---
title: "അറവിനായി കൊണ്ടു പോകുന്നതിനിടയിൽ പോത്ത് വിരണ്ടോടി കിണറ്റിൽ വീണു : തളിപ്പറമ്പ് അഗ്നിശമനസേന രക്ഷപ്പെടുത്തി"
english_title: "buffalo slipped into the well "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/54654/buffalo-slipped-into-the-well"
published_at: "2022-07-13T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ce64c2cc944_Untitled-2-web.jpg"
keywords: []
---

# അറവിനായി കൊണ്ടു പോകുന്നതിനിടയിൽ പോത്ത് വിരണ്ടോടി കിണറ്റിൽ വീണു : തളിപ്പറമ്പ് അഗ്നിശമനസേന രക്ഷപ്പെടുത്തി

> **Lead Summary:** **തളിപ്പറമ്പ്:** അറവിനായി കൊണ്ടു പോകുന്നതിനിടയിൽ വിരണ്ടോടി കിണറിൽ വീണ പോത്തിനെ അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. തളിപ്പറമ്പ് ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ സി പി രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമാസക്തമായ പോത്തിനെ സാഹസികമായി രക്ഷപ്പെടുത്തിയത്.

## Article Content

**തളിപ്പറമ്പ്:** അറവിനായി കൊണ്ടു പോകുന്നതിനിടയിൽ വിരണ്ടോടി കിണറിൽ വീണ പോത്തിനെ അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. തളിപ്പറമ്പ് ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ സി പി രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമാസക്തമായ പോത്തിനെ സാഹസികമായി രക്ഷപ്പെടുത്തിയത്.

തളിപ്പറമ്പ കൊയ്യം മേനോൻമൊട്ട പെരുന്തലേരിയിലാണ് സംഭവം നടന്നത്. വളക്കൈയിൽ നിന്നും വിരണ്ടോടിയ രണ്ടര ക്വിന്റൽ ഭാരമുള്ള പോത്താണ് മേനോൻമൊട്ട എ കെ ലക്ഷ്മി എന്നിവരുടെ ഏകദേശം 25 അടി താഴ്ചയും അതിൽ 10 അടി നീളമുള്ള ആൾമറയില്ലാത്ത പഴയകിണറിൽ അകപ്പെട്ടത്.

വിവരമറിയിച്ചതിനെത്തുടർന്ന് തളിപ്പറമ്പ് സ്റ്റേഷൻ ഓഫീസർ സി പി രാജേഷിന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം സംഭവസ്ഥലത്തെത്തി. കിണറിൽ ഇറങ്ങിയെങ്കിലും പോത്തിന്റെ പരാക്രമം കാരണം കിണറിനകത്തു നിന്നുകൊണ്ട് അതിനെ ബന്ധിക്കാൻ സാധിച്ചില്ല .

പിന്നീട് സേനാംഗങ്ങൾ മുകളിൽ നിന്നുകൊണ്ടു തന്നെ ഏറെ നേരം പണിപ്പെട്ട് സാഹസികമായി പോത്തിനെ ബന്ധിക്കുകയും പുറത്തെത്തിക്കുകയുമായിരുന്നു. കരയ്ക്ക് എത്തിച്ചശേഷം പോത്തിന്റെ ഉടമസ്ഥനായ വളക്കൈ ചോലക്കുണ്ടത്തെ കെ പി ഹൗസിൽ കെ പി മുഹമ്മദ് ബഷീറിനെ ഏൽപ്പിച്ചു.

അറവുശാല നടത്തിപ്പുകാരുടെ ചട്ട ലംഘനങ്ങൾക്ക് ഇത്തരത്തിൽ അഗ്നിശമനസേനയുടെ വലിയ ക്രയശേഷിയും, സർക്കാറിന്റെ പണവുമാണ് ചെലവഴിക്കപ്പെടുന്നത്. സേനാംഗങ്ങൾ ആയ ടിവി പ്രകാശൻ, ടിവി രജീഷ് കുമാർ, ശ്രീകാന്ത് പവിത്രൻ, പി വി ഗിരീഷ്, വി ആർ നന്ദഗോപാൽ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/54654/buffalo-slipped-into-the-well)