---
title: "ദേശീയപാതാ വികസനം:  മണ്ണിട്ട് മൂടി നീരോഴുക്ക് തടസ്സപ്പെട്ട വയക്കര തോട്  പരന്നൊഴുകാൻ തുടങ്ങി"
english_title: "highway road work"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/53028/highway-road-work"
published_at: "2022-07-05T09:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c3b981a314f_vac.jpg"
keywords: []
---

# ദേശീയപാതാ വികസനം:  മണ്ണിട്ട് മൂടി നീരോഴുക്ക് തടസ്സപ്പെട്ട വയക്കര തോട്  പരന്നൊഴുകാൻ തുടങ്ങി

> **Lead Summary:** കല്യാശ്ശേരി പഞ്ചായത്തിലെ ഏറ്റവും പ്രധാന ജലസ്രോതസ്സായ പാറക്കടവ് തോടിന്റെ കൈവഴിയായ വയക്കര തോട് ഗതിമുട്ടി പരന്നൊഴുകാൻ തുടങ്ങി. ദേശീയ പത ബൈപാസ് നിർമ്മാണത്തിനിടയിൽ മണ്ണിട്ട് മൂടി നീരൊഴുക്ക് തടസ്സപ്പെട്ട നിലയിലാണ്.

## Article Content

കല്യാശ്ശേരി പഞ്ചായത്തിലെ ഏറ്റവും പ്രധാന ജലസ്രോതസ്സായ പാറക്കടവ് തോടിന്റെ കൈവഴിയായ വയക്കര തോട് ഗതിമുട്ടി പരന്നൊഴുകാൻ തുടങ്ങി. ദേശീയ പത ബൈപാസ് നിർമ്മാണത്തിനിടയിൽ മണ്ണിട്ട് മൂടി നീരൊഴുക്ക് തടസ്സപ്പെട്ട നിലയിലാണ്.

തോട്ടിലെ വെള്ളം നിലവിൽ തോട് കവിഞ്ഞ് സമീപ വയലുകളിലൂടെ പരന്നൊഴുകുകയാണ്. എന്നാൽ മഴ ഇടതടവില്ലാതെ ശക്തി പ്രാപിച്ചാൽ വയലുകൾ വെള്ളക്കെട്ടിലാകും.

പഞ്ചായത്തിന്റെ സുപ്രധാന പാടശേഖരമായ മംഗലശ്ശേരി താവയുടെ നിലനില്പ് തന്നെ പാറക്കടവ് തോടിനെ ആശ്രയിച്ചാണ്. ഈ തോട്ടിലേക്ക് ചേരുന്ന വയക്കര തോടും, കീച്ചേരി തോടും. മഴയുടെ ശക്തി കുറഞ്ഞതാണ് നിലവിൽ കർഷക സമൂഹത്തിന് ആശ്വാസം പകരുന്നത്.

കല്യാശേരിയുടെ കിഴക്കൻ ഭാഗങ്ങളിലും പാപ്പിനിശ്ശേരി പഞ്ചായത്തിന്റെ വടക്കും, ആന്തൂർ നഗരസഭയുടെ പടിഞ്ഞാറും ഭാഗത്തുള്ള നെൽകൃഷിയെ വളരെയധികം സ്വാധീനിക്കുന്ന തോടാണ് നിലവിൽ ഗതി മുട്ടി നിൽക്കുന്നത്.

ശക്തമായ മഴ തുടങ്ങിയാൽ ഈ മേഖലയിൽ തോടിന്റെ നീരൊഴുക്ക് തടസ്സപ്പെട്ടതിനാൽ വെള്ളക്കെട്ട് രൂക്ഷമാകുമെന്നാണ് ഭയപ്പെടുന്നത്. ഒന്നാം വിളയുടെ ഞാറ് നടീൽ ഇപ്പോൾ വ്യാപകമായി തുടങ്ങിയതിനാൽ വെള്ള ക്കെട്ട് ഉണ്ടായാൽ അത് ഒന്നാം വിള നെൽകൃഷിയെ സാരമായി ബാധിക്കും.

കാലവർഷത്തിന് മുന്നോടിയായി മംഗലശ്ശേരി താവ വഴി കടന്നു പോകുന്ന തോടുകളുടെ നീരൊഴുക്ക് സുഗമമാക്കണമെന്ന് കർഷക സമൂഹം നിരന്തരം ആവശ്യപ്പെട്ടിരുന്നു. അതിന്റെ ഭാഗമായി ആവശ്യമായ കലുങ്ക് നിർമ്മിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ കലുങ്ക് നിർമ്മാണം പാതിവഴിയിൽ മുടങ്ങി നിൽക്കുകയാണ്.

ഇതോടൊപ്പം തൊട് ഒഴുകുന്ന വഴി ഇപ്പോഴും മണ്ണിട്ട് മൂടിയ നിലയിലും ആണ്. നിലവിൽ തോടിന്റെ നീരൊഴുക്ക് സുഗമമാക്കാൻ ഒരു നടപടിയും സ്വീകരിക്കാത്തവസ്ഥയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/53028/highway-road-work)