---
title: "പയ്യന്നൂരിലെ സിപിഎം ഫണ്ട് വിവാദം : വി കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാൻ പി ജയരാജന്റെ നേതൃത്വത്തിൽ ചർച്ച ആരംഭിച്ചു"
english_title: "cpm fund "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/49916/cpm-fund"
published_at: "2022-06-20T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b01687b40b2_news-card.jpg"
keywords: []
---

# പയ്യന്നൂരിലെ സിപിഎം ഫണ്ട് വിവാദം : വി കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാൻ പി ജയരാജന്റെ നേതൃത്വത്തിൽ ചർച്ച ആരംഭിച്ചു

> **Lead Summary:** രക്തസാക്ഷി ഫണ്ട് തിരിമറിയെ തുടർന്ന് പയ്യന്നൂരിലെ സിപിഎമ്മിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ പാർട്ടി നേതൃത്വം നീക്കങ്ങൾ സജീവമാക്കി. കണ്ണൂര്‍ സിപിഎം മുൻജില്ലാ സെക്രട്ടറി പി.ജയരാജന് ഇതിനായി അനുനയ ചർച്ചകൾ ആരംഭിച്ചു.

## Article Content

രക്തസാക്ഷി ഫണ്ട് തിരിമറിയെ തുടർന്ന് പയ്യന്നൂരിലെ സിപിഎമ്മിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ പാർട്ടി നേതൃത്വം നീക്കങ്ങൾ സജീവമാക്കി. കണ്ണൂര്‍ സിപിഎം മുൻജില്ലാ സെക്രട്ടറി പി.ജയരാജന് ഇതിനായി അനുനയ ചർച്ചകൾ ആരംഭിച്ചു.

രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ പാർട്ടിക്ക് പരാതി നല്കിയതിനെ തുടർന്ന് അച്ചടക്ക നടപടി നേരിട്ട മുതിർന്ന നേതാവും മുൻഏരിയ സെക്രട്ടറിയുമായ വി.കുഞ്ഞികൃഷ്ണനുമായി ഇന്ന് പി.ജയരാജൻ ചർച്ച നടത്തും.

സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് പി.ജയരാജൻ അനുനയനീക്കം നടത്തുന്നത്. രക്തസാക്ഷി ഫണ്ടിൽ തിരിമറി നടന്നതായി പരാതിപ്പെടുകയും പാർട്ടിയെ തെളിവ് സഹിതം അക്കാര്യം ബോധിപ്പിക്കുകയും ചെയ്ത തന്നെ സ്ഥാനത്ത് നിന്നും മാറ്റിയത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് കുഞ്ഞികൃഷ്ണൻ .

തിരിമറിയില് ആരോപണം നേരിടുന്ന പയ്യന്നൂർ എംഎൽ എ ടിഐ മധുസൂദനനെ പാർട്ടി ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നും ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയ നടപടി പര്യാപ്തമല്ലെന്നും കൂടുതൽ ശക്തമായ നടപടി മധുസൂദനനെതിരെ വേണമെന്നും കുഞ്ഞികൃഷ്ണൻ ആവശ്യപ്പെടുന്നു.

കുഞ്ഞികൃഷ്ണനെതിരായ അച്ചടക്ക നടപടിക്ക് പിന്നാലെ പയ്യന്നൂരിലെ പാർട്ടിയിൽ അമര്ഷം രൂക്ഷമാണ്. പാർട്ടി പ്രവർത്തകരുടേയും അനുഭാവികളുടേയും വാട്സാപ്പ് ഗ്രൂപ്പുകളിൽ നിന്നും കൂട്ടത്തോടെ ആളുകൾ ലെഫ്റ്റ് അടിക്കുന്ന സാഹചര്യമുണ്ടായി. പലരും പ്രൊഫൈൽ ഫോട്ടോയായി കുഞ്ഞികൃഷ്ണന്റെ ചിത്രമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.

വിഷയം പയ്യന്നൂരിൽ പാർട്ടിയെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയെ തുടർന്ന് പി.ജയരാജനെ ഇടപെട്ടുള്ള അനുനയ നീക്കത്തിന് ജില്ലാ നേതൃത്വം തുടക്കമിട്ടത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/49916/cpm-fund)