---
title: "ഡി. എൽ. എഡ് ഭാഷാധ്യാപക പരിശീലന കോഴ്സ് വിജയിച്ചവർ ത്രിശങ്കുവിൽ"
english_title: "d ld training course"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/48720/d-ld-training-course"
published_at: "2022-06-13T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a737030ecc7_vac.jpg"
keywords: []
---

# ഡി. എൽ. എഡ് ഭാഷാധ്യാപക പരിശീലന കോഴ്സ് വിജയിച്ചവർ ത്രിശങ്കുവിൽ

> **Lead Summary:** ഭാഷാധ്യാപകർ അധ്യാപക പരിശീലന കോഴ്സ് പാസാകണമെന്ന നിബന്ധന കേരള സംസ്ഥാനത്ത് ആദ്യമായി നിലവിൽ വന്നത് 07/03/2019 ലെ സ.ഉ(കൈ) നം 30/19പൊവിവ. നമ്പർ സർക്കാർ ഉത്തരവ് പ്രകാരമാണ്. അതിൻ്റെയടിസ്ഥാനത്തിൽ 2019 നവംബറിൽ പ്രഥമ ബാച്ച് പ്രസ്തുത കോഴ്സിൽ പ്രവേശനം നേടുകയും കോഴ്സ് വിജയകരമായി 2022 മാർച്ചിൽ പൂർത്തിയാക്കുകയും ചെയ്തിരിക്കുന്നു.

## Article Content

ഭാഷാധ്യാപകർ അധ്യാപക പരിശീലന കോഴ്സ് പാസാകണമെന്ന നിബന്ധന കേരള സംസ്ഥാനത്ത് ആദ്യമായി നിലവിൽ വന്നത് 07/03/2019 ലെ സ.ഉ(കൈ) നം 30/19പൊവിവ. നമ്പർ സർക്കാർ ഉത്തരവ് പ്രകാരമാണ്. അതിൻ്റെയടിസ്ഥാനത്തിൽ 2019 നവംബറിൽ പ്രഥമ ബാച്ച് പ്രസ്തുത കോഴ്സിൽ പ്രവേശനം നേടുകയും കോഴ്സ് വിജയകരമായി 2022 മാർച്ചിൽ പൂർത്തിയാക്കുകയും ചെയ്തിരിക്കുന്നു.

അധ്യാപക പരിശീലന കോഴ്സുകൾ ഒന്നും തന്നെ പാസാകാതെ കേവലം SSLC യോ +2 വോ അല്ലെങ്കിൽ ഏതെങ്കിലും സർട്ടിഫിക്കറ്റ് കോഴ്സുകൾ വിജയിച്ചവരെ നേരിട്ട് അധ്യാപകനായി നിയമിക്കുന്ന രീതി NCTE നിഷ്കർഷിക്കുന്ന നിയമങ്ങൾക്ക് എതിരാണെന്നും അതിനാൽ ഇനിമുതൽ പ്രൈമറി തലത്തിൽ അറബിക്, ഉറുദു, ഹിന്ദി, സംസ്കൃതം വിഷയങ്ങളിൽ അധ്യാപകനാവാൻ D.El.Ed Language കോഴ്സ് പാസാകണമെന്നും 30/19 സർക്കാർ ഉത്തരവ് വ്യക്തമാക്കുന്നു.

എന്നാൽ മേൽ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ കോഴ്സിൽ പ്രവേശനം നേടി വിജയിച്ച ഉദ്യോഗാർഥികൾ പുറത്ത് നിൽക്കുമ്പോഴും യാതൊരു പരിശീലനവുമില്ലാത്ത SSLC/+2 പാസായവരെ അധ്യാപകരായി നിയമിക്കുന്ന രീതി തുടർന്ന് വരുന്നു. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവിനെ നോക്കു കുത്തിയാക്കി, യോഗ്യത നേടിയ ഉദ്യോഗാർഥികളെ കൊഞ്ഞനം കുത്തുന്ന അവസ്ഥയാണ് ബന്ധപ്പെട്ടവർ ചെയ്ത് കൊണ്ടിരിക്കുന്നത്.

മാനേജ്മെൻ്റ് സ്ഥാപനങ്ങളെയും ലക്ഷങ്ങൾ മുടക്കി സ്വകാര്യ സ്കൂളുകളിൽ ജോലി തരപ്പെടുത്താൻ കഴിവുള്ള ഉദ്യോഗാർത്ഥികളെയും സഹായിക്കുന്നതിനായി സർക്കാർ കൊണ്ട് വന്ന പുതിയ യോഗ്യത KER ൽ ഉൾപ്പെടുത്തി ഭേദഗതി വരുത്താത്തതിൽ DGE ഓഫീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ്റെ ഇടപെടലുണ്ടെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. NCTE ഉൾപ്പെടെ ഉള്ളവയ്ക്ക് പരാതി നൽകുന്നതിനും മറ്റുമായി ഉദ്യോഗാർഥികൾ കൂട്ടായ്മ രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/48720/d-ld-training-course)