---
title: "കൊട്ടിയൂർ വൈശാഖോത്സവം ഹരിതമാക്കാൻ കണ്ണപുരത്തുനിന്നും ഇരുന്നൂറിലേറെ ഓലക്കുട്ടകൾ"
english_title: "kottiyoor ulsavam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/42604/kottiyoor-ulsavam"
published_at: "2022-05-13T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627e65f6a1565_vac.jpg"
keywords: []
---

# കൊട്ടിയൂർ വൈശാഖോത്സവം ഹരിതമാക്കാൻ കണ്ണപുരത്തുനിന്നും ഇരുന്നൂറിലേറെ ഓലക്കുട്ടകൾ

> **Lead Summary:** **കൊട്ടിയൂർ: **വൈശാഖോത്സവം ഹരിതമാക്കാൻ കണ്ണപുരത്തുനിന്നും ഇരുന്നൂറിലേറെ ഓലക്കുട്ടകൾ. കണ്ണപുരം പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകരാണ് ഓലക്കുട്ടകൾ ഹരിതകേരള മിഷന് കൈമാറിയത്. കണ്ണപുരം പഞ്ചായത്തിലെ വിവിധ വാർഡുകളിലെ 43 കുടുംബശ്രീ പ്രവർത്തകരാണ് കുട്ടകൾ നിർമിച്ചത്.

## Article Content

**കൊട്ടിയൂർ: **വൈശാഖോത്സവം ഹരിതമാക്കാൻ കണ്ണപുരത്തുനിന്നും ഇരുന്നൂറിലേറെ ഓലക്കുട്ടകൾ. കണ്ണപുരം പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകരാണ് ഓലക്കുട്ടകൾ ഹരിതകേരള മിഷന് കൈമാറിയത്. കണ്ണപുരം പഞ്ചായത്തിലെ വിവിധ വാർഡുകളിലെ 43 കുടുംബശ്രീ പ്രവർത്തകരാണ് കുട്ടകൾ നിർമിച്ചത്.

ഓലക്കുട്ടകൾ കൊട്ടിയൂർ ഉത്സവ നഗരിയിലെ വിവിധ പ്രദേശങ്ങളിൽ മാലിന്യം നിക്ഷേപിക്കാനായി സ്ഥാപിക്കും. ഓലക്കുട്ടകളുടെ സ്വീകരണം വെള്ളിയാഴ്ച കൊട്ടിയൂരിൽ നടക്കും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യും. ഹരിതകേരള മിഷൻ ജില്ല കോ-ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ മുഖ്യാതിഥിയാകും.

കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ.സി. സുബ്രഹ്മണ്യൻ നായർ ഓലക്കുട്ടകൾ ഏറ്റുവാങ്ങും. വലിച്ചെറിയൽ ശീലം ഒഴിവാക്കുകയും ഭൂമിക്ക് ദോഷമാകുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങളുടെ ഉപയോഗം ഗണ്യമായി കുറയ്ക്കുകയുമാണ്‌ ഹരിതകേരള മിഷൻ ലക്ഷ്യമിടുന്നത്‌.

കൊട്ടിയൂർ ദേവസ്വവും കൊട്ടിയൂർ പഞ്ചായത്തും ഹരിത കേരളമിഷനുമായി സഹകരിച്ചാണ് വൈശാഖോത്സവം ഹരിത പ്രോട്ടോകോൾ പാലിച്ച് നടത്തുന്നത്. പ്ലാസ്റ്റിക് വെള്ളക്കുപ്പികളിടാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കുന്നുണ്ട്. ക്ഷേത്രപരിസരത്തെ ജൈവ-അജൈവ മാലിന്യം ഹരിതകർമസേനയെയും ശുചിത്വതൊഴിലാളികളെയും ഉപയോഗിച്ച് അതത് ദിവസം ശേഖരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/42604/kottiyoor-ulsavam)