---
title: "തളിപ്പറമ്പിലെ പാർക്കിംഗ് പരിഷ്കരണത്തിൽ പ്രതിഷേധവുമായി വ്യാപാരികൾ; പോലീസിനെതിരെ  ശക്തമായ സമരമാർഗം സ്വീകരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി"
english_title: "parking issue in thalipparamb"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/54422/parking-issue-in-thalipparamb"
published_at: "2022-07-12T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cd1aad83a5b_IMG-20220712-WA0024.jpg"
keywords: []
---

# തളിപ്പറമ്പിലെ പാർക്കിംഗ് പരിഷ്കരണത്തിൽ പ്രതിഷേധവുമായി വ്യാപാരികൾ; പോലീസിനെതിരെ  ശക്തമായ സമരമാർഗം സ്വീകരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് ടൗണിലെ പാര്‍ക്കിംഗ് പരിഷ്‌ക്കരണത്തില്‍ പ്രതിഷേധാവുമായി വ്യാപാരികള്‍. മെയിന്‍ റോഡില്‍ കേരള സ്റ്റോര്‍, കുഞ്ഞിമൂസാന്‍ ജംഗ്ഷന്‍ മുതല്‍ മൂത്തേടത്ത് ഹൈസ്‌ക്കൂള്‍ വരെയുള്ള റോഡില്‍ പോലീസ് നടപ്പിലാക്കിയ പാര്‍ക്കിങ്ങ് പരിഷ്‌ക്കാരം വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ ദ്രോഹമായി തീരുന്നതായാണ് വ്യാപാരികളുടെ പരാതി.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് ടൗണിലെ പാര്‍ക്കിംഗ് പരിഷ്‌ക്കരണത്തില്‍ പ്രതിഷേധാവുമായി വ്യാപാരികള്‍. മെയിന്‍ റോഡില്‍ കേരള സ്റ്റോര്‍, കുഞ്ഞിമൂസാന്‍ ജംഗ്ഷന്‍ മുതല്‍ മൂത്തേടത്ത് ഹൈസ്‌ക്കൂള്‍ വരെയുള്ള റോഡില്‍ പോലീസ് നടപ്പിലാക്കിയ പാര്‍ക്കിങ്ങ് പരിഷ്‌ക്കാരം വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ ദ്രോഹമായി തീരുന്നതായാണ് വ്യാപാരികളുടെ പരാതി.

മുമ്പ് ഉണ്ടായിരുന്ന പാര്‍ക്കിംഗ് നിയമപ്രകാരം സാധനങ്ങള്‍ വാങ്ങാന്‍ വരുന്ന ഉപഭോക്താക്കള്‍ക്ക് വാഹനം റോഡില്‍ പാര്‍ക്ക് ചെയ്യാന്‍ നിശ്ചിത സമയം അനുവദിച്ചിരുന്നു. എന്നാല്‍ പെട്ടെന്ന് ഒരു ദിവസം പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍നിന്ന് ഫൈന്‍ ഈടാക്കുകയും വണ്ടികള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്യുന്ന ഒരു രീതി പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായി.

ഈ ഭാഗത്ത് ഒറ്റവരിയായി മാത്രമേ ഇപ്പോള്‍ ടൂവീലറുകളുടെ പാര്‍ക്കിങ്ങ് അനുവദിക്കുന്നുള്ളൂ. ഒരു മെഡിക്കല്‍ ഷോപ്പിന് മുന്നിലോ ഹോസ്പിറ്റല്‍ ആവശ്യത്തിനോ പോയാല്‍പോലും ഒറ്റവരി കടന്ന് പാര്‍ക്ക് ചെയ്യുന്ന വാഹനയാത്രികരോട് പിഴയീടാക്കുന്നതായിട്ടാണ് വ്യാപാരികള്‍ പരാതിപ്പെടുന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ആര്‍ ടി ഒ, മുനിസിപ്പല്‍ ചെയര്‍മാന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു യോഗം നടത്തി. ഈ യോഗത്തില്‍ വ്യാപാരികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ അധികാരികള്‍ക്ക് മുന്നില്‍ വ്യക്തമാക്കി.

കഴിഞ്ഞ വിഷു വില്‍പ്പനയെയും ഇക്കഴിഞ്ഞ ബക്രീദ് വില്‍പ്പനയെയും ഈ സമീപനം ബാധിച്ചതായും ഇത് അംഗീകരിക്കാനാവില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ് യൂണിറ്റ് പ്രസിഡന്റ് കെ.എസ്.റിയാസ് പറഞ്ഞു. മുനിസിപ്പാലിറ്റിയും ആര്‍ ടി ഓ യും ട്രാഫിക് ഡിപ്പാര്‍ട്‌മെന്റ് കൂടി ഉണ്ടായിട്ടും പോലീസ് രാജിന് സമാനമായ കടുംപിടിതമാണ് പോലീസിന്റെ ഭാഗത്തു നിന്ന് ഉള്ളതെന്ന് റിയാസ് പറഞ്ഞു.

ഈ രീതി തുടരുകയാണെങ്കില്‍ കടകളടച്ച് വ്യാപാരികള്‍ പ്രത്യക്ഷ സമരത്തിനൊരുങ്ങുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ് പ്രസിഡണ്ട് റിയാസ് തളിപ്പറമ്പ് ന്യൂസിനോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/54422/parking-issue-in-thalipparamb)