---
title: "പോലിസ് നടപടികളിലെ വിവേചനം സംസ്ഥാനത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കും: പി കെ ഉസ്മാന്‍"
english_title: "p k usman"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/46327/p-k-usman"
published_at: "2022-05-31T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62963928dda45_vac.jpg"
keywords: []
---

# പോലിസ് നടപടികളിലെ വിവേചനം സംസ്ഥാനത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കും: പി കെ ഉസ്മാന്‍

> **Lead Summary:** **തളിപ്പറമ്പ്: **പോലിസ് നടപടികളിലെ വിവേചനം സംസ്ഥാനത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍. 'ബിജെപി വംശഹത്യാ രാഷ്ട്രീയത്തിനെതിരേ ഐക്യപ്പെടുക, ഇരകളും വേട്ടക്കാരും തുല്യരല്ല' എന്ന സംസ്ഥാന തല കാംപയിനോടനുബന്ധിച്ച് തളിപ്പറമ്പില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

## Article Content

**തളിപ്പറമ്പ്: **പോലിസ് നടപടികളിലെ വിവേചനം സംസ്ഥാനത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍. 'ബിജെപി വംശഹത്യാ രാഷ്ട്രീയത്തിനെതിരേ ഐക്യപ്പെടുക, ഇരകളും വേട്ടക്കാരും തുല്യരല്ല' എന്ന സംസ്ഥാന തല കാംപയിനോടനുബന്ധിച്ച് തളിപ്പറമ്പില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇടതു സര്‍ക്കാര്‍ അവകാശപ്പെടുന്ന മതനിരപേക്ഷതയക്ക് വിപരീത ദിശയിലാണ് കേരളാ പോലീസ് നടപടികള്‍. സംഘപരിവാരത്തിന്റെ കൊലപാതകങ്ങള്‍ക്കും കൊലവിളികള്‍ക്കും തണലൊരുക്കുന്ന പോലീസ് ഫാഷിസത്തിനെതിരായ ചെറിയ ഇലയനക്കങ്ങളെ പോലും അപകടകരമായി ചിത്രീകരിച്ച് തടവിലാക്കുകയാണ്.

ആലപ്പുഴയില്‍ ആര്‍എസ്എസ്സിനെതിരേ ഒരു കുട്ടി വിളിച്ച മുദ്രാവാക്യം വളരെ ആസൂത്രിതമായി ഇതര മതവിശ്വാസികള്‍ക്കെതിരാണെന്നു പ്രചരിപ്പിക്കുകയും പോലീസ് ചടുലതയോടെ വേട്ട തുടങ്ങുകയുമായിരുന്നു. ആര്‍എസ്എസ്സും ജനം ടിവിയും എഡിറ്റ് ചെയ്തു പ്രചരിപ്പിച്ച വീഡിയോ ദൃശ്യങ്ങള്‍ക്കു പിന്നാലെ ഏറെ മതനിരപേക്ഷമെന്നു മേനി നടിക്കുന്ന കേരളീയ പൊതുസമൂഹവും, സര്‍ക്കാരും, പോലീസും പായുന്ന കാഴ്ചയാണ് നാം കാണുന്നത്. 

സംസ്ഥാനത്ത് സമീപകാലത്ത് ഏറ്റവുമധികം ചര്‍ച്ചയായ സംഘപരിവാരം തിരുവനന്തപുരത്ത് സംഘടിപ്പിച്ച വിദ്വേഷ സമ്മേളനത്തിലും വെണ്ണല പരിപാടിയിലും പി സി ജോര്‍ജിനെ മാത്രം നാടകീയമായി അറസ്റ്റുചെയ്ത് പൊതുസമൂഹത്തെ വിഡ്ഢികളാക്കുകയായിരുന്നു പോലീസ്. അവിടെ ദുര്‍ഗാദാസ്, വടയാര്‍ സുനില്‍ ഉള്‍പ്പെടെയുള്ള വിദ്വേഷ പ്രഭാഷകരെയോ സംഘാടകരെയോ ഇതുവരെ പ്രതിയാക്കുക പോലും ചെയ്തിട്ടില്ല. മതവിദ്വേഷത്തിന്റെ പേരില്‍ 153 എ പ്രകാരം കേസെടുക്കപ്പെട്ട സംഘപരിവാര നേതാക്കളില്‍ ഒരാളെ പോലും അറസ്റ്റുചെയ്യാത്ത പോലീസ് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട മുഴുവന്‍ കുറ്റാരോപിതരെയും തടവിലാക്കിയെന്നതും പ്രത്യേകം തിരിച്ചറിയേണ്ടതാണ്.

കേരളാ പോലീസില്‍ ആര്‍എസ്എസ്സിനു വേണ്ടി കൃത്യമായി പണിയെടുക്കുന്ന ഉദ്യോഗസ്ഥരുടെ സ്വാധീനം മറനീക്കി പുറത്തുവന്നിരിക്കുകയാണ്. പോലീസിനെ ആര്‍എസ്എസ് നിയന്ത്രണത്തില്‍ നിന്നു മോചിപ്പിക്കാന്‍ ഇടതു സര്‍ക്കാര്‍ തയ്യാറാവണമെന്നും അല്ലാത്തപക്ഷം കേരളത്തിന്റെ സാമൂഹികാന്തരീക്ഷം കലുഷിതമായി മാറുന്നതിന്റെ പൂര്‍ണമായ ഉത്തരവാദിത്വം സര്‍ക്കാരിനായിരിക്കുമെന്നും പി കെ ഉസ്മാന്‍ വ്യക്തമാക്കി.

പാർട്ടി ജില്ലാ പ്രസിഡണ്ട്‌ എ. സി ജലാലുദ്ധീൻ അധ്യക്ഷത വഹിച്ചു. ഹാറൂൺ കടവത്തൂർ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി മുസ്തഫ നാറാത്ത് സ്വാഗതവും,  തളിപ്പറമ്പ മണ്ഡലം വൈസ് പ്രസിഡണ്ട്‌ ഇബ്രാഹിം തിരുവട്ടൂർ നന്ദിയും പറഞ്ഞു.

പൊതുസമ്മേളനത്തിന് മുമ്പ് നടന്ന ബഹുജന റാലിക്ക് ജില്ലാ വൈസ് പ്രസിഡണ്ട്‌ എ ഫൈസൽ, ജില്ലാ സെക്രട്ടറി ശംസുദ്ധീൻ മൗലവി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഉമ്മർ മാസ്റ്റർ, കെ. ഇബ്രാഹിം, സൗദ നസീർ, ജില്ലാ ട്രഷറർ ആഷിക് അമീൻ, തളിപ്പറമ്പ മണ്ഡലം സെക്രട്ടറി എം. മുഹമ്മദലി  തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/46327/p-k-usman)