---
title: "പാലുകാച്ചി മല ഇക്കോടൂറിസം ഉദ്ഘാടനം ചെയ്തു: ഇനി ആർക്കും മല കയറാം"
english_title: "paalkaachimala trucking"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/47120/paalkaachimala-trucking"
published_at: "2022-06-04T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629b23ee42830_vac.jpg"
keywords: []
---

# പാലുകാച്ചി മല ഇക്കോടൂറിസം ഉദ്ഘാടനം ചെയ്തു: ഇനി ആർക്കും മല കയറാം

> **Lead Summary:** **കൊട്ടിയൂർ∙ **പാലുകാച്ചി മല ഇനി കണ്ണൂരിന്റെ ടൂറിസം ഭൂപടത്തിലേക്ക്. ട്രക്കിങ് സൗകര്യം ഒരുക്കിയതോടെ പ്രകൃതി ഭംഗി ആസ്വദിച്ച് ഇനി ആർക്കും മലമുകളിലേക്ക് നടന്നു കയറാം, പാറപ്പുറത്ത് കാറ്റു കൊണ്ട് ഇരിക്കാം, പുൽമേടുകളും വിശാലമായ ദൂരത്തോളം നാട്ടിൻപുറങ്ങളും മല മുകളിൽ നിന്ന് കണ്ട് ആസ്വദിച്ച്, മനം കുളിർത്ത് തിരികെ മടങ്ങാം.

## Article Content

**കൊട്ടിയൂർ∙ **പാലുകാച്ചി മല ഇനി കണ്ണൂരിന്റെ ടൂറിസം ഭൂപടത്തിലേക്ക്. ട്രക്കിങ് സൗകര്യം ഒരുക്കിയതോടെ പ്രകൃതി ഭംഗി ആസ്വദിച്ച് ഇനി ആർക്കും മലമുകളിലേക്ക് നടന്നു കയറാം, പാറപ്പുറത്ത് കാറ്റു കൊണ്ട് ഇരിക്കാം, പുൽമേടുകളും വിശാലമായ ദൂരത്തോളം നാട്ടിൻപുറങ്ങളും മല മുകളിൽ നിന്ന് കണ്ട് ആസ്വദിച്ച്, മനം കുളിർത്ത് തിരികെ മടങ്ങാം.

കൊട്ടിയൂർ, കേളകം പഞ്ചായത്തുകളിലാണ് പ്രശസ്തമായ പാലുകാച്ചി മല സ്ഥിതി ചെയ്യുന്നത്. അകലെ നിന്ന് നോക്കിയാൽ അടുപ്പു കല്ല് കൂട്ടിയതു പോലെ പോലെ മൂന്ന് മലകൾ കാണാം എന്നതു കൊണ്ടാണ് ഇതിനെ പാലുകാച്ചി മല എന്ന് വിളിക്കുന്നത്.സമുദ്ര നിരപ്പിൽ നിന്ന് 2347 അടി ഉയരത്തിൽ പശ്ചിമ ഘട്ട മല നിരകളുടെ ഭാഗം ആയിട്ടാണ് പാലുകാച്ചി മല ഉള്ളത്.

മലകളുടെ ഭൂരിഭാഗം പ്രദേശങ്ങളും കൊട്ടിയൂർ പഞ്ചായത്തിൽ ആണ്.ബാക്കി ഭാഗം കേളകം പഞ്ചായത്തിലും. 1998 ൽ ആണ് പാലുകാച്ചിയെ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റണം എന്ന ആവശ്യം ശക്തമാകുന്നത്. അന്നും ഇക്കോ ടൂറിസം പദ്ധതി എന്ന ആശയമാണ് മുന്നോട്ട് വച്ചിരുന്നത്.

പാലുകാച്ചിയെ ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്താൻ ടൂറിസം വകുപ്പ് പല തവണ ശ്രമം നടത്തിയിരുന്നു. എന്നാൽ നടപടികൾ ഉണ്ടായില്ല.പിന്നീട് പത്ത് വർഷത്തിന് ശേഷം കൊട്ടിയൂരിൽ നിന്ന് പാലുകാച്ചിയിലേക്ക് ഉള്ള റോഡ് പ്രധാന മന്ത്രിയുടെ റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയതോടെ ആണ് വീണ്ടും പാലുകാച്ചി ടൂറിസം സാധ്യത ഉള്ള പ്രദേശങ്ങളുടെ കൂടെ ഇടം പിടിച്ചത്.

എന്നിട്ടും ഒന്നര പതിറ്റാണ്ട് വീണ്ടും കാത്തിരുന്ന ശേഷമാണ് ഇപ്പോൾ ട്രക്കിങ് ആശയത്തോടെ പദ്ധതിക്കു തുടക്കമാകുന്നത്. കൊട്ടിയൂർ, കേളകം പഞ്ചായത്തുകൾ സംയുക്തമായി നടത്തിയ നീക്കങ്ങളെ തുടർന്ന് ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ വനം വകുപ്പിന്റെ നിയന്ത്രണത്തിലാണ് പദ്ധതി ആരംഭിക്കുന്നത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/47120/paalkaachimala-trucking)