---
title: "കുറ്റിക്കോൽ ബസ്സപകടം: ഡ്രൈവർ അറസ്റ്റിൽ, മനപ്പൂർവമല്ലാത്ത നരഹത്യ കുറ്റത്തിനും വധശ്രമത്തിനും കേസ്"
english_title: "driver arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/53322/driver-arrested"
published_at: "2022-07-06T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c55adea47fa_news-card.jpg"
keywords: []
---

# കുറ്റിക്കോൽ ബസ്സപകടം: ഡ്രൈവർ അറസ്റ്റിൽ, മനപ്പൂർവമല്ലാത്ത നരഹത്യ കുറ്റത്തിനും വധശ്രമത്തിനും കേസ്

> **Lead Summary:** **തളിപ്പറമ്പ് :** കഴിഞ്ഞ ജൂൺ 29ന് തളിപ്പറമ്പ് കുറ്റിക്കോൽ ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ.

## Article Content

**തളിപ്പറമ്പ് :** കഴിഞ്ഞ ജൂൺ 29ന് തളിപ്പറമ്പ് കുറ്റിക്കോൽ ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ.

മനപ്പൂർവമല്ലാത്ത നരഹത്യ കുറ്റത്തിന് പുറമേ വധശ്രമക്കേസ് കൂടി ഉൾപ്പെടുത്തിയാണ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്. പിലാകുന്നുമ്മൽ ബസ്സിലെ ഡ്രൈവർ വെള്ളരിക്കുണ്ട് മംഗലത്തെ ഇലവുങ്കൽ ഹൗസിൽ ഷിജോ ജോയിയെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവ സ്ഥലം സന്ദർശിച്ച മോട്ടോർ വാഹന വകുപ്പ് അപകടത്തിനിടയാക്കിയത് ഡ്രൈവറുടെ അശ്രദ്ധയാണ് എന്ന നിഗമനത്തിലെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോടതിയിൽ ഹാജരാക്കിയ ഷിജോ ജോയിയെ റിമാൻഡ് ചെയ്തു.

കഴിഞ്ഞ 29ന് വൈകുന്നേരമാണ് കണ്ണൂരിൽ നിന്നും പയ്യന്നൂരിലേക്ക് ഉള്ള യാത്രയ്ക്കിടെ കുറ്റിക്കോലിൽ വെച്ച് റോഡിന് നടുവിൽ ഉള്ള ഓട്ടോയെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്.

ബസിൽ നിന്നും തെറിച്ചുവീണ ജോബിയാ ജോസഫ് ബസ്സിനടിയിൽപ്പെട്ട് മരിക്കുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/53322/driver-arrested)