---
title: "വനിതാ നേതാവിന് അശ്ലീല സന്ദേശം അയച്ച സിപിഎം നേതാവിനെതിരെ പരാതിപ്പെട്ടതിന് 8 സിപിഎം നേതാക്കൾക്കെതിരേ അച്ചടക്ക നടപടി"
english_title: "Disciplinary action against 8 CPM leaders"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/48044/disciplinary-action-against-8-cpm-leaders"
published_at: "2022-06-09T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a1aaa4d62b5_vac.jpg"
keywords: []
---

# വനിതാ നേതാവിന് അശ്ലീല സന്ദേശം അയച്ച സിപിഎം നേതാവിനെതിരെ പരാതിപ്പെട്ടതിന് 8 സിപിഎം നേതാക്കൾക്കെതിരേ അച്ചടക്ക നടപടി

> **Lead Summary:** **കണ്ണൂര്‍: **കണ്ണൂര്‍ സിപിഎമ്മില്‍ വീണ്ടും അച്ചടക്ക നടപടി. ഡിവൈഎഫ്‌ഐ വനിതാ നേതാവിന് അശ്ലീലസന്ദേശമയച്ച സിപിഎം നേതാവിനെതിരെ പരാതിപ്പെട്ടതിന് എട്ട് സിപിഎം നേതാക്കള്‍ക്കെതിരെ അച്ചടക്കനടപടി ഉണ്ടാകും.മൂന്ന് ലോക്കല്‍ കമ്മറ്റി അംഗങ്ങള്‍, മൂന്ന് മുന്‍ ലോക്കല്‍ കമ്മറ്റി അംഗങ്ങള്‍, രണ്ട് പാര്‍ട്ടി അംഗങ്ങള്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.

## Article Content

**കണ്ണൂര്‍: **കണ്ണൂര്‍ സിപിഎമ്മില്‍ വീണ്ടും അച്ചടക്ക നടപടി. ഡിവൈഎഫ്‌ഐ വനിതാ നേതാവിന് അശ്ലീലസന്ദേശമയച്ച സിപിഎം നേതാവിനെതിരെ പരാതിപ്പെട്ടതിന് എട്ട് സിപിഎം നേതാക്കള്‍ക്കെതിരെ അച്ചടക്കനടപടി ഉണ്ടാകും.മൂന്ന് ലോക്കല്‍ കമ്മറ്റി അംഗങ്ങള്‍, മൂന്ന് മുന്‍ ലോക്കല്‍ കമ്മറ്റി അംഗങ്ങള്‍, രണ്ട് പാര്‍ട്ടി അംഗങ്ങള്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.

 നടപടി ഇങ്ങനെ:

ആലപ്പടമ്പ് വെസ്റ്റ് ലോക്കല്‍ കമ്മറ്റിയംഗം പി ഗോപിനാഥിനെ കമ്മറ്റിയില്‍ നിന്ന് പുറത്താക്കി. രണ്ട് ലോക്കല്‍ കമ്മറ്റി അംഗങ്ങളെ പരസ്യമായി ശാസിച്ചു. രണ്ട് പാര്‍ട്ടി മെമ്പര്‍മാരെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍റ് ചെയ്തു. രണ്ട് പാര്‍ട്ടി മെമ്പര്‍മാരെ താക്കീത് ചെയ്തു.

ആരോപണവിധേയനായ ഏരിയ കമ്മറ്റിയംഗം സുനില്‍കുമാറിനെ സ്വഭാവദൂഷ്യത്തെ തുടര്‍ന്ന് നേരത്തെ തരം താഴ്ത്തിയിരുന്നു. പക്ഷേ ഇയാളിപ്പോഴും കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്ത് പ്രസിഡന്‍റായി തുടരുകയാണ്. ഈ സ്ഥാനത്ത് നിന്ന് നീക്കാനിത് വരെയും പാര്‍ട്ടി തയ്യാറായിട്ടില്ല.ഇതിനെതിരെ വലിയ പ്രതിഷേധമുയരുമ്പോഴാണ് പരാതിപ്പെട്ടവര്‍ക്കെതിരായ പാര്‍ട്ടി നടപടി.

രണ്ട് വര്‍ഷം മുമ്പാണ് അന്ന് ഡിവൈഎഫ്‌ഐ നേതാവായിരുന്ന സുനില്‍ കുമാറിനെതിരെ ഡിവൈഎഫ്‌ഐയില്‍ നിന്ന് തന്നെയുള്ള വനിതാ നേതാവ് പരാതി നല്‍കുന്നത്. വാട്സാപ്പ് വഴി അശ്ലീലസന്ദേശമയച്ചുവെന്നായിരുന്നു ഏരിയ കമ്മിറ്റിക്ക് നല്‍കിയ പരാതിയില്‍. രണ്ട് വ‌ര്‍ഷമായിട്ടും ആ പരാതിയില്‍ ഒരു നടപടിയുമെടുത്തില്ല ഏരിയ കമ്മിറ്റി.

ഇപ്പോള്‍ സുനില്‍ കുമാര്‍ കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്ത് പ്രസിഡന്‍റാണ്. നടപടിയൊന്നുമാവാത്തതിനെ തുടര്‍ന്നാണ് രണ്ട് വര്‍ഷത്തിന് ശേഷം യുവതി വാട്സ് ആപ്പ് സന്ദേശങ്ങളുടെ സ്ക്രീന്‍ ഷോട്ട് അടക്കം വച്ച്‌ കണ്ണൂര്‍ ജില്ലാ കമ്മറ്റിക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് സുനില്‍കുമാറിനെ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തു.

യുവതിയുടെ പരാതി ഏരിയ കമ്മറ്റിക്ക് മുന്‍പില്‍ ഉണ്ടായിരുന്ന അതേ ഘട്ടത്തിലാണ് സുനില്‍കുമാര്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തത്. നടപടി എടുത്തിട്ടും പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് നീക്കാത്തതിനെതിരെ യുഡിഎഫ് പ്രത്യക്ഷ സമരം തുടങ്ങിയിരുന്നു.

സുനില്‍ കുമാറിനെ ഉടന്‍ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തണമെന്ന ആവശ്യം പ്രദേശത്തെ സി പി എം പ്രവര്‍ത്തകര്‍ക്കിടയിലും ശക്തമാണ്.

****

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/48044/disciplinary-action-against-8-cpm-leaders)