---
title: "മാങ്ങാട്ടുപറമ്പ് കെ.എ.പി.ആസ്ഥാനത്തെ ഒരു ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന ചന്ദനമരം മോഷ്ടിച്ചു"
english_title: "kap headquarters in mangattuparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/49791/kap-headquarters-in-mangattuparamba"
published_at: "2022-06-19T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62af28bf3bc3d_vac.jpg"
keywords: []
---

# മാങ്ങാട്ടുപറമ്പ് കെ.എ.പി.ആസ്ഥാനത്തെ ഒരു ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന ചന്ദനമരം മോഷ്ടിച്ചു

> **Lead Summary:** **ധര്‍മ്മശാല: **തീമലയെതന്നെ ഉറുമ്പരിച്ചു!-മാങ്ങാട്ടുപറമ്പ് കെ.എ.പി.ആസ്ഥാനത്ത് നിന്ന് ഒരു ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന ചന്ദനമരം മോഷ്ടിച്ചു. ഇന്ന് രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്.

## Article Content

**ധര്‍മ്മശാല: **തീമലയെതന്നെ ഉറുമ്പരിച്ചു!-മാങ്ങാട്ടുപറമ്പ് കെ.എ.പി.ആസ്ഥാനത്ത് നിന്ന് ഒരു ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന ചന്ദനമരം മോഷ്ടിച്ചു. ഇന്ന് രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്.

കെ.എ.പി.ആശുപത്രിക്ക് മുന്നിലുള്ള സ്ഥലത്ത് പരേഡ് ഗ്രൗണ്ടിനും ആശുപത്രിക്കും ഇടയില്‍ ഒഴക്രോം റോഡിന് സമീപത്ത് കെ.എ.പി.കോമ്പൗണ്ടിലെ മരമാണ് മോഷ്ടാക്കള്‍ കൊണ്ടുപോയത്.

മരത്തിന്റെ കുറ്റി മാത്രമേ ഇവിടെ അവശേഷിച്ചിട്ടുള്ളൂ.24 മണിക്കൂറും പാറാവും നിരീക്ഷണവുമുള്ള ഇവിടെ റൂറല്‍ പോലീസ് മേധാവിയുടെ ആസ്ഥാനമുള്‍പ്പെടെ പോലീസ് വകുപ്പിന്റെ നിരവധി സുപ്രധാന ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വാഹനത്തിലെത്തിയ മോഷ്ടാക്കള്‍ മരം യന്ത്രവാള്‍ ഉപയോഗിച്ച് മുറിച്ചുകൊണ്ടുപോയതായിട്ടാണ് സംശയിക്കുന്നത്.

ഏതാണ്ട് ഒരു ലക്ഷത്തിലേറെ രൂപ വിലമതിപ്പുള്ള ചന്ദനമരമാണ് മോഷ്ടാക്കള്‍ കൊണ്ടുപോയതെന്നാണ് വിവരം. നേരത്തേയും കെ.എ.പി ആസ്ഥാനത്ത് നിന്ന് ചന്ദനമരം മോഷണം പോയിരുന്നുവെങ്കിലും പരാതിപ്പെടാതെ മുക്കിയതായിട്ടാണ് വിവരം.

മരം മുറിച്ച സ്ഥലം ഇപ്പോള്‍ പ്ലാസ്റ്റിക്ക് ഷീറ്റിട്ട്മൂടിയ നിലയിലാണ്. ഏറെ പഴക്കം ചെന്ന വിലമതിക്കാനാവാത്ത ഇത്തരത്തിലുള്ള വേറെയും ചന്ദനമരങ്ങള്‍ കെ.എ.പി കോമ്പൗണ്ടിലുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/49791/kap-headquarters-in-mangattuparamba)