---
title: "കണ്ണൂരിൽ കനത്ത ജാഗ്രത: ബോംബേറ് ഉണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്, നേതാക്കളുടെ വീടുകൾക്ക് സുരക്ഷ വർധിപ്പിച്ചു"
english_title: "strict alert in kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/48774/strict-alert-in-kannur"
published_at: "2022-06-14T08:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a7fe79823c3_vac.jpg"
keywords: []
---

# കണ്ണൂരിൽ കനത്ത ജാഗ്രത: ബോംബേറ് ഉണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്, നേതാക്കളുടെ വീടുകൾക്ക് സുരക്ഷ വർധിപ്പിച്ചു

> **Lead Summary:** **കണ്ണൂര്‍: **കണ്ണൂരില്‍ കനത്ത ജാഗ്രത. നേതാക്കളുടെ വീടിന് നേരെ ബോംബേറ് ഉണ്ടാകുമെന്ന് ഇന്റലിജന്‍സ് വിവരം ലഭിച്ചതോടെയാണിത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇടത് മുന്നണി കണ്‍വീനര്‍ ഇപി ജയരാജന്റെയും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെയും വീടുകള്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചു.

## Article Content

**കണ്ണൂര്‍: **കണ്ണൂരില്‍ കനത്ത ജാഗ്രത. നേതാക്കളുടെ വീടിന് നേരെ ബോംബേറ് ഉണ്ടാകുമെന്ന് ഇന്റലിജന്‍സ് വിവരം ലഭിച്ചതോടെയാണിത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇടത് മുന്നണി കണ്‍വീനര്‍ ഇപി ജയരാജന്റെയും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെയും വീടുകള്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചു.

ജില്ലയിലേക്ക് മറ്റിടങ്ങളില്‍ നിന്നും കൂടുതല്‍ പൊലീസിനെ വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്. പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ ആക്രമണ സാധ്യതയെന്നും ഇന്റലിജന്‍സ് വിവരമുണ്ട്. ഈ പശ്ചാത്തലത്തില്‍ ഓഫീസുകളുടെ സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ അദ്ദേഹം കയറിയ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നടപടിക്ക് പിന്നാലെ സംസ്ഥാനത്ത് പരക്കെ അക്രമം.

മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച്‌ സിപിഎം നടത്തിയ പ്രതിഷേധ പ്രകടനങ്ങളില്‍ കെപിസിസി ആസ്ഥാനമടക്കം ആക്രമിക്കപ്പെട്ടു. ചിലയിടത്ത് കോണ്‍ഗ്രസും തിരിച്ചടിച്ചു. ആലപ്പുഴയിലായിരുന്നു ആദ്യത്തെ അക്രമം. ലീഗ് ജില്ലാ കണ്‍വെന്‍ഷന്‍ വേദിക്ക് മുന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും മുസ്ലിം ലീഗ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി.

പ്രകടനമായെത്തിയ ഡിവൈഎഫ്‌ഐ കാസര്‍കോട് നീലേശ്വരത്ത് കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റി ഓഫീസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകടനമായെത്തി അടിച്ചുതകര്‍ത്തു. കണ്ണൂരില്‍ കോണ്‍ഗ്രസിന്റെ ഫ്ലക്സ് ബോര്‍ഡുകള്‍ സിപിഎം പ്രവര്‍ത്തകരുടെ പ്രകടനത്തിനിടെ നശിപ്പിച്ചു.

കൊല്ലം ചവറ പന്മനയില്‍ കോണ്‍ഗ്രസ് - ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് നടത്തിയ പ്രകടനത്തിനിടെയാണ് സംഘര്‍ഷം. കണ്ണൂര്‍ ഡി സി സി ഓഫീസിന് നേരെ അക്രമം ഉണ്ടായി. ബൈക്കിലെത്തിയ രണ്ട് പേര്‍ കല്ലെറിഞ്ഞു. രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഡിസിസി ഓഫീസിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/48774/strict-alert-in-kannur)