---
title: "പള്ളികളിൽ നൽകിയ വിവാദ നോട്ടീസ് : മയ്യിൽ എസ് എച്ച് ഒയെ ചുമതലയിൽ നിന്ന് മാറ്റി"
english_title: "Mayil SHO removed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/48992/mayil-sho-removed"
published_at: "2022-06-15T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a98c69af00f_vac.jpg"
keywords: []
---

# പള്ളികളിൽ നൽകിയ വിവാദ നോട്ടീസ് : മയ്യിൽ എസ് എച്ച് ഒയെ ചുമതലയിൽ നിന്ന് മാറ്റി

> **Lead Summary:**  പ്രവാചകനിന്ദയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച പള്ളികളിൽ ജുമുഅ നമസ്‌കാരത്തിനുശേഷം നടക്കുന്ന പ്രഭാഷണങ്ങൾ നിയന്ത്രിക്കാൻ മസ്ജിദ് കമ്മിറ്റി ഭാരവാഹികൾക്ക് മുന്നറിയിപ്പുമായി പൊലീസ് നോട്ടീസ് നൽകിയ സംഭവത്തിൽ ഉദ്യോഗസ്ഥനെ ചുമതലയിൽ നിന്ന് മാറ്റി.

## Article Content

 പ്രവാചകനിന്ദയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച പള്ളികളിൽ ജുമുഅ നമസ്‌കാരത്തിനുശേഷം നടക്കുന്ന പ്രഭാഷണങ്ങൾ നിയന്ത്രിക്കാൻ മസ്ജിദ് കമ്മിറ്റി ഭാരവാഹികൾക്ക് മുന്നറിയിപ്പുമായി പൊലീസ് നോട്ടീസ് നൽകിയ സംഭവത്തിൽ ഉദ്യോഗസ്ഥനെ ചുമതലയിൽ നിന്ന് മാറ്റി.

മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള വാർത്താ കുറുപ്പിന്റെ പൂർണ രൂപം:

കണ്ണൂർ ജില്ലയിലെ മയ്യിൽ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജുമാ മസ്ജിദ് സെക്രട്ടറിക്ക് എസ് എച്ച് ഒ നൽകിയ ഒരു നോട്ടീസുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ തെറ്റിദ്ധാരണാജനകമായ പ്രചാരണം നടക്കുന്നതായി ശ്രദ്ധയിൽ പെട്ടു. അങ്ങനെ ഒരു നോട്ടീസ് തികച്ചും അനവസരത്തിലുള്ളതും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ കാഴ്ചപ്പാടിന് വിരുദ്ധവുമാണ്.

മയ്യിൽ എസ് എച്ച് ഒ സർക്കാർ നയം മനസ്സിലാക്കാതെ തെറ്റായ നോട്ടീസാണ് നൽകിയത്. അതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ചുമതലയിൽ നിന്ന് ഡി ജി പി മാറ്റിയിട്ടുണ്ട്.

രാജ്യത്ത് വലിയതോതിൽ വർഗീയ സംഘർഷമുണ്ടാക്കാൻ ചില ശക്തികൾ ശ്രമിക്കുന്ന ഘട്ടമാണിത്. ഈ സാഹചര്യത്തിൽ വിശ്വാസികളും മത സ്ഥാപനങ്ങളും ജനങ്ങളാകെയും തമ്മിൽ നിലനിൽക്കുന്ന സൗഹൃദവും സമാധാന ജീവിതവും സംരക്ഷിക്കുക സുപ്രധാനമാണ്.

ജുമാ മസ്ജിദുകളിൽ വർഗീയ പ്രചാരണം നടക്കുന്നു എന്ന അഭിപ്രായം സർക്കാരിനില്ല. അത് കൊണ്ടാണ്, വിവരം ശ്രദ്ധയിൽ പെട്ട ഉടനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്. സാമുദായിക സൗഹാർദത്തിന്റെ പ്രാധാന്യവും അനിവാര്യതയും മനസ്സിലാക്കി എല്ലാവരും ഇക്കാര്യത്തിൽ സഹകരിണമെന്നഭ്യർത്ഥിക്കുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/48992/mayil-sho-removed)