---
title: "തളിപ്പറമ്പ് നഗരസഭ സെക്രട്ടറിയുടെ നടപടി തടഞ്ഞു. എല്‍ഡി ക്ലാര്‍ക്കിനെ ജോലിയില്‍ പുനപ്രവേശിപ്പിക്കാന്‍ കോടതി ഉത്തരവ്"
english_title: "Municipal Corporation Secretary's action blocked"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/46836/municipal-corporation-secretarys-action-blocked"
published_at: "2022-06-03T08:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629979b4d8363_court.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭ സെക്രട്ടറിയുടെ നടപടി തടഞ്ഞു. എല്‍ഡി ക്ലാര്‍ക്കിനെ ജോലിയില്‍ പുനപ്രവേശിപ്പിക്കാന്‍ കോടതി ഉത്തരവ്

> **Lead Summary:** **പയ്യന്നൂര്‍:** വിവാദ നടപടിയിൽ കോടതി ഇടപെടൽ,കണ്ണൂര്‍ കോര്‍പ്പറേഷനിലേക്ക് സ്ഥലംമാറ്റിയ എല്‍ഡി ക്ലാര്‍ക്കിനെ തളിപ്പറമ്പ് നഗരസഭയില്‍ തല്‍സ്ഥാനത്ത് പുനപ്രവേശിപ്പിക്കാന്‍ ഉത്തരവായി. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ആണ് ഉടന്‍ പ്രാബല്യത്തോടെ കഴിഞ്ഞ ദിവസം ഉത്തരവിട്ടത്.

## Article Content

**പയ്യന്നൂര്‍:** വിവാദ നടപടിയിൽ കോടതി ഇടപെടൽ,കണ്ണൂര്‍ കോര്‍പ്പറേഷനിലേക്ക് സ്ഥലംമാറ്റിയ എല്‍ഡി ക്ലാര്‍ക്കിനെ തളിപ്പറമ്പ് നഗരസഭയില്‍ തല്‍സ്ഥാനത്ത് പുനപ്രവേശിപ്പിക്കാന്‍ ഉത്തരവായി. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ആണ് ഉടന്‍ പ്രാബല്യത്തോടെ കഴിഞ്ഞ ദിവസം ഉത്തരവിട്ടത്.

തളിപ്പറമ്പ് നഗരസഭയിൽ 2018 മുതല്‍ എല്‍ഡി ക്ലാര്‍ക്ക് തസ്തികയില്‍ കാഷ്യറായി ജോലിചെയ്യുന്ന കരിവെള്ളൂര്‍ പലിയേരി സ്വദേശി എം.സുരേന്ദ്രനെ നഗരസഭാ സെക്രട്ടറി ജോലിയില്‍നിന്ന് സസ്പെന്റ് ചെയ്ത നടപടി വിവാദമായിരുന്നു.ഇത് ചോദ്യം ചെയ്ത പരാതിക്കാരൻ കോടതിയെ സമീപിച്ചിരുന്നു.

തിരുവനന്തപുരത്തെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ കോടതി സെക്രട്ടറിയുടെ നടപടി തടയുകയും അന്ന് പരാതിക്കാരനെ തല്‍സ്ഥാനത്ത് തുടരാനനുവദിച്ചുകൊണ്ടു ഉത്തരവിട്ടിരുന്നതുമാണ്. എന്നാല്‍ ഈ ഉത്തരവുമായി രണ്ടുദിവസത്തിനുള്ളിലെത്തിയ ജീവനക്കാരനെ കോടതിയുത്തരവ് വകവെക്കാതെ ബാഹ്യശക്തികളുടെ പ്രേരണയാൽ കണ്ണൂര്‍ കോര്‍പ്പറേഷനിലേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവാണ് സെക്രട്ടറി നല്‍കിയത്.

ഇതേതുടര്‍ന്ന് സെക്രട്ടറി കോടതിയലക്ഷ്യം കാണിച്ചുവെന്ന പരാതിയുമായി സുരേന്ദ്രന്‍ വീണ്ടും കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ട്രിബ്യൂണല്‍ സെക്രട്ടറിയുടെ ഈ ഉത്തരവിനെ മൂന്നുമാസക്കാലത്തേക്ക് സ്‌റ്റേ ചെയ്യുകയുണ്ടായി. ട്രിബ്യൂണലിന്റെ ഉത്തരവ് നടപ്പാക്കാതെ കോടതിയലക്ഷ്യം നടത്തിയ സെക്രട്ടറിക്കെതിരെ അഭിഭാഷകന്‍ മുഖേന വീണ്ടും ട്രിബ്യൂണലിനെ സമീപിച്ചതിനെ തുടര്‍ന്നാണ് തളിപ്പറമ്പ് നഗരസഭയില്‍ എല്‍ഡി ക്ലര്‍ക്കായി സുരേന്ദ്രന് പുനപ്രവേശനം നല്‍കണമെന്ന വിധിയുണ്ടായത്.

ഇത് ഉടന്‍കാല പ്രാബല്യത്തോടെ നടപ്പാക്കണമെന്നും ഉത്തരവിലുണ്ട്. പരാതിക്കാരന്‍ അവധിയിലായിരുന്നപ്പോള്‍ സ്ഥലം മാറ്റ നടപടി സ്വീകരിച്ചത് സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോണ്‍ഗ്രസ് സംഘടനാ പ്രവര്‍ത്തകനായതിന്റെ പേരില്‍ തളിപ്പറമ്പ് നഗരസഭയിലെ ജീവനക്കാരനെ രാഷ്ട്രീയ പകപോക്കല്‍ നടത്തുന്നതായും ആക്ഷേപമുയര്‍ന്നിരുന്നു.അതിനിടയിലാണ് പരാതിക്കാരനനുകൂലമായ ഉത്തരവുണ്ടായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/46836/municipal-corporation-secretarys-action-blocked)