---
title: "പയ്യന്നൂര്‍ പാര്‍ട്ടി ഫണ്ട് തിരിമറി; അനുനയ നീക്കം പരാജയം, തീരുമാനത്തില്‍ മാറ്റമില്ലെന്ന് വി കുഞ്ഞികൃഷ്ണന്‍"
english_title: "party fund issue"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/49959/party-fund-issue"
published_at: "2022-06-20T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b03afc1a869_vac.jpg"
keywords: []
---

# പയ്യന്നൂര്‍ പാര്‍ട്ടി ഫണ്ട് തിരിമറി; അനുനയ നീക്കം പരാജയം, തീരുമാനത്തില്‍ മാറ്റമില്ലെന്ന് വി കുഞ്ഞികൃഷ്ണന്‍

> **Lead Summary:** **കണ്ണൂര്‍: **പയ്യന്നൂര്‍ പാര്‍ട്ടി ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയ വി കുഞ്ഞികൃഷ്ണനുമായി പി ജയരാജന്‍ നടത്തിയ അനുനയനീക്കം പരാജയം. തന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് കുഞ്ഞികൃഷ്ണന്‍ പി ജയരാജനെ അറിയിച്ചു. ശേഷം അദ്ദേഹം മടങ്ങി.

## Article Content

**കണ്ണൂര്‍: **പയ്യന്നൂര്‍ പാര്‍ട്ടി ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയ വി കുഞ്ഞികൃഷ്ണനുമായി പി ജയരാജന്‍ നടത്തിയ അനുനയനീക്കം പരാജയം. തന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് കുഞ്ഞികൃഷ്ണന്‍ പി ജയരാജനെ അറിയിച്ചു. ശേഷം അദ്ദേഹം മടങ്ങി.

പയ്യന്നൂര്‍ ഖാദി സെന്ററിലെ പി ജയരാജന്റെ ഓഫീസില്‍ വെച്ചായിരുന്നു കൂടികാഴ്ച്ച.പത്ത് മിനുറ്റ് പോലും കൂടികാഴ്ച്ച നീണ്ടില്ല. താന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും കൂടുതലൊന്നും പറയാനില്ലെന്നും കൂടികാഴ്ച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ കുഞ്ഞികൃഷ്ണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കുഞ്ഞികൃഷ്ണനെ തിരിച്ചെത്തിക്കണമെന്ന് സമ്മര്‍ദ്ദം പാര്‍ട്ടിക്കുള്ളില്‍ ശക്തമായതോടെയായിരുന്നു പി ജയരാജന്‍ ഇടപെട്ട് അനുനയത്തിന് ശ്രമിച്ചത്.കുഞ്ഞികൃഷ്ണനെതിരെ നടപടിയെടുത്ത സംഭവത്തില്‍ പാര്‍ട്ടിക്കെതിരെ ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നത്.

21 അംഗ ഏരിയ കമ്മിറ്റി യോഗത്തില്‍ 16 പേരും വി കുഞ്ഞികൃഷ്ണനെതിരായ നടപടിയെ എതിര്‍ത്തിരുന്നു. ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള 12 ലോക്കല്‍ കമ്മിറ്റികളിലും നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലാണ് നടപടിയുണ്ടായത്.

സംസ്ഥാന കമ്മിറ്റി അംഗീകരിച്ച തീരുമാനമാണെന്നായിരുന്നു എം വി ജയരാജന്റെ വിശദീകരണം. കുഞ്ഞികൃഷ്ണനെ മാറ്റിയ നടപടിയെടുത്തത് അദ്ദേഹത്തിന്റെ സാന്നിധ്യത്തിലെന്നും നേതൃത്വം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/49959/party-fund-issue)