടിനുൾപ്പെടെ കേട് പാട് പറ്റിയിട്ടും രാത്രി ബൈക്ക് കത്തുന്ന ശബ്ദം കേട്ട് ഉണർന്നില്ലായിരുന്നെങ്കിൽ വീടുൾപ്പെടെ അഗ്നിക്കിരയാവുമായിന്നു. അത് പോലെ കുറ്റിക്കൂലിലുള്ള മുസ്‌ലിം ലീഗ് ഓഫീസ് തീവച്ച് നശിപ്പിച്ച സംഭവത്തിൽ അന്വേഷണം നടത്താനോ പ്രതികളെ പിടിക്കാനോ പോലീസ് തയ്യാറാവുന്നില്ല. എന്നാൽ കള്ളകേസിൽ ഉൾപ്പെടുത്തി യൂത്ത് ലീഗ് പ്രവർത്തകരുടെ വീടുകളിൽ പോലീസ് നടത്തുന്നത് ഭീകരാന്തീരക്ഷമാണ്.

ഇത് അവസാനിപ്പിക്കുന്നില്ലെങ്കിൽ ജനകീയ പ്രക്ഷോഭത്തിന് യൂത്ത് ലീഗ് തയ്യാറാവുമെന്നും പോലീസ് സ്റ്റേഷൻ മാർച്ചുൾപ്പെടെ യുള്ള സമര പരിപാടി കൾക്ക് നേതൃത്വം നൽകുമെന്നും യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/54789/muslim-league-thalipparamb)