---
title: "ഇ ടി സി-പൂമംഗലം- പന്നിയൂർ- കാലിക്കടവ്-മടക്കാട് റോഡിന് കിഫ്‌ബി സാമ്പത്തികാനുമതിയായി"
english_title: "road fund"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/53559/road-fund"
published_at: "2022-07-07T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c6eca38fb9d_vac.jpg"
keywords: []
---

# ഇ ടി സി-പൂമംഗലം- പന്നിയൂർ- കാലിക്കടവ്-മടക്കാട് റോഡിന് കിഫ്‌ബി സാമ്പത്തികാനുമതിയായി

> **Lead Summary:** **തളിപ്പറമ്പ്:** തളിപ്പറമ്പ് മണ്ഡലത്തിലെ പ്രധാന റോഡുകളിൽ ഒന്നായ ഇ ടി സി- പൂമംഗലം- പന്നിയൂർ- കാലിക്കടവ്- മടക്കാട് റോഡ് പ്രവൃത്തിക്ക് കിഫ്‌ബി സാമ്പത്തികാനുമതി ലഭ്യമായി. 63.34 കോടി രൂപയുടെ സാമ്പത്തികാനുമതിയാണ് ലഭ്യമായത്.

## Article Content

**തളിപ്പറമ്പ്:** തളിപ്പറമ്പ് മണ്ഡലത്തിലെ പ്രധാന റോഡുകളിൽ ഒന്നായ ഇ ടി സി- പൂമംഗലം- പന്നിയൂർ- കാലിക്കടവ്- മടക്കാട് റോഡ് പ്രവൃത്തിക്ക് കിഫ്‌ബി സാമ്പത്തികാനുമതി ലഭ്യമായി. 63.34 കോടി രൂപയുടെ സാമ്പത്തികാനുമതിയാണ് ലഭ്യമായത്.

തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിൽ ഇടിസിയിൽ നിന്ന് തുടങ്ങി തളിപ്പറമ്പ്-കൂർഗ് റോഡിലെ മടക്കാട് അവസാനിക്കുന്നതാണ് റോഡ് പ്രവൃത്തി. 13.551 കി.മി നീളത്തിലുള്ള റോഡിൽ 7 മീറ്റർ വീതിയിലാണ് ടാറിങ് പ്രവൃത്തി നടക്കുക.

ആവശ്യമുള്ളയിടങ്ങളിൽ ഡ്രൈനേജ്, കൾവേർട്ടുകൾ പുതുക്കി പണിയൽ, പുതിയ കൾവേർട്ട് നിർമ്മാണം, സ്കൂൾ, ടൗൺ ഭാഗങ്ങളിൽ ഫൂട്പാത് എന്നിവ പദ്ധതിയുടെ ഭാഗമായി നിർമിക്കും. റോഡിന് ആവശ്യമായ എല്ലാ സുരക്ഷാ ക്രമീകരണങ്ങളുമൊരുക്കും.

ഡ്രൈനേജ് സ്ഥാപിക്കുന്നതിനോ മറ്റോ സ്ഥലം ആവശ്യമായി വന്നാൽ മതിലുകൾ പൊളിച്ചു മാറ്റുന്ന സാഹചര്യങ്ങളിൽ ഒരേ രീതിയിലുള്ള മതിലുകൾ സ്ഥാപിക്കുന്നതിനും പദ്ധതിയിൽ തുക വകയിരുത്തിയിട്ടുണ്ട്. കേരള വാട്ടർ അതോറിറ്റി, കെ എസ് ഇ ബി യൂട്ടിലിറ്റി ഷിഫ്റ്റിംഗ് ഉൾപ്പെടെയാണ് 63.34 കോടി രൂപയുടെ എസ്റ്റിമേറ്റിന് കിഫ്‌ബി സാമ്പത്തിക അനുമതി നൽകിയത്.

പ്രവൃത്തി നടക്കുന്ന നാഷണൽ ഹൈവേ 66 ബൈപാസ് റോഡുമായും, ചൊറുക്കള-എയർപോർട്ട് റോഡുമായും ബന്ധപ്പെടുത്താനും സമീപ പ്രദേശങ്ങളിലെ സുപ്രധാന റോഡുകളിലെ ഗതാഗതകുരുക്കിന് പരിഹാരമാകാനും പ്രസ്തുത റോഡിന് സാധിക്കും. തളിപ്പറമ്പ് എംഎൽഎയും തദ്ദേശ സ്വയം ഭരണ, എക്സ്സൈസ് വകുപ്പ് മന്ത്രിയുമായ എം വി ഗോവിന്ദൻ മാസ്റ്ററുടെ നിരന്തര ഇടപെടലിന്റെ ഭാഗമായാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്.

ഊരാളുങ്കൽ ലേബർ സൊസൈറ്റി വിശദമായ എസ്റ്റിമേറ്റ് സമർപ്പിക്കുകയും ചെയ്തിരുന്നു. എത്രയും പെട്ടെന്ന് പദ്ധതിക്ക് സാങ്കേതികാനുമതി ലഭ്യമാക്കുകയും മഴ കുറയുന്നതോടുകൂടി റോഡിന്റെ പ്രവൃത്തി ആരംഭിക്കുകയും ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും പദ്ധതി യാഥാർഥ്യമാകുന്നതോടു കൂടി നാടിന്റെ ഗതാഗത മേഖലയിൽ വലിയ മാറ്റമാണ് ഉണ്ടാവുകയെന്നും മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/53559/road-fund)