---
title: "മഴയിൽ സെപ്ടിക് ടാങ്കുകൾ തകർന്നു: ചിറവക്കിലെ സി.എം.ആർ വില്ലക്കെതിരെ പരാതിയുമായി താമസക്കാർ രംഗത്ത്"
english_title: "complaints against cmr villa"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/44026/complaints-against-cmr-villa"
published_at: "2022-05-21T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6288622fc81d6_Untitled-2 web.jpg"
keywords: []
---

# മഴയിൽ സെപ്ടിക് ടാങ്കുകൾ തകർന്നു: ചിറവക്കിലെ സി.എം.ആർ വില്ലക്കെതിരെ പരാതിയുമായി താമസക്കാർ രംഗത്ത്

> **Lead Summary:** **തളിപ്പറമ്പ്; ** തളിപ്പറമ്പ് ചിറവക്കിലെ സി.എം.ആർ വില്ലക്കെതിരെ ആരോപണങ്ങളുമായി താമസക്കാർ. മഴയെ തുടർന്ന് വില്ലയിൽ സെപ്ടിക് ടാങ്കുകൾ തകർന്നതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് താമസക്കാർ. അശാസ്ത്രീയമായ നിർമ്മാണമാണ് തകർച്ചക്ക് കാരണമെന്ന് താമസക്കാർ ആരോപിക്കുന്നു.

## Article Content

**തളിപ്പറമ്പ്; ** തളിപ്പറമ്പ് ചിറവക്കിലെ സി.എം.ആർ വില്ലക്കെതിരെ ആരോപണങ്ങളുമായി താമസക്കാർ. മഴയെ തുടർന്ന് വില്ലയിൽ സെപ്ടിക് ടാങ്കുകൾ തകർന്നതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് താമസക്കാർ. അശാസ്ത്രീയമായ നിർമ്മാണമാണ് തകർച്ചക്ക് കാരണമെന്ന് താമസക്കാർ ആരോപിക്കുന്നു.

മഴയെ തുടർന്ന് തളിപ്പറമ്പ് ചിറവക്കിലെ സി.എം.ആർ വില്ലയിലെ രണ്ട് സെപ്ടിക് ടാങ്കുകളാണ് ഇടിഞ്ഞു വീണത്. ഇതോടെയാണ് വില്ലകളിലെ താമസക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. സി.എം.ആറിന് ആകെ 32 വില്ലകളുള്ള ചിറവക്കിൽ 26 എണ്ണമാണ് പ്രവൃത്തി പൂർത്തിയാക്കിയത്.

അതിൽ താമസിക്കുന്നവരാണ് ആരോപണവും പ്രതിഷേധവുമായി എത്തിയത്. ഓരോ വീടുകൾക്കും ഓരോ സെപ്ടിക് ടാങ്കുകൾ വീതം നിർമ്മിക്കാതെ രണ്ട് വീടുകൾക്ക് ഒരു സെപ്ടിക് ടാങ്ക് എന്ന സ്ഥിതിയാണെന്ന് താമസക്കാർ ആരോപിച്ചു. തകർന്ന സെപ്ടിക് ടാങ്ക് ശരിയാക്കണമെന്ന ആവശ്യവുമായി വില്ല പ്രൊജക്ട് അധികൃതരെ ബന്ധപ്പെട്ടപ്പോൾ ഒഴിഞ്ഞു മാറുന്ന സമീപനമാണ് സ്വീകരിച്ചതെന്ന് പ്രതിഷേധക്കാർ പറഞ്ഞു.

നിലവിലെ വില്ലകൾക്ക് തൊട്ടുമുകളിലായി നിർമ്മാണ പ്രവൃത്തി നടക്കുന്ന സ്ഥലത്ത് തയ്യാറാക്കിയ മതിലും അശാസ്ത്രീയമായാണ് നിർമ്മിച്ചതെന്നും താമസക്കാർ ആരോപിച്ചു. അശാസ്ത്രീയമായാണ് സെപ്ടിക്ക് ടാങ്കുകൾ നിർമ്മിച്ചതെന്ന് ഇവർ പറയുന്നു. കോൺക്രീറ്റ് കൊണ്ട് സെപ്ടിക് ടാങ്ക് നിർമ്മിക്കുന്നതിന് പകരം ഒരു കുഴിയെടുത്ത് അതിന് മുകളിൽ സ്ലാബ് ഇടുക മാത്രമാണ് ചെയ്തതെന്നും താമസക്കാർ ആരോപിച്ചു.സംഭവസ്ഥലം തളിപ്പറമ്പ് നഗരസഭ കൗൺസിലർ പി.ഗോപിനാഥൻ, മുനിസിപ്പൽ എഞ്ചിനീയർ ജോർജ്ജ് തോമസ് എന്നിവർ സന്ദർശിച്ചു.

രണ്ടിടത്ത് സെപ്റ്റിക് ടാങ്കുകൾ ഭൂമിയിലേക്ക് ഊർന്നിറങ്ങി വീടിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കി. വാർത്ത അറിഞ്ഞതിന് ശേഷം  സി.എം.ആർ ഡെവലപ്പർ റെസ്റ്റിൻ സംഭവം സന്ദർശിക്കുന്നതിനോ അന്വേഷിക്കുന്നതിനോ ഉള്ള മിനിമം മര്യാദ പോലും കാണിച്ചില്ല.

അതേ സമയം കോൺക്രീറ്റ് ഭിത്തിക്ക് പകരം ലാറ്ററൈറ്റ് കല്ലുകൾ ഉപയോഗിച്ച് സംരക്ഷണഭിത്തിയുടെ അനധികൃത നിർമ്മാണം റെസ്റ്റിൻ ബോധപൂർവം ആരംഭിച്ചു. ജപ്പാൻ വാട്ടർ കണക്ഷൻ, തുറന്ന കിണർ തുടങ്ങിയ കരാർ പ്രകാരമുള്ള ആവശ്യങ്ങൾ നിറവേറ്റാതെ പണം തട്ടിയെടുത്ത് നിരവധി പേരുടെ സ്വപ്നങ്ങളാണ് ഈ തട്ടിപ്പുകാരൻ തകർത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/44026/complaints-against-cmr-villa)