---
title: "ലോഡ്ജിൽ റെയ്ഡിനിടെ നോട്ടിരട്ടിപ്പ് തട്ടിപ്പ് നടത്തിയ പഴയങ്ങാടി സ്വദേശി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ"
english_title: "arrested for cheating during a lodge raid"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/47151/arrested-for-cheating-during-a-lodge-raid"
published_at: "2022-06-04T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629b3d31e1662_Untitled-2 web.jpg"
keywords: []
---

# ലോഡ്ജിൽ റെയ്ഡിനിടെ നോട്ടിരട്ടിപ്പ് തട്ടിപ്പ് നടത്തിയ പഴയങ്ങാടി സ്വദേശി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

> **Lead Summary:** ലോഡ്ജിൽ റെയ്ഡ് നടത്തുന്നതിനിടെ നോട്ടിരട്ടിപ്പ് തട്ടിപ്പ് സംഘത്തെ പിടികൂടി. പുതിയങ്ങാടിയിലെ സി.വൈ. ഹൗസില്‍ റാഫി , കണ്ണൂർ കടലായിയിലെ പള്ളയില്‍ ഹൗസില്‍ ബഷീര്‍, എന്നിവരെയാണ് നോര്‍ത്ത് കോട്ടച്ചേരിയിലെ എലൈറ്റ് ടൂറിസ്റ്റ് ഹോമില്‍ നിന്നും ഹൊസ്ദുർഗ് എസ്.ഐ.കെ. ശ്രീജേഷ് കണ്ടോത്തും സംഘവും അറസ്റ്റുചെയ്തത്.

## Article Content

ലോഡ്ജിൽ റെയ്ഡ് നടത്തുന്നതിനിടെ നോട്ടിരട്ടിപ്പ് തട്ടിപ്പ് സംഘത്തെ പിടികൂടി. പുതിയങ്ങാടിയിലെ സി.വൈ. ഹൗസില്‍ റാഫി , കണ്ണൂർ കടലായിയിലെ പള്ളയില്‍ ഹൗസില്‍ ബഷീര്‍, എന്നിവരെയാണ് നോര്‍ത്ത് കോട്ടച്ചേരിയിലെ എലൈറ്റ് ടൂറിസ്റ്റ് ഹോമില്‍ നിന്നും ഹൊസ്ദുർഗ് എസ്.ഐ.കെ. ശ്രീജേഷ് കണ്ടോത്തും സംഘവും അറസ്റ്റുചെയ്തത്.

നോട്ട് ഇരട്ടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് പണം തട്ടുന്നസംഘം ലോഡ്ജില്‍ താമസിച്ചു വരുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ലോഡ്ജ് മുറിയില്‍ നിന്നും തട്ടിപ്പിനായി ഉപയോഗിച്ച കട്ടികൂടിയ കടലാസുകളും കെമിക്കൽ മെറ്റീരിയലും മറ്റും കണ്ടെടുത്തു.

ഇന്നലെ രാത്രി 8.15 ഓടെ യാണ് പോലീസ് സംഘം നോട്ട് ഇരട്ടിപ്പ് തട്ടിപ്പ് സംഘത്തെ പിടികൂടിയത്. ഇടപാടുകാരനാണെന്ന വ്യാജേന വേഷം മാറിയാണ് ടൂറിസ്റ്റ് ഹോമിലെ 317 -ാം നമ്പർ മുറിയിൽ തട്ടിപ്പ് സംഘത്തെ സമീപിച്ചത്. നോട്ടിരട്ടിപ്പ് വിശ്വസിപ്പിക്കാനായി വേഷം മാറിയെത്തിയ കൺട്രോൾ റൂം എസ്.ഐ. അബൂബക്കറിന് നല്‍കിയ 500 രൂപ ചില പരീക്ഷണങ്ങളിലൂടെ രണ്ട് 500 രൂപയുടെ കറന്‍സിയാക്കി തിരിച്ചുനല്‍കുകയും ചെയ്തു.

കറൻസി വലിപ്പത്തിലുള്ള പേപ്പറുകളും പ്ലാസ്റ്റിക് ഷീറ്റുകളും ഇരുണ്ടനിറത്തിലുള്ള പേപ്പറും മറ്റും ഉപയോഗിച്ച് വേഷം മാറിയെത്തിയ പോലീസ് നല്‍കിയ നോട്ടും കൂടി ഇതോടൊപ്പം വെച്ച് ഒരു ലായനിയില്‍ കഴുകിയെടുത്താണ് മറ്റൊരു 500 രൂപ കൂടി തിരിച്ചുനല്‍കിയത്. നോട്ടുകള്‍ പരിശോധിച്ചപ്പോള്‍ താന്‍കൊണ്ടുപോയ നോട്ടിന്റെയും തട്ടിപ്പുകാരുണ്ടാക്കിയ നോട്ടിന്റെയും സീരിയല്‍ നമ്പറുകള്‍ വ്യത്യസ്ഥമാണെന്ന് മനസ്സിലായി.

ഇതോടെ 10,000 രൂപ ഇരട്ടിപ്പിച്ച് നല്‍കണമെന്ന് സംഘത്തോട് പറഞ്ഞു. പിന്നീട് പണം കൊണ്ടുവരാനാണെന്ന വ്യാജേന മുറിയില്‍ നിന്നും പുറത്തിറങ്ങി പുറത്ത് കാത്തുനിന്ന എസ്‌ഐശ്രീജേഷും സംഘത്തേയും കൂട്ടി മുറിക്കകത്ത് കയറി നോട്ട് ഇരട്ടിപ്പുകാരെ അറസ്റ്റുചെയ്യുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/47151/arrested-for-cheating-during-a-lodge-raid)