---
title: "വെള്ളമില്ല : കണ്ണൂർ മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ പ്രിൻസിപ്പാൾ ഓഫീസിനുമുന്നിൽ ബക്കറ്റുമായി സത്യാഗ്രഹമിരുന്നു"
english_title: "protest of medical students"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/51927/protest-of-medical-students"
published_at: "2022-06-29T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bc6593d34a3_vac.jpg"
keywords: []
---

# വെള്ളമില്ല : കണ്ണൂർ മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ പ്രിൻസിപ്പാൾ ഓഫീസിനുമുന്നിൽ ബക്കറ്റുമായി സത്യാഗ്രഹമിരുന്നു

> **Lead Summary:** **പരിയാരം:** മഴക്കാലത്തും കുടിക്കാന്‍ വെള്ളമില്ലതെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍. എം.ബി.ബി.എസ്, ബി.ഡി.എസ്, നേഴ്‌സിങ്ങ് - പാരാമെഡിക്കല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന ഹോസ്റ്റൽ വിദ്യാര്‍ത്ഥികളാണ് വെള്ളം കിട്ടാതെ ദുരിതത്തിലായത്.

## Article Content

**പരിയാരം:** മഴക്കാലത്തും കുടിക്കാന്‍ വെള്ളമില്ലതെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍. എം.ബി.ബി.എസ്, ബി.ഡി.എസ്, നേഴ്‌സിങ്ങ് - പാരാമെഡിക്കല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന ഹോസ്റ്റൽ വിദ്യാര്‍ത്ഥികളാണ് വെള്ളം കിട്ടാതെ ദുരിതത്തിലായത്.

കഴിഞ്ഞ രണ്ടാഴ്ച്ചയോളമായി തുടരുന്ന കുടിവെള്ളപ്രശ്‌നം പരിഹരിക്കണമെന്ന നിരന്തരമായുള്ള അപേക്ഷകള്‍ അധികൃതര്‍ അവഗണിച്ചതോടെ ഇന്നലെ രാവിലെ ബക്കറ്റുമായി വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാള്‍ ഓഫീസിന് മുന്നില്‍ സത്യാഗ്രഹമിരുന്നു.

റോഡ് ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പ്രവൃത്തി നടക്കുന്നതിനാല്‍ കുടിവെള്ള പൈപ്പ് കുഴിച്ചിട്ട വഴിയിലൂടെ വാഹനങ്ങള്‍ കടന്നുപോയി തുടങ്ങിയതോടെയാണ് പൈപ്പുകള്‍ പൊട്ടി കുടിവെള്ളം മുടങ്ങിയതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. പലതവണ പൊട്ടിയ പൈപ്പ് ശരിയാക്കിയെങ്കിലും വീണ്ടും വാഹനങ്ങള്‍ കയറുന്നതോടെ പൊട്ടല്‍ തുടർന്ന്.

അധികം ആഴത്തിലല്ലാേെത കുഴിച്ചിട്ട പൈപ്പുകള്‍ പൊട്ടുന്നത് എളുപ്പത്തില്‍ പരിഹരിക്കാനാവില്ലെന്ന് അധികൃതര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചതിനെതുടര്‍ന്ന് പൈപ്പുകള്‍ താല്‍ക്കാലികമായി നന്നാക്കി വെള്ളം പു:നസ്ഥാപിച്ചിട്ടുണ്ടെങ്കിലും ഏത് സമയത്തും ജലവിതരണം മുടങ്ങാനിടയുണ്ട്.

പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി എല്ലാ ഹോസ്റ്റലുകളിലും 10,000 ലിറ്ററിന്റെ പുതിയ ടാങ്കുകള്‍ സ്ഥാപിക്കാനും വെള്ളം സംഭരിച്ചുവെച്ച് പ്രശ്‌നപരിഹാരം കാണാനും തീരുമാനിച്ചതായി പ്രിന്‍സിപ്പാള്‍ ഡോ.കെ.അജയകുമാര്‍ പ്രതിഷേധവുമായി എത്തിയ വിദ്യാര്‍ത്ഥികളെ അറിയിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം താല്‍ക്കാലികമായി അവസാനിപ്പിച്ചത്. 240 പെണ്‍കുട്ടികളും 20 ആണ്‍കുട്ടികളുമാണ് ഹോസ്റ്റലുകളില്‍ താമസിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/51927/protest-of-medical-students)