---
title: "കില തളിപ്പറമ്പ്‌ ക്യാമ്പസ്‌ അന്താരാഷ്ട്ര നേതൃ പഠന കേന്ദ്രമാകുന്നു; മുഖ്യമന്ത്രി ജൂൺ 13ന്‌ ഉദ്ഘാടനം ചെയ്യും"
english_title: "Kila inauguration "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/47361/kila-inauguration"
published_at: "2022-06-05T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629d7b77ec862_att.jpg"
keywords: []
---

# കില തളിപ്പറമ്പ്‌ ക്യാമ്പസ്‌ അന്താരാഷ്ട്ര നേതൃ പഠന കേന്ദ്രമാകുന്നു; മുഖ്യമന്ത്രി ജൂൺ 13ന്‌ ഉദ്ഘാടനം ചെയ്യും

> **Lead Summary:** ഇന്റർനാഷണൽ സെന്റർ ഫോർ ലീഡർഷിപ്പ് സ്റ്റഡീസ്- കേരള ജൂൺ 13ന്‌ രാവിലെ 10 മണിക്ക്‌ ‌ ‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്രത്തിന്‌ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ പബ്ലിക്‌ പോളിസി ആൻഡ്‌ ലീഡർഷിപ്പ്‌ കോളേജിന്റെയും ഹോസ്റ്റലിന്റെയും തറക്കല്ലിടലും മുഖ്യമന്ത്രി നിർവ്വഹിക്കും. ചടങ്ങിൽ തദ്ദേശ സ്വയം ഭരണ എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷത വഹിക്കും. കോളേജിനോട്‌ അനുബന്ധിച്ച്‌ സെന്റർ ഓഫ്‌ എക്സലൻസ്‌ കേന്ദ്രവും ഒരുക്കും.

## Article Content

ഇന്റർനാഷണൽ സെന്റർ ഫോർ ലീഡർഷിപ്പ് സ്റ്റഡീസ്- കേരള ജൂൺ 13ന്‌ രാവിലെ 10 മണിക്ക്‌ ‌ ‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്രത്തിന്‌ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ പബ്ലിക്‌ പോളിസി ആൻഡ്‌ ലീഡർഷിപ്പ്‌ കോളേജിന്റെയും ഹോസ്റ്റലിന്റെയും തറക്കല്ലിടലും മുഖ്യമന്ത്രി നിർവ്വഹിക്കും. ചടങ്ങിൽ തദ്ദേശ സ്വയം ഭരണ എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷത വഹിക്കും. കോളേജിനോട്‌ അനുബന്ധിച്ച്‌ സെന്റർ ഓഫ്‌ എക്സലൻസ്‌ കേന്ദ്രവും ഒരുക്കും.

ആദ്യഘട്ടത്തിൽ കണ്ണൂർ സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തുകൊണ്ട്  ഇൻസ്റ്റിറ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്റ് ലീഡർഷിപ്പ് പോസ്റ്റ് ഗ്രാജുവേറ്റ് കോളേജിന്റെ പ്രവർത്തനമാണ് ആരംഭിക്കുക.  അന്താരാഷ്ട്ര നിലവാരമുള്ള പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകളാണ് ആരംഭിക്കുന്നത് . ഭരണ നിർവഹണത്തിൽ ആഗോള പ്രശസ്തരായ വിദഗ്ധരും സ്ഥാപനങ്ങളും ഈ പഠന പ്രക്രീയയുടെ ഭാഗമാകും. കേരളത്തിന്റെ ഭരണ രംഗത്തിന്‌ തന്നെ വഴികാട്ടികളാകാൻ കഴിയുന്ന ബിരുദാനന്തര ബിരുദധാരികളാകും കോളേജിൽ പഠിച്ചിറങ്ങുക. മാനവിക–സാമൂഹിക വിഷയങ്ങൾക്ക് പുറമെ ശാസ്ത്ര- സാങ്കേതിക- കമ്മ്യൂണിക്കേഷൻ- ആസൂത്രണ വിഷയങ്ങളിൽ അന്താരാഷ്ട്ര നിലവാരത്തിൽ ഗവേഷണങ്ങൾക്കും പഠന പ്രവർത്തനങ്ങൾക്കും ആവശ്യമായ സൗകര്യങ്ങൾ ഇവിടെ ഒരുക്കും.

രാജ്യത്തിന്‌ അകത്തും പുറത്തുമുള്ള വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നേതാക്കൾക്കും പൊതു പ്രവർത്തകർക്കുമായി റസിഡൻഷ്യൽ പരിശീലന കേന്ദ്രം‌ ക്യാമ്പസിൽ ഉണ്ടാകും. പൊതു പ്രവർത്തകർക്കൊപ്പം മറ്റ് മേഖലകളിൽ ഉള്ള നേതൃശേഷി ആർജിക്കാൻ താല്പര്യമുള്ളവർക്കും കേന്ദ്രത്തിന്റെ സഹായത്തോടെ ഹൃസ്വകാല പരിശീലന കോഴ്‌സുകൾ ഇവിടെ താമസിച്ച് നടത്താനാകും. ടൂറിസത്തിനും  മറ്റ് പ്രാദേശിക സാമ്പത്തിക പ്രവർത്തനങ്ങൾക്കും ഊർജ്ജം നൽകുന്ന ഒന്നായി നേതൃപഠന കേന്ദ്രം മാറും.  

തദ്ദേശ സ്ഥാപനതല നേതാക്കൾക്ക് കൂട്ടായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ പ്രാദേശിക ഭരണ നൈപുണ്യ വികസനത്തിന് പ്രാപ്തമാക്കുന്ന ഒരു നോളജ് സിറ്റി രൂപപ്പെടുത്തുകയാണ് അടുത്ത ഘട്ടം പ്രവർത്തനം. ആഗോള തലത്തിലുള്ള വിദഗ്ധരുടെ ഒരു വലിയ ശൃംഖല രൂപീകരിച്ചുകൊണ്ടാകും ഈ പ്രവർത്തനം നടത്തുക. ലോകത്താകമാനം ഭരണതലത്തിലടക്കം സംഭവിക്കുന്ന മാറ്റങ്ങളും, പ്രാദേശിക വികസനത്തിന്റെ നൂതന സാധ്യതകൾ തേടുന്ന ഗവേഷണങ്ങളും അവയുടെ പ്രായോഗിക പരീക്ഷണങ്ങളുമുൾപ്പെടെ വിപുലമായ മേഖലകളിൽ പഠനകേന്ദ്രം ശ്രദ്ധചെലുത്തും. ജനാധിപത്യ സംവിധാനത്തിൽ ജനങ്ങളുടെ നേതൃത്വശേഷി ഉയർത്തുകയും ഭരണനിർവ്വഹണം ശാക്തീകരിക്കുകയും ചെയ്യുക എന്നതാണ് അന്താരാഷ്ട്ര നേതൃ പഠന കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യം. 

പുതിയ കാലത്തിനനുസരിച്ച്‌ ചിന്തിക്കുകയും, വെല്ലുവിളികൾ ഏറ്റെടുക്കുകയും ചെയ്യുന്ന‌ യുവതലമുറയെയും നേതാക്കളെയും വാർത്തെടുക്കാൻ ഉതകുന്ന കേന്ദ്രമാകും തളിപ്പറമ്പിൽ ഒരുക്കുകയെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. നവകേരളം സൃഷ്ടിക്കുന്നതിലെ നിർണ്ണായക ചുവടുവെപ്പായിരിക്കും ഇത്‌. ജനാധിപത്യ പഠനത്തിന്റെ ആഗോള കേന്ദ്രമാക്കി കേരളത്തെ മാറ്റാനാണ്‌ സർക്കാർ ലക്ഷ്യമിടുന്നത്‌. ലോകത്തെ നേതൃ പഠനരംഗത്തെ വിദഗ്ധരെ കേരളവുമായി കൂട്ടിയിണക്കുന്ന കണ്ണിയാകും കേന്ദ്രമെന്നും മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

            കില ക്യാമ്പസിൽ ചേർന്ന സംഘാടക സമിതി യോഗം ബഹു തദ്ദേശ സ്വയംഭരണ,എക്സൈസ് വകുപ്പ് മന്ത്രി ശ്രീ എം.വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി.എം കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. തളിപ്പറമ്പ മുൻസിപ്പൽ ചെയർമാൻ ശ്രീമതി മുർഷിദ കൊങ്ങായി,ആന്തൂർ മുൻസിപ്പൽ ചെയർമാൻ ശ്രീ പി മുകുന്ദൻ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ വേലായുധൻ, കുറുമാത്തുർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി വി എം സീന, പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി ഷീബ, മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ റിഷ്ണ , നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ രമേശൻ,ഏഴോം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഗോവിന്ദൻ കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ.സാബു എ, തദ്ദേശസ്വയംഭരണ, വകുപ്പ് കണ്ണൂർ ജെ ഡി സി അരുൺ പി ജെ,ദാരിദ്ര ലഘൂകരണ യൂണിറ്റ് പ്രൊജക്ട് ഡയരക്ടർ ശ്രീമതി ടൈനി സൂസൻ,അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണർ അബ്ദുൾ ജലീൽതുടങ്ങിയർ ചടങ്ങിൽ സംസാരിച്ചു. കില ഡയരക്ടർ ശ്രീ ജോയ് ഇളമൻ സ്വാഗതവും ഇ ടി സി പ്രിൻസിപ്പാൾ ശ്രീ സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

                   തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ എം.വി ഗോവിന്ദൻ മാസ്റ്റർ, കണ്ണൂർ എം.പി ശ്രീ കെ സുധാകരൻ, ഇരിക്കൂർ എം.എൽ.എ ശ്രീ സജീവ് ജോസഫ്, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി പി ദിവ്യ എന്നിവർ മുഖ്യ രക്ഷാധികാരിയായും അഡ്വ. ഹംസകുട്ടി ചെയർമാനും ശ്രീ കെ സന്തോഷ് കൺവീനറുമായി സംഘാടകസമിതി രൂപീകരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/47361/kila-inauguration)