---
title: "കീഴാറ്റൂർ വയലിൽ പ്രതീക്ഷിച്ചത് സംഭവിച്ചു കൊണ്ടിരിക്കുന്നു എന്ന് വയൽക്കിളി പ്രവർത്തകർ"
english_title: "keezhattoor vayal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/53567/keezhattoor-vayal"
published_at: "2022-07-07T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c6f2e18ac60_vac.jpg"
keywords: []
---

# കീഴാറ്റൂർ വയലിൽ പ്രതീക്ഷിച്ചത് സംഭവിച്ചു കൊണ്ടിരിക്കുന്നു എന്ന് വയൽക്കിളി പ്രവർത്തകർ

> **Lead Summary:** **തളിപ്പറമ്പ് :** കീഴാറ്റൂർവയലിൽ പ്രതീക്ഷിച്ചത്‌ സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്ന് വയൽക്കിളി പ്രവർത്തകർ. കഴിഞ്ഞ രണ്ടുദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ കീഴാറ്റൂർവയൽ നിറഞ്ഞൊഴുകാൻ തുടങ്ങി.

## Article Content

**തളിപ്പറമ്പ് :** കീഴാറ്റൂർവയലിൽ പ്രതീക്ഷിച്ചത്‌ സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്ന് വയൽക്കിളി പ്രവർത്തകർ. കഴിഞ്ഞ രണ്ടുദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ കീഴാറ്റൂർവയൽ നിറഞ്ഞൊഴുകാൻ തുടങ്ങി.

കലക്കവെള്ളത്തിൽ വയലിൽ ചിലഭാഗങ്ങളിൽ പച്ചപ്പ് ഉയർന്നുകാണാനുണ്ടെങ്കിലും കൂടുതലും വെള്ളം കയറിയിട്ടാണുള്ളത്. കിലോമീറ്ററിലേറെ വരുന്ന വയലിന്റെ നടുഭാഗത്ത് റോഡിനായിട്ട മണ്ണ് കാണാത്തവിധം വെള്ളം കയറിക്കഴിഞ്ഞു. വയലിൽ മൂന്നുമീറ്റർ റോഡ് ഉയർത്തേണ്ടതിന്റെ കാൽഭാഗം പോലും മണ്ണിട്ടിട്ടില്ല.

ഇനിയും മണ്ണിട്ടുയർത്തിയാൽ വയലിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിന് ഒഴുകിപ്പോകാനുള്ള വഴിമുട്ടും. ബൈപ്പാസ് റോഡിലെ കലുങ്കുകളുടെ പോരായ്മ തന്നെയാണ് മുഖ്യപ്രശ്നം. നിർമാണത്തിലുള്ള കലുങ്കുകൾക്ക് ആവശ്യമായ വീതിയോ ആഴമോ ഇല്ലാത്തതും ആക്ഷേപത്തിനിടയാക്കുന്നുണ്ട്.

വെള്ളം ഒഴുകിപ്പോകാൻ പുതുതായി നിർമിച്ച കൈവഴികളൊന്നും ഇപ്പോൾ കാണാനേയില്ല. കാലവർഷം ശക്തമായാൽ പ്രശ്നം ഇതിലും ഗൗരവുമുള്ളതാകുമെന്നാണ് നാട്ടുകാർ പറയുന്നത്. വയലിനുസമീപത്തെ കിണറുകൾ ഉപയോഗശൂന്യമാകുമോയെന്ന ആശങ്കയുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/53567/keezhattoor-vayal)