---
title: "കണ്ണൂർ കൊടുവള്ളി റെയിൽവേ ഗേറ്റ് ലെവൽക്രോസിൽ ചരക്കുലോറി പാളത്തിൽ കുടുങ്ങിയ സംഭവം: റെയിൽവേയ്ക്ക് 1.77ലക്ഷം നഷ്ടപരിഹാരം നൽകണം"
english_title: "koduvally levelcross"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/42329/koduvally-levelcross"
published_at: "2022-05-12T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627cd52adb4ca_vac.jpg"
keywords: []
---

# കണ്ണൂർ കൊടുവള്ളി റെയിൽവേ ഗേറ്റ് ലെവൽക്രോസിൽ ചരക്കുലോറി പാളത്തിൽ കുടുങ്ങിയ സംഭവം: റെയിൽവേയ്ക്ക് 1.77ലക്ഷം നഷ്ടപരിഹാരം നൽകണം

> **Lead Summary:** കൊടുവള്ളി റെയിൽവേ ഗേറ്റ് ലെവൽക്രോസിൽ ചരക്കുലോറി കുടുങ്ങി തീവണ്ടി ഗതാഗതം തടസ്സപ്പെട്ട സംഭവത്തിൽ ലോറിയുടമ റെയിൽവേയ്ക്ക് 1,77,000 രൂപ നഷ്ടപരിഹാരം നൽകണം.റെയിൽവേയ്ക്ക് സംഭവിച്ച നഷ്ടത്തിനാണ് ഇത്രയും തുക കണക്കാക്കിയത്.

## Article Content

കൊടുവള്ളി റെയിൽവേ ഗേറ്റ് ലെവൽക്രോസിൽ ചരക്കുലോറി കുടുങ്ങി തീവണ്ടി ഗതാഗതം തടസ്സപ്പെട്ട സംഭവത്തിൽ ലോറിയുടമ റെയിൽവേയ്ക്ക് 1,77,000 രൂപ നഷ്ടപരിഹാരം നൽകണം.റെയിൽവേയ്ക്ക് സംഭവിച്ച നഷ്ടത്തിനാണ് ഇത്രയും തുക കണക്കാക്കിയത്.

ഇതുസംബന്ധിച്ച് റെയിൽവേ എൻജിനിയറിങ് വിഭാഗം റിപ്പോർട്ട് തയ്യാറാക്കി. ഡ്രൈവർ ശരൺരാജിനെതിരെ റെയിൽവേ നിയമപ്രകാരം ആർ.പി.എഫ്. കേസെടുത്തു. ആർ.പി.എഫ്. അറസ്റ്റുചെയ്ത ശരൺരാജിന് ജാമ്യം നൽകി. പിഴയടച്ച ശേഷം റെയിൽവേ നിയമപ്രകാരമുള്ള നടപടി നേരിടേണ്ടി വരും.

അപകടത്തെത്തുടർന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.35 മുതൽ മൂന്നുവരെ തീവണ്ടി ഗതാഗതം തടസ്സപ്പെട്ടിരുന്നു. നാല്‌ യാത്രാവണ്ടികളും ചരക്കുവണ്ടികളും വൈകി. ക്രെയിൻ ഉപയോഗിച്ചാണ് ലോറി പാളത്തിൽനിന്ന് മാറ്റിയത്. കൊടുവള്ളി റെയിൽവേ ഗേറ്റ് കടന്ന് അഞ്ചരക്കണ്ടി ഭാഗത്തേക്ക് പോകവെ കയറ്റത്തിൽ നിയന്ത്രണം വിട്ട് ലോറി പിന്നോട്ട് വരികയായിരുന്നു.

റെയിൽവേ ഗേറ്റിന്റെ തൂൺ തകർത്ത് ലോറി റെയിൽപ്പാളത്തിലെത്തി. കൊൽക്കത്തയിൽനിന്ന് ടവറിനുള്ള സ്റ്റീൽ സാധനങ്ങളുമായി ഇരിക്കൂറിലേക്ക് പോകുകയായിരുന്നു ലോറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/42329/koduvally-levelcross)