---
title: "സുസ്ഥിര വികസന മുന്നേറ്റവുമായി തളിപ്പറമ്പ് : മണ്ഡലത്തിലെ വിവിധ മേഖലകളിലായി നടക്കുന്നത് 1110 കോടിയോളം രൂപയുടെ പ്രവർത്തികൾ"
english_title: "development in thalipparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/41924/development-in-thalipparamba"
published_at: "2022-05-10T18:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627a5e62d5206_vac.jpg"
keywords: []
---

# സുസ്ഥിര വികസന മുന്നേറ്റവുമായി തളിപ്പറമ്പ് : മണ്ഡലത്തിലെ വിവിധ മേഖലകളിലായി നടക്കുന്നത് 1110 കോടിയോളം രൂപയുടെ പ്രവർത്തികൾ

> **Lead Summary:** **തളിപ്പറമ്പ്: **മണ്ഡലത്തിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്, ഇതുവരെ ആർജിച്ച നേട്ടങ്ങൾ തുടരുകയും പുതിയ മുന്നേറ്റത്തിന് ഭാവനാപൂർണമായ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യുകയാണ്. ഇതിന്റെ ഭാഗമായി തളിപ്പറമ്പ് മണ്ഡലം വികസന സെമിനാർ മെയ് 16 തിങ്കൾ രാവിലെ 10:00ന് ഹജ്മൂസ് ഓഡിറ്റോറിയത്തിൽ തദ്ദേശസ്വയംഭരണ, എക്സെെസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻമാസ്റ്റർ ഉദ്ഘാടനം ചെയ്യും.

## Article Content

**തളിപ്പറമ്പ്: **മണ്ഡലത്തിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്, ഇതുവരെ ആർജിച്ച നേട്ടങ്ങൾ തുടരുകയും പുതിയ മുന്നേറ്റത്തിന് ഭാവനാപൂർണമായ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യുകയാണ്. ഇതിന്റെ ഭാഗമായി തളിപ്പറമ്പ് മണ്ഡലം വികസന സെമിനാർ മെയ് 16 തിങ്കൾ രാവിലെ 10:00ന് ഹജ്മൂസ് ഓഡിറ്റോറിയത്തിൽ തദ്ദേശസ്വയംഭരണ, എക്സെെസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻമാസ്റ്റർ ഉദ്ഘാടനം ചെയ്യും.

1110 കോടിയോളം രൂപയുടെ വിവിധ പ്രവൃത്തികളാണ് മണ്ഡലത്തിൽ വിവിധ മേഖലകളിലായി നടക്കുന്നത്. മണ്ണ് ജല സംരക്ഷണ പദ്ധതിയുടെ ഭാഗമായി 64 കോടി കോടി രൂപയുടെയും ജൽ ജീവൻ മിഷന്റെ ഭാഗമായി 200 കോടി രൂപയുടേയും പ്രവർത്തികളാണ് മണ്ഡലത്തിൽ നടക്കുന്നത്. ചൊറുക്കള ബാവുപ്പറമ്പ മയ്യിൽ എയർപോർട്ട് ലിങ്ക് റോഡ് ഉൾപ്പെടെ 551.63 കോടി രൂപയുടെ വിവിധ റോഡുകളുടെ പ്രവർത്തികളും നടന്നു വരികയാണ്.

മലബാർ റിവർ ക്രൂയിയം പദ്ധതിയുടെ 40 കോടിയോളം രൂപയുടെ ടൂറിസം പദ്ധതികളുടെ പ്രവർത്തി മണ്ഡലത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. തളിപ്പറമ്പ താലൂക്ക് ആശുപത്രി, മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രി, ഒടുവള്ളി സാമൂഹ്യാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലായി ഏകദേശം 80 കോടിയോളം രൂപയുടെ പ്രവർത്തിയും നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്.

തളിപ്പറമ്പ താലൂക്ക് ആശുപത്രി, മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രി, മയ്യിൽ ആശുപത്രി എന്നിവിടങ്ങളിൽ പുതിയതായി നടപ്പിലാക്കേണ്ട വികസന പ്രവർത്തനങ്ങളുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കി ആവശ്യമായ നടപടികൾ കെെക്കൊണ്ടുവരികയാണ്. ഉത്തരവാദിത്ത ടൂറിസത്തിന്റെ ഹബ്ബായി വെള്ളിക്കീലിനെ മാറ്റും. വെള്ളിക്കീൽ ടൂറിസം വികസനത്തിനായി 8 കോടി രൂപയാണ് ഈ വർഷത്തെ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുള്ളത്.

പിൽഗ്രിം ടൂറിസത്തിന്റെ ഭാഗമായി പ്രധാനക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് പിൽഗ്രിം സർക്യൂട്ട് നിർമ്മിക്കും. ഇതിന്റെ അനുമതി ലഭ്യമാകുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. കിലയുടെ അത്യാധുനിക നിലവാരത്തിലുള്ള ക്യാമ്പസാണ് തളിപ്പറമ്പിൽ സജ്ജമാക്കും. കിലയുടെ അഭിമുഖ്യത്തിൽ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കും.

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന്റെ (കില) തളിപ്പറമ്പ് ക്യാംപസിൽ അതിനൂതന നൈപുണ്യ വികസന കേന്ദ്രം നിർമ്മിക്കും. കില തളിപ്പറമ്പ് കാമ്പസിൽ ഇന്റർനാഷണൽ ഹോസ്റ്റൽ ബ്ലോക്ക് നിർമ്മിക്കുന്നതിനായി 3.90 കോടി രൂപയാണ് ബഡ്ജറ്റിൽ വകയിരുത്തിയത്. മയ്യിൽ സ്കൂൾ ഗ്രൗണ്ടിനായി 4 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

കുട്ടികളുടെ ശാരീരികോല്ലാസത്തിന് പ്രഥമ പരിഗണന നൽകുന്നതിന്റെ ഭാഗമായാണ് തുക വകയിരുത്തിയത്. ജി.വി.എച്ച്. എസ്.എസ്. കുറുമാത്തൂരിൻ്റെ വികസനത്തിന് 1 കോടി രൂപയുടെ ഭരണാനുമതിയായി. അംബേദ്‌കർ ഗ്രാമം പദ്ധതിയിൽ കുറ്റിക്കോൽ കോളനിക്കും നെല്ലിപ്പറമ്പ കോളനിക്കും ഒരു കോടി രൂപയുടെ വീതം ഭരണാനുമതി ലഭ്യമായിക്കഴിഞ്ഞു. കോളനികളുടെ അടിസ്ഥാന സൗകര്യം വർധിപ്പിക്കുന്നതിനാണ് തുക ചിലവഴിക്കുക.

കൂവോട്-പറപ്പൂൽ-വെള്ളിക്കീൽ റോഡിന് 2.5 കോടി രൂപയാണ് ബഡ്ജറ്റിൽ വകയിരുത്തിയത്. മലപ്പട്ടം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ബഡ്ജറ്റിൽ ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ മയ്യിലിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് 3 കൂടി രൂപ കിഫ്‌ബി സഹായത്തോടെ അനുവദിച്ചിട്ടുണ്ട്.

പരിയാരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ പുതിയ ഹയർ സെക്കണ്ടറി ബ്ലോക്ക് നിർമ്മിക്കുന്നതിനായും 3 കോടി രൂപ കിഫ്‌ബി സഹായത്തോടെ അനുവദിച്ചു. ഗവ. ഹൈസ്കൂൾ കുറ്റ്യേരിയിൽ അടിസ്ഥാന സൗകര്യ വികസനത്തിന് 1 കോടി രൂപ കിഫ്‌ബി സഹായത്തോടെ അനുവദിച്ചു.

ഗവ. ഹയർസെക്കണ്ടറി സ്കൂൾ മോറാഴയിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി 3കോടി രൂപ കിഫ്‌ബി സഹായത്തോടെ അനുവദിച്ചു. കൂവോട് പബ്ലിക് ലൈബ്രറി കെട്ടിട വിപുലീകരണത്തിന് 14 ലക്ഷം രൂപയും ചെറുശ്ശേരി സർഗ്ഗാലയ വിദ്യാഭ്യാസ സാംസ്‌കാരിക കേന്ദ്രത്തിന് 98 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

മങ്ങാട്ടുപറമ്പ് മാതൃ ശിശു ആശുപത്രി പീഡിയാട്രിക് ഐസിയുവിനായി 29.5 ലക്ഷം രൂപയും പറശ്ശിനിക്കടവ് കുടുംബാരോഗ്യ കേന്ദ്രം റോഡ് പുനരുദ്ധാരണത്തിന് 2.5 ലക്ഷം രൂപയും എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ചിട്ടുണ്ട്. ഒടുവള്ളി ഐസൊലേഷൻ വാർഡ് നിർമ്മാണത്തിനായി 1.74 കോടി രൂപ കിഫ്ബി ഫണ്ട്, എംഎൽഎ ഫണ്ട് എന്നിവ സംയോജിപ്പിച്ചു നടപ്പിലാക്കുകയാണ്.

കുറ്റ്യേരി ഹൈ സ്കൂൾ, ചട്ടുകപ്പാറ ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ ബസ്സ് സൗകര്യം ഏർപ്പെടുത്താൻ 22 ലക്ഷം വീതവുമാണ് എംഎൽഎ ഫണ്ട് അനുവദിച്ചത്. മോറാഴ സ്മാർട്ട് വില്ലേജ് ഓഫീസിനായി 44 ലക്ഷം രൂപ അനുവദിച്ചു. മലപ്പട്ടം പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് 20 ലക്ഷം രൂപ അനുവദിച്ചു. കുറുമാത്തൂർ പഞ്ചായത്ത് ഓഫീസ് നവീകരണത്തിന് 4 ലക്ഷം രൂപയും അനുവദിച്ചു. വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് ഗ്രാമീണ റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി മണ്ഡലത്തിലെ 23 ഗ്രാമീണ റോഡുകൾക്കായി 2 കോടി രൂപ അനുവദിച്ചു.

ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്തിലെ മങ്കര പാലത്തിന് 11.36 കോടി രൂപ അനുവദിച്ചു. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിലെ തിമിരി, വെള്ളാട് വില്ലേജുകളിൽ ജൽജീവൻ മിഷൻ പ്രവർത്തനത്തിന് 61.75 കോടി രൂപയാണ് അനുവദിച്ചത്. പന്നിയൂർ വില്ലേജ് ഓഫീസ് ചുറ്റുമതിൽ നിർമ്മാണത്തിന് 10 ലക്ഷം രൂപയും മണ്ഡലത്തിലെ വിവിധ തീരദേശ റോഡുകൾക്ക് 1.81 കോടി രൂപയും അനുവദിച്ചു. പി ഡബ്ല്യൂ ഡി റോഡുകളുടെ അറ്റകുറ്റ പണികൾക്ക് 66.25 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. തടിക്കടവ് ഹൈസ്കൂൾ വികസനത്തിന് 1 കോടി രൂപ വീതമാണ് അനുവദിച്ചത്. ചട്ടുകപ്പാറ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേജ്, ഓഡിറ്റോറിയം, ലൈബ്രറി എന്നിവയുടെ നിർമ്മാണത്തിന് 1.30 കോടി രൂപയും അനുവദിച്ചു. കുറുമാത്തൂർ പിഎച്ച്സി വികസന പ്രവർത്തനത്തിന് 15 ലക്ഷം രൂപയും തളിപറമ്പ് താലൂക്ക് ആശുപത്രിയിൽ മെറ്റെർനിറ്റി ബ്ലോക്ക് വിപുലീകരണത്തിന് 1 കോടി രൂപയും അനുവദിച്ചു.

അടൂർക്കടവ് പാലത്തിന്റെ പ്രവർത്തി ആരംഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണ്. ചപ്പാരപ്പടവ് പാലത്തിന്റെ പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടപ്രവർത്തനങ്ങൾക്കുള്ള നടപടി സ്വീകരിച്ചുവരികയാണ്. പ്രദേശവാസികൾക്ക് ഏറെ ഉപകാരപ്പെടുന്ന പാലമാണിത്. സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയും ആധുനിക സൗകര്യങ്ങളോടെയുള്ള പഠനം ഉറപ്പാക്കുകയും കുട്ടികളുടെ മാനസികവും ശാരീരികവുമായ വികസനത്തിന് മുഖ്യപരിഗണന നൽകുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി.

ഇതിന്റെ ഭാഗമായി ഈ അധ്യയന വർഷം എസ്എസ്എൽസി, +2 പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷയോടുള്ള പേടിയകറ്റുന്നതിനും ആത്മവിശ്വാസമുയർത്തുന്നതിനുമായി 'പരിരക്ഷ-2022' എന്ന പേരിൽ മോട്ടിവേഷൻ ക്ലാസ് വളരെ ഫലപ്രദമായി സംഘടിപ്പിച്ചു. മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ വികസനപരിപാടിയുടെ ഭാഗമായി മെയ് 28, 29 തീയ്യതികളിൽ കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിൽ 'ടേണിങ്ങ് പോയിന്റ്' എന്ന പേരിൽ കരിയർ ഗൈഡൻസ് എക്സ്പോ സംഘടിപ്പിക്കും.

ന്യൂജൻ കുടുംബശ്രീയിൽ ആധുനികവും വിദഗ്ധവുമായ നവസംരംഭങ്ങൾ ആരംഭിക്കും. കുടുംബശ്രീ ഹോട്ടലുകളുടെ നവീകരണം സാധ്യമാക്കും. ജനകീയ ഹോട്ടലുകൾക്കായി മൊബൈൽ ആപ്പ് വികസിപ്പിച്ചുകൊണ്ട് മണ്ഡലത്തിലെ ജനകീയ ഹോട്ടലുകളുടെ ശൃംഖല ഉണ്ടാക്കും. തളിപ്പറമ്പ് നഗരത്തിലെ വ്യവസായ - കച്ചവട സൗകര്യങ്ങളും സാധ്യതകളും വർദ്ധിപ്പിക്കുന്നതിന് പശ്ചാത്തലസൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ട്രേഡ് സെന്റർ ഒരുക്കും.

കുറ്റ്യാട്ടൂർ ഉൽപ്പന്നങ്ങളുടെ ഉദ്പാദന, വിപണന സാധ്യതകൾ വർദ്ധിപ്പിക്കാനുതകുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കും. ഭൗമസൂചിക പദവി ലഭിച്ച കുറ്റ്യാട്ടൂർ മാങ്ങയുടെ വിപണി വിപുലീകരണത്തിന് സംവിധാനമൊരുക്കും. മാംഗോ പാർക്ക് ആരംഭിക്കും. ഇന്റർ നാഷണൽ മാംഗോ ഫെസ്റ്റ് സംഘടിപ്പിക്കും. തളിപ്പറമ്പ് കേന്ദ്രമായി ഹെറിറ്റേജ് ടൂറിസം പദ്ധതി രൂപപ്പെടുത്തും. 1910ൽ പണിത തളിപ്പറമ്പ് താലൂക്ക് ഓഫീസ് കെട്ടിടം സംരക്ഷിച്ച് ഹെറിറ്റേജ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവർത്തനങ്ങൾ വിപുലീകരിക്കും.

പറശ്ശിനിക്കടവ് ടൂറിസം പ്രത്യേക പദ്ധതി തയ്യാറാക്കും. ഏറെ ആളുകൾ സന്ദർശിക്കുന്ന പറശ്ശിനിക്കടവിനെ ആധുനിക നിലവാരത്തിലുള്ള ടൂറിസം ഡെസ്റ്റിനേഷനാക്കും. പറശ്ശിനിയുടെ സർവ്വതോൻമുഖമായ വികസനം സാധ്യമാക്കും. ബോട്ട് ടെർമിനൽ, നടപ്പാത, ബയോ ടോയ്ലറ്റ്, ആർട്ടിസാൻസ് ഫുഡ് കോർട്ട്, പാർക്കിങ് യാർഡ്, തെയ്യം പെർഫോമിങ് യാർഡ്, മഡ് വാൾ മ്യൂസിയം, എന്നിവയുടെ സാധ്യത പരിശോധിക്കും. ഇലക്ട്രിക് വാഹനങ്ങളുടെ ചാർജ്ജിംഗ് സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി തളിപ്പറമ്പ് നിയോജക മണ്ഡലം പരിധിയിൽ പന്ത്രണ്ട് കേന്ദ്രങ്ങളിൽ വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും.

ഇലക്‌ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ് സംവിധാനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ഇത്തരം വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായുമാണ് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. തളിപ്പറമ്പ് ടൗൺ ടാക്സി സ്റ്റാൻഡ്, ധർമശാല, ചെക്യാട്ട്, ചേലേരിമുക്ക്, ചപ്പാരപ്പടവ് തെറ്റുന്ന റോഡ്, കാഞ്ഞിരങ്ങാട് ആർ ടി ഒ ഗ്രൗണ്ട്, കുറുമാത്തൂർ പൊക്കുണ്ട്, അഞ്ചാംപീടിക, മലപ്പട്ടം സെന്റർ, ചെറുവത്തലമൊട്ട,പറശ്ശിനിക്കടവ്,പൂവ്വം ടൗൺ എന്നീ കേന്ദ്രങ്ങളിലാണ് സ്റ്റേഷനുകൾ സ്ഥാപിക്കുക. തളിപ്പറമ്പിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്, സമഗ്രമായ കാഴ്ചപ്പാടോടുകൂടിയ പ്രവർത്തനങ്ങളാണ് മണ്ഡലത്തിൽ നടപ്പാക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/41924/development-in-thalipparamba)