---
title: "നിരപരാധികളെ വേട്ടയാടാനുള്ള സിപിഎമ്മിന്റെ  ശ്രമം ജനങ്ങൾ തിരിച്ചറിയുക : മുസ്ലിം യൂത്ത് ലീഗ് "
english_title: "Muslim Youth League"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/52927/muslim-youth-league"
published_at: "2022-07-04T17:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c2daa918910_vac.jpg"
keywords: []
---

# നിരപരാധികളെ വേട്ടയാടാനുള്ള സിപിഎമ്മിന്റെ  ശ്രമം ജനങ്ങൾ തിരിച്ചറിയുക : മുസ്ലിം യൂത്ത് ലീഗ് 

> **Lead Summary:** **തളിപ്പറമ്പ: **കഴിഞ്ഞ ദിവസം രാജരാജേശ്വര ക്ഷേത്ര റോഡിൽ വച്ച് ഇന്നോവ കാറിനെതിരേ ആക്രമണം നടന്ന സംഭവത്തില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരായ നിരപരാധികളെ കള്ളക്കേസില്‍ കുടുക്കാനുള്ള സിപിഎമ്മിന്റെ ശ്രമം ജനങ്ങള്‍ തിരിച്ചറിയണമെന്ന് മുസ്ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

## Article Content

**തളിപ്പറമ്പ: **കഴിഞ്ഞ ദിവസം രാജരാജേശ്വര ക്ഷേത്ര റോഡിൽ വച്ച് ഇന്നോവ കാറിനെതിരേ ആക്രമണം നടന്ന സംഭവത്തില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരായ നിരപരാധികളെ കള്ളക്കേസില്‍ കുടുക്കാനുള്ള സിപിഎമ്മിന്റെ ശ്രമം ജനങ്ങള്‍ തിരിച്ചറിയണമെന്ന് മുസ്ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

ആക്രമണ സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത പ്രവര്‍ത്തകരെ ഒന്നും രണ്ടും മൂന്നും പ്രതികളാക്കി പോലിസ് എഫ്‌ഐആര്‍ തയ്യാറാക്കിയത് കാറിലുണ്ടായിരുന്നതായി പറയുന്നയാളുടെ മൊഴി അനുസരിച്ചാണെന്നാണ് പോലിസ് പറയുന്നത്.

ഇതില്‍ മൂന്നാം പ്രതിയായി ചേര്‍ത്തിരിക്കുന്ന പ്രവര്‍ത്തകന്റെ വീട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിക്ക് ഇരുപതോളം പോലിസുകാരെത്തി ഭീകരാന്തം സൃഷ്ടിച്ചാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

എന്നാല്‍ സംഭവത്തില്‍ പങ്കില്ലെന്നും ആക്രമണം നടന്നതായി എഫ്‌ഐആറില്‍ പറയുന്ന സമയത്ത് താന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചായ കുടിക്കുകയായിരുന്നുവെന്ന് തെളിവ് സഹിതം വ്യക്തമാക്കിയതോടെ ഞായറാഴ്ച രാവിലെ തന്നെ ഇദ്ധേഹത്തെ വിട്ടയക്കാന്‍ പോലീസ് നിര്‍ബന്ധികരാവുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ സിപിഎം അനുഭാവികള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് പോലിസിന് ലഭിച്ച മൊഴിയും സിസിടിവി ദൃശ്യങ്ങളുമാണ് സിപിഎം-പോലിസ് കള്ളക്കളി പൊളിച്ചത്.

അക്രമിക്കപ്പെട്ടുവെന്ന് പറയുന്ന വ്യക്തി നേരിട്ട് കണ്ടുവെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പോലിസ് വധശ്രമത്തിന് എഫ്‌ഐആറില്‍ പേരെടുത്ത് പറഞ്ഞിരിക്കുന്നവരില്‍ ഒരാളാണ് ആക്രമണം നടക്കുന്ന സമയത്ത് മറ്റൊരു സ്ഥലത്തായിരുന്നുവെന്ന് പകല്‍ പോലെ തെളിയിക്കപ്പെട്ടിരിക്കുന്നത്.

മുസ്ലിം യൂത്ത് ലീഗിന്റെ സജീവ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി വേട്ടയാടാനുള്ള സിപിഎമ്മിന്റെയും തല്‍പര കക്ഷികളുടെയും ശ്രമമാണ് ഇതോടെ പാളിയത്. എഫ്‌ഐആറില്‍ പേര് ചേര്‍ത്തിരിക്കുന്ന മറ്റ് രണ്ടു പേരുടെ സ്ഥിതിയും മറിച്ചല്ല.

ഇവരില്‍ ഒന്നാം പ്രതിയായി ചേര്‍ത്തിരിക്കുന്ന യൂത്ത് ലീഗ് പ്രവർത്തകൻ വൈകിട്ട് എട്ട് മണി മുതല്‍ സംഭവം നടക്കുന്ന സമയത്തെല്ലാം മന്നയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഉണ്ടായിരുന്നു. പ്രദേശത്തെ സിസിടിവി കാമറകള്‍ പരിശോധിച്ചാല്‍ ഇത് മനസ്സിലാവും. ഇതിന്റെ ദൃശ്യങ്ങള്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ കൈവശമുണ്ട്.

മൂന്നാം പ്രതിയായി ചേര്‍ത്തിരിക്കുന്ന പ്രവർത്തകൻ സംഭവം നടക്കുന്ന ശനിയാഴ്ച രാത്രി ഭാര്യവീട്ടിലായിരുന്നു ഉണ്ടായിരുന്നത്. അക്രമിക്കപ്പെട്ടുവെന്ന് പറയുന്നയാൾ, തന്നെ വടിവാള്‍ കൊണ്ട് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചുവെന്നൊക്കെ പേരെടുത്ത് പറയുന്ന ആളുകളുടെ കാര്യമാണിത്.

നിരപരാധികളായ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരെ മനപ്പൂര്‍വ്വം ലക്ഷ്യമിട്ടുകൊണ്ടുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇതെന്നതിന് കൂടുതല്‍ തെളിവുകള്‍ ആവശ്യമില്ല.

സിപിഎം നേതാക്കളുടെ ഒത്താശയോടെ അവര്‍ പറയുന്ന നിരപരാധികളെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമം പോലിസ് തുടരുന്ന പക്ഷം ശക്തമായ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാന്‍ മുസ്ലിം യൂത്ത് ലീഗ് നിര്‍ബന്ധിതരാകും. കേസിലെ എഫ്‌ഐആറില്‍ പേര് ചേര്‍ത്തിരിക്കുന്ന മൂന്നു പേരും നിരപരാധികളാണെന്നതിന് തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അവര്‍ക്കെതിരായ കേസുകള്‍ ഒഴിവാക്കാൻ പോലീസ് തയ്യാറാവണം.

ആക്ടിങ്ങ് പ്രസിഡണ്ട് കെ.പി നൗഷാദി ൻ്റെ അദ്ധ്യക്ഷതയിൽ മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ല ജനറൽ സിക്രട്ടറി പി.സി നസീർ ഉദ്ഘാടനം ചെയ്തു. എൻ.യു.ഷഫീഖ് മാസ്റ്റർ, ഓലിയൻ ജാഫർ' റഷീദ് പുളിമ്പറമ്പ, മുനീർ ജെൻസ്, ഹനീഫ മദ്രസ, മുസ്തഫ കുറ്റിക്കൂൽ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഉസ്മാൻ കൊമ്മച്ചി സ്വാഗതവും അഷ്റഫ് ബപ്പു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/52927/muslim-youth-league)