---
title: "വി കുഞ്ഞികൃഷ്ണനുമായി ചര്‍ച്ച നടന്നിട്ടില്ലെന്ന് പി ജയരാജന്‍"
english_title: "v kunjikrishnan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/49961/v-kunjikrishnan"
published_at: "2022-06-20T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b03c7874dfb_vac.jpg"
keywords: []
---

# വി കുഞ്ഞികൃഷ്ണനുമായി ചര്‍ച്ച നടന്നിട്ടില്ലെന്ന് പി ജയരാജന്‍

> **Lead Summary:** **കണ്ണൂര്‍:** ഫണ്ട് തിരിമറി വിവാദത്തിന് പിന്നാലെ പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി പദവിയില്‍ നിന്നും നീക്കിയ വി കുഞ്ഞികൃഷ്ണനുമായി മധ്യസ്ഥ ചര്‍ച്ച നടന്നിട്ടില്ലെന്ന് പി ജയരാജന്‍. മധ്യസ്ഥ ചര്‍ച്ച നടത്തുന്ന രീതി സിപിഐഎമ്മിനില്ലെന്ന് പി ജയരാജന്‍ പറഞ്ഞു.

## Article Content

**കണ്ണൂര്‍:** ഫണ്ട് തിരിമറി വിവാദത്തിന് പിന്നാലെ പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി പദവിയില്‍ നിന്നും നീക്കിയ വി കുഞ്ഞികൃഷ്ണനുമായി മധ്യസ്ഥ ചര്‍ച്ച നടന്നിട്ടില്ലെന്ന് പി ജയരാജന്‍. മധ്യസ്ഥ ചര്‍ച്ച നടത്തുന്ന രീതി സിപിഐഎമ്മിനില്ലെന്ന് പി ജയരാജന്‍ പറഞ്ഞു.

വി കുഞ്ഞികൃഷ്ണനുമായി പി ജയരാജന്‍ നടത്തിയ അനുനയനീക്കം പരാജയപ്പെട്ടെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു ജയരാജന്‍.സിപിഐഎമ്മിനെ കടന്നാക്രമിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നു, സംഘടനാ കാര്യങ്ങള്‍ വിശദീകരിക്കേണ്ടത് സിപിഐഎം ജില്ലാ സെക്രട്ടറിയാണെന്നും ജയരാജന്‍ കൂട്ടിചേര്‍ത്തു.

അതേസമയം താന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവവെന്നും കൂടുതലൊന്നും പറയാനില്ലെന്നും പി ജയരാജനുമായുള്ള കൂടികാഴ്ച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ കുഞ്ഞികൃഷ്ണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പയ്യന്നൂര്‍ ഖാദി സെന്ററിലെ പി ജയരാജന്റെ ഓഫീസില്‍ വെച്ചായിരുന്നു കൂടികാഴ്ച്ച. പത്ത് മിനുറ്റ് പോലും കൂടികാഴ്ച്ച നീണ്ടില്ല.

കുഞ്ഞികൃഷ്ണനെ തിരിച്ചെത്തിക്കണമെന്ന് സമ്മര്‍ദ്ദം പാര്‍ട്ടിക്കുള്ളില്‍ ശക്തമായതോടെയായിരുന്നു പി ജയരാജന്‍ ഇടപെട്ട് അനുനയത്തിന് ശ്രമിച്ചത്.

കുഞ്ഞികൃഷ്ണനെതിരെ നടപടിയെടുത്ത സംഭവത്തില്‍ പാര്‍ട്ടിക്കെതിരെ ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നത്. 21 അംഗ ഏരിയ കമ്മിറ്റി യോഗത്തില്‍ 16 പേരും വി കുഞ്ഞികൃഷ്ണനെതിരായ നടപടിയെ എതിര്‍ത്തിരുന്നു. ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള 12 ലോക്കല്‍ കമ്മിറ്റികളിലും നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/49961/v-kunjikrishnan)