---
title: "ഭക്ഷ്യസുരക്ഷ പരിശോധന ബേക്കറികളിലേക്കും തട്ടുകടകളിലേക്കും വ്യാപിപ്പിക്കും,  എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും അടിയന്തര നിർദേശം"
english_title: "hotel raid in kerala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/42058/hotel-raid-in-kerala"
published_at: "2022-05-11T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627b61b4352d1_vac.jpg"
keywords: []
---

# ഭക്ഷ്യസുരക്ഷ പരിശോധന ബേക്കറികളിലേക്കും തട്ടുകടകളിലേക്കും വ്യാപിപ്പിക്കും,  എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും അടിയന്തര നിർദേശം

> **Lead Summary:** **തിരുവനന്തപുരം: **ഭക്ഷ്യസുരക്ഷ വകുപ്പ് ഹോട്ടലുകൾ കേന്ദ്രീകരിച്ച് നടത്തുന്ന പരിശോധന ബേക്കറികളിലേക്കും തട്ടുകടകളിലേക്കും വ്യാപിപ്പിക്കുന്നു. എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും അധികാരപരിധിയിൽ വരുന്ന ഇത്തരം കച്ചവട സ്ഥാപനങ്ങളിൽ കർശന പരിശോധന നടത്താൻ സർക്കാർ നിർദേശം നൽകി.

## Article Content

**തിരുവനന്തപുരം: **ഭക്ഷ്യസുരക്ഷ വകുപ്പ് ഹോട്ടലുകൾ കേന്ദ്രീകരിച്ച് നടത്തുന്ന പരിശോധന ബേക്കറികളിലേക്കും തട്ടുകടകളിലേക്കും വ്യാപിപ്പിക്കുന്നു. എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും അധികാരപരിധിയിൽ വരുന്ന ഇത്തരം കച്ചവട സ്ഥാപനങ്ങളിൽ കർശന പരിശോധന നടത്താൻ സർക്കാർ നിർദേശം നൽകി.

പാതയോരങ്ങളിലെ ഐസ്ക്രീം, ശീതളപാനീയ വിൽപനശാലകൾ, തട്ടുകടകൾ എന്നിവയിൽ തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗത്തെ ഉപയോഗിച്ച് അടിയന്തര പരിശോധന നടത്താൻ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നിർദേശിച്ചു. ഇവിടങ്ങളിലെ ശുചിത്വം, ആഹാരസാധനങ്ങളുടെയും പാനീയങ്ങളുടെയും പഴക്കം, ആരോഗ്യത്തിന് ഹാനികരമായ രാസപദാർഥങ്ങൾ ചേർത്തിട്ടുണ്ടോയെന്ന വിവരം തുടങ്ങിയവ ഉദ്യോഗസ്ഥർ വിലയിരുത്തണം.

ശുചിത്വമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനം അടിയന്തരമായി അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണം. ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തിൽ ഭക്ഷണം വിൽക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കണം. അന്തരീക്ഷ താപനില ഉയർന്നതിനാൽ മാംസാഹാരങ്ങൾ വേഗം കേടാകാൻ സാധ്യതയുണ്ട്. ഇത്തരം ഭക്ഷണം വിൽക്കുന്ന കടകളിൽ പരിശോധന നടത്തി ഗുണനിലവാരം ഉറപ്പുവരുത്തണം.

ഹോട്ടലുകൾ, ബേക്കറികൾ, ഫാസ്റ്റ് ഫുഡ് വിൽപന കേന്ദ്രങ്ങൾ, ആഹാരം പാകംചെയ്തും അല്ലാതെയും വിൽക്കുന്ന മറ്റ് സ്ഥാപനങ്ങൾ എന്നിവ തദ്ദേശ സ്ഥാപനങ്ങളുടെ ലൈസൻസോടെയാണോ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തണം. ലൈസൻസില്ലെങ്കിൽ ഉടൻ അടച്ചുപൂട്ടാൻ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/42058/hotel-raid-in-kerala)