---
title: "സോഷ്യല്‍ മീഡിയയിലൂടെ വിദ്വേഷ പ്രചാരണം; കണ്ണൂരില്‍ രണ്ടുപേര്‍ക്കെതിരെ കേസ്"
english_title: "social media crime"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/44998/social-media-crime"
published_at: "2022-05-25T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628e55ee29fee_,.jpg"
keywords: []
---

# സോഷ്യല്‍ മീഡിയയിലൂടെ വിദ്വേഷ പ്രചാരണം; കണ്ണൂരില്‍ രണ്ടുപേര്‍ക്കെതിരെ കേസ്

> **Lead Summary:** **കണ്ണൂര്‍:** സമൂഹമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചരണത്തിനെതിരെ കണ്ണൂര്‍ ജില്ലയില്‍ പൊലീസ് നടപടി ശക്തമാക്കി. ഇതരമതവിദ്വേഷവും സ്പര്‍ധയുമുണ്ടാക്കുന്ന വിധത്തില്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റുകളിടുന്നവര്‍ക്കെതിരെയാണ് സൈബര്‍ പൊലീസിന്റെ സഹായത്തോടെ ജില്ലാപൊലിസ് നടപടി തുടങ്ങിയത്.

## Article Content

**കണ്ണൂര്‍:** സമൂഹമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചരണത്തിനെതിരെ കണ്ണൂര്‍ ജില്ലയില്‍ പൊലീസ് നടപടി ശക്തമാക്കി. ഇതരമതവിദ്വേഷവും സ്പര്‍ധയുമുണ്ടാക്കുന്ന വിധത്തില്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റുകളിടുന്നവര്‍ക്കെതിരെയാണ് സൈബര്‍ പൊലീസിന്റെ സഹായത്തോടെ ജില്ലാപൊലിസ് നടപടി തുടങ്ങിയത്.

ജില്ലയിലെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലും ഇതുസംബന്ധിച്ചു ജാഗ്രതാസന്ദേശം നല്‍കിയിട്ടുണ്ട്. പ്രാദേശിക വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ വിദ്വേഷ പ്രചരണം നടത്തുന്നവര്‍ക്കെതിരെയാണ് പൊലീസ് സ്റ്റേഷനുകളില്‍ നിരീക്ഷണം കര്‍ശനമാക്കിയിട്ടുള്ളത്. ഇത്തരം വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്‌മിന്മാരെയും പോസ്റ്റുകളിടുന്നവരെയും ഷെയര്‍ ചെയ്യുന്നവരെയും ഉടന്‍ അറസ്റ്റു ചെയ്യാനാണ് ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശം.

ആലപ്പുഴ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരം ഗ്രൂപ്പുകള്‍ക്കെതിരെ പൊലീസ് നടപടി ശക്തമാക്കിയിരുന്നു. വിദ്വേഷ പ്രചരണം നടത്തിയ 11 പേരെ അറസ്റ്റു ചെയ്തിരുന്നു. ഇതിനു ശേഷം പൊലീസ് നടപടിയെ ഭയന്ന് സോഷ്യല്‍ മീഡിയയിലൂടെയുള്ള വിദ്വേഷപ്രചരണം അല്‍പം അടങ്ങിയിരുന്നുവെങ്കിലും ഇപ്പോള്‍ ആലപ്പുഴയില്‍ പോപ്പുലര്‍ഫ്രണ്ട് നടത്തിയ ജനമഹാസംഗമത്തിന്റെ ഭാഗമായി ഒരു കുട്ടിമുഴക്കിയ അവലും, മലരും മുദ്രാവാക്യം പ്രകോപനം സൃഷ്ടിച്ച സാഹചര്യത്തില്‍ വീണ്ടും സോഷ്യല്‍മീഡിയിലൂടെ അനുകൂലിച്ചും പ്രതികൂലിച്ചും വിദ്വേഷം നിറഞ്ഞ പോസ്റ്റുകളും വീഡിയോയയുംപ്രചരിക്കുകയാണ്.

ഈ സാഹചര്യത്തിലാണ്ജില്ലാ പൊലിസ്മേധാവി ആര്‍. ഇളങ്കയോടെ നിര്‍ദ്ദേശ പ്രകാരം സൈബര്‍ പൊലിസ് അന്വേഷണം ശക്തമാക്കിയത്. ആലപ്പുഴയിലെ പോപ്പുലര്‍ഫ്രണ്ട് പ്രകടനത്തിന് അനുകൂലമായി ഫെയ്സ് ബുക്ക് പോസ്റ്റിടുകയും ഇതര മത വിദ്വേഷം നടത്തുകയും ചെയ്തതിന് കണ്ണൂര്‍ സ്വദേശികളായ എം.ലമീര്‍, ആരിഫ് എന്നിവര്‍ക്കെതിരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/44998/social-media-crime)