---
title: "കല്ലിങ്കീൽ പത്മനാഭൻ തളിപ്പറമ്പ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ സ്ഥാനം രാജിവെച്ചു."
english_title: "Kallingeel Padmanabhan resigns as Taliparamba Service Co-operative Bank president"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/5290/kallingeel-padmanabhan-resigns-as-taliparamba-service-co-operative-bank-president"
published_at: "2021-10-15T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61692280c2ce4_7fd294cf-f853-4ea2-a9ff-12cafccbd6eb.jpg"
keywords: []
---

# കല്ലിങ്കീൽ പത്മനാഭൻ തളിപ്പറമ്പ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ സ്ഥാനം രാജിവെച്ചു.

> **Lead Summary:** **തളിപ്പറമ്പ്: **കല്ലിങ്കീല്‍ പത്മനാഭന്‍ തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു.

## Article Content

**തളിപ്പറമ്പ്: **കല്ലിങ്കീല്‍ പത്മനാഭന്‍ തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 9 ന് കല്ലിങ്കീലിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. തന്നെ ഒരു വിഭാഗം കോണ്‍ഗ്രസുകാരും വിവരാവകാശ മാഫിയയില്‍ പെട്ട ചിലരും നിരന്തരം വേട്ടയാടിയതായി കല്ലിങ്കീല്‍ ആരോപിച്ചു.

ബാങ്കില്‍ ഒരു കോടിയിലേറെ രൂപയുടെ അഴിമതി നടന്നുവെന്നും നിയമനങ്ങളില്‍ ക്രമക്കേട് നടന്നുവെന്നുമുള്ള എതിരാളികളുടെ ആരോപണങ്ങളില്‍ ഒരു വിധത്തിലുള്ള സത്യവുമില്ലെന്നും ഇക്കാര്യം ഒക്ടോബര്‍ 11 ന് സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ ബാങ്കില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞതാണെന്നും കല്ലിങ്കീല്‍ പറഞ്ഞു.

ഡി.സി.സി.പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജും മുന്‍ പ്രസിഡന്റ് സതീശന്‍ പാച്ചേനിയും 9 ന് കണ്ണൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബാങ്കിനെതിരെ അഴിമതി ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അസി.രജിസ്ട്രാര്‍ പി.പി.സുനിലന്റെ നേതൃത്വത്തില്‍ സഹകരണ വകുപ്പ് ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ബാങ്കില്‍ പരിശോധന നടത്തിയത്.

ഈ പരിശോധനയില്‍ ഒരു വിധത്തിലുള്ള ക്രമക്കേടുകളും കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കിയെന്നും കല്ലിങ്കീല്‍ പത്മനാഭന്‍ പറഞ്ഞു. തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ കൂടിയായ കല്ലിങ്കീല്‍ പത്മനാഭനെ ആ സ്ഥാനത്ത് നിന്നുകൂടി നീക്കംചെയ്യാന്‍ യു.ഡി.എഫ് അവിശ്വാസപ്രമേയത്തിന് നീക്കം തുടരുന്നതിനിടയിലാണ് പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള രാജി പ്രഖ്യാപനം.

മാസങ്ങളായി തുടര്‍ന്നുവരുന്ന വാക്തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ശേഷമാണ് പ്രസിഡന്റ് സ്ഥാനം ഒഴിയുന്നത്, എന്നാല്‍ ഡയരക്ടര്‍ സ്ഥാനത്ത് തുടരുമെന്ന് കല്ലിങ്കീല്‍ പറഞ്ഞു.

കഴിഞ്ഞ 18 വര്‍ഷമായി തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റാണ് കല്ലിങ്കീല്‍ പത്മനാഭന്‍.  തന്റെ ശരീരത്തിലൂടെ ഓടുന്നത് കോണ്‍ഗ്രസ് രക്തമാണെന്നും ഒരു കോണ്‍ഗ്രസുകാരനായി തന്നെ തുടരുമെന്നും കല്ലിങ്കീല്‍ പത്മനാഭന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/5290/kallingeel-padmanabhan-resigns-as-taliparamba-service-co-operative-bank-president)