---
title: "അതിതീവ്രമഴ: കണ്ണൂർ ജില്ലയിൽ ഇന്ന് റെഡ് അലർട്ട്, കൺട്രോൾ റൂമുകൾ തുറന്നു, ജാഗ്രത പാലിക്കുക"
english_title: "red alert in kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/43010/red-alert-in-kannur"
published_at: "2022-05-16T08:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6281c45dc683c_rain.jpg"
keywords: []
---

# അതിതീവ്രമഴ: കണ്ണൂർ ജില്ലയിൽ ഇന്ന് റെഡ് അലർട്ട്, കൺട്രോൾ റൂമുകൾ തുറന്നു, ജാഗ്രത പാലിക്കുക

> **Lead Summary:** കേരളത്തില്‍ അതിതീവ്ര മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രവചിക്കുന്നു. കണ്ണൂര്‍ ജില്ലയില്‍ മെയ് 16ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.റെഡ് അലേര്‍ട്ട്: മെയ് 16- എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍. കാലാവസ്ഥ വകുപ്പിന്‍റെ ഏറ്റവും ഉയര്‍ന്ന അലേര്‍ട്ടാണ് ഇത്.

## Article Content

കേരളത്തില്‍ അതിതീവ്ര മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രവചിക്കുന്നു. കണ്ണൂര്‍ ജില്ലയില്‍ മെയ് 16ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.റെഡ് അലേര്‍ട്ട്: മെയ് 16- എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍. കാലാവസ്ഥ വകുപ്പിന്‍റെ ഏറ്റവും ഉയര്‍ന്ന അലേര്‍ട്ടാണ് ഇത്.

അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.5മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇത് വലിയ അപകടങ്ങള്‍ക്ക് കാരണമായേക്കാവുന്ന മഴയാണ്. മെയ് 18നും 19നും കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് ഓറഞ്ച് അലേര്‍ട്ട്. 24 മണിക്കൂറില്‍ 115.6 മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. മെയ് 17ന് കണ്ണൂര്‍ ജില്ലയില്‍ യെലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 മില്ലി മീറ്റര്‍ വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അര്‍ത്ഥമാക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.

കേന്ദ്ര കാലാവസ്ഥാവകുപ്പ് സംസ്ഥാനത്ത് അതിതീവ്ര മഴ പ്രവചിച്ച സാഹചര്യത്തിൽ കണ്ണൂർ ജില്ലാ കളക്ടറേറ്റിലും താലൂക്കുകളിലും കൺട്രോൾ റൂമുകൾ തുറന്നു. ഫോൺ നമ്പറുകൾ: കളക്ടറേറ്റ്-04972 700645, 9446682300, കണ്ണൂർ താലൂക്ക് 04972 704969, തലശ്ശേരി 0490 2343813, പയ്യന്നൂർ 04985 204460, ഇരിട്ടി 0490 2494910, തളിപ്പറമ്പ് 0460 2203142. ഇവ 24 മണിക്കൂറും പ്രവർത്തിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/43010/red-alert-in-kannur)