---
title: "കർശന നിയമം തെറ്റിച്ച് സ്കൂൾ സമയത്ത് ടിപ്പറുകളുടെ മരണപ്പാച്ചിൽ"
english_title: "tippers during school hours"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/48158/tippers-during-school-hours"
published_at: "2022-06-10T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a2cb84829ad_vac.jpg"
keywords: []
---

# കർശന നിയമം തെറ്റിച്ച് സ്കൂൾ സമയത്ത് ടിപ്പറുകളുടെ മരണപ്പാച്ചിൽ

> **Lead Summary:** വിദ്യാർഥികളുടെ ജീവന് ഭീഷണിയായി ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ തുടരുമ്പോഴും മൗനം നടിച്ച് അധികൃതർ. കർശന നിയമം കടലാസിലൊതുക്കിയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ടിപ്പർ ലോറികളും മറ്റും സ്കൂൾ സമയത്തടക്കം മരണപ്പാച്ചിൽ നടത്തുന്നത്. സ്കൂൾ പ്രവൃത്തി സമയം തുടങ്ങുന്ന രാവിലെ എട്ട് മുതൽ 10 വരെയും വൈകീട്ട് ക്ലാസുകൾ വിടുന്ന നാല് മുതൽ ആറ് വരെയും ടിപ്പർ ലോറികൾ ഓടരുതെന്ന കർശന ഉത്തരവ് നിലവിലുണ്ട്.

## Article Content

വിദ്യാർഥികളുടെ ജീവന് ഭീഷണിയായി ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ തുടരുമ്പോഴും മൗനം നടിച്ച് അധികൃതർ. കർശന നിയമം കടലാസിലൊതുക്കിയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ടിപ്പർ ലോറികളും മറ്റും സ്കൂൾ സമയത്തടക്കം മരണപ്പാച്ചിൽ നടത്തുന്നത്. സ്കൂൾ പ്രവൃത്തി സമയം തുടങ്ങുന്ന രാവിലെ എട്ട് മുതൽ 10 വരെയും വൈകീട്ട് ക്ലാസുകൾ വിടുന്ന നാല് മുതൽ ആറ് വരെയും ടിപ്പർ ലോറികൾ ഓടരുതെന്ന കർശന ഉത്തരവ് നിലവിലുണ്ട്.

രാവിലെയും വൈകീട്ടും ഉച്ചക്കുമെല്ലാം കുട്ടികൾ റോഡിലും പരിസരങ്ങളിലും ഉണ്ടാവുകയും ഒട്ടേറെ അപകടങ്ങൾ പതിവാകുകയും ചെയ്ത സാഹചര്യത്തിലാണ് രണ്ട് വർഷം മുമ്പ് ടിപ്പർ ലോറികളുടെ ഓട്ടം ഈ സമയങ്ങളിൽ ഒഴിവാക്കാൻ സംസ്ഥാന പൊലീസ് മേധാവി തന്നെ ഉത്തരവിട്ടത്. അതിരാവിലെ ഓടാമെങ്കിലും കുട്ടികൾ സ്കൂളിലേക്ക് പോകുന്ന സമയം ലോറിസർവിസ് നിർത്തിവെക്കണം.

തുടർന്ന് രാവിലെ 10ന് ശേഷം ഓടാവുന്നതാണ്. വൈകീട്ട് നാലു മുതൽ വീണ്ടും നിർത്തിവെക്കണം. പിന്നീട് ആറിനു ശേഷം ഓടാവുന്നതാണ്. സ്കൂൾ സമയത്തെ ഓട്ടം തടഞ്ഞു കൊണ്ടുള്ള ഈ ഉത്തരവാണ് നിലവിൽ ഒരിടത്തും പാലിക്കാതെ കാറ്റിൽ പറത്തിയത്. കോവിഡിനും ലോക്ഡൗണിനും ശേഷം അധ്യയന വർഷം സജീവമായിട്ടും നിയമം നടപ്പാക്കേണ്ടവർ മൗനം തുടരുകയാണ്.

അനധികൃത കരിങ്കൽ-ചെങ്കൽ ക്വാറികളിൽ നിന്നടക്കം ഒരു നിയമവും പാലിക്കാതെ നിറയെ ഭാരം കയറ്റി മത്സരയോട്ടം നടത്തുന്ന ടിപ്പർ ഉൾപ്പെടെയുള്ള ലോറികൾക്കെതിരെ ഒരു പരിശോധനയും ഉണ്ടാവുന്നില്ല. സ്കൂൾ കുട്ടികളെയും മറ്റ് വഴി യാത്രികരെയും വകവെക്കാതെയാണ് രാവിലെയും വൈകീട്ടും ടിപ്പറുകൾ പരക്കം പായുന്നത്. നിറയെ കരിങ്കല്ലുകൾ നിറച്ച് ടിപ്പറുകൾ അതിവേഗം പായുമ്പോൾ റോഡിലേക്ക് കല്ലുകൾ തെറിച്ചു വീഴുന്നതും ഒട്ടേറെ അപകടങ്ങൾ സംഭവിക്കുന്നതും പതിവാണ്.

ജീവൻ പണയംവെച്ചാണ് ഈ സമയങ്ങളിൽ കുട്ടികളടക്കം യാത്ര ചെയ്യുന്നത്. ഇരുചക്രവാഹന യാത്രികരും ടിപ്പറുകളുടെ മരണപ്പാച്ചിലിൽ ഏറെ ഭീതിയിലാണ്. വലിയ ടിപ്പർ ലോറികൾ മറ്റ് വാഹനങ്ങളെയും കുട്ടികളെയും കാണാത്ത വിധം കുതിച്ചു പായുമ്പോൾ മലയോര മേഖലയിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും ജനങ്ങൾ ഏറെ ആശങ്കയിലാണുള്ളത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/48158/tippers-during-school-hours)