---
title: "ഡിഐജിയെ സല്യൂട്ട് ചെയ്തില്ല ;കണ്ണൂരിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി"
english_title: "action against policers"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/41133/action-against-policers"
published_at: "2022-05-06T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6274ebcd5f722_vac.jpg"
keywords: []
---

# ഡിഐജിയെ സല്യൂട്ട് ചെയ്തില്ല ;കണ്ണൂരിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി

> **Lead Summary:** **കണ്ണൂർ:** ഡിഐജിയെ സല്യൂട്ട് ചെയ്യാത്തതിന് പോലീസുകാർക്കെതിരെ നടപടി. കുടുംബശ്രീ പ്രവർത്തകരുടെ കോർപറേഷൻ മാർച്ചിൽ ഡ്യൂട്ടി എടുത്ത പോലീസുകാർക്കെതിരായാണ് നടപടി. സംഭവസമയത്ത് അതുവഴി കടന്നുപോയ കണ്ണൂർ റേഞ്ച് ഡി.ഐ.ജി. രാഹുൽ ആർ. നായരെ പോലീസുകാർ ശ്രദ്ധിച്ചില്ല.

## Article Content

**കണ്ണൂർ:** ഡിഐജിയെ സല്യൂട്ട് ചെയ്യാത്തതിന് പോലീസുകാർക്കെതിരെ നടപടി. കുടുംബശ്രീ പ്രവർത്തകരുടെ കോർപറേഷൻ മാർച്ചിൽ ഡ്യൂട്ടി എടുത്ത പോലീസുകാർക്കെതിരായാണ് നടപടി. സംഭവസമയത്ത് അതുവഴി കടന്നുപോയ കണ്ണൂർ റേഞ്ച് ഡി.ഐ.ജി. രാഹുൽ ആർ. നായരെ പോലീസുകാർ ശ്രദ്ധിച്ചില്ല.

ഇതിൽ പ്രകോപിതനായാണ് ഡി.ഐ.ജി. പതിനഞ്ചോളം ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്. പോലീസുകാർക്ക് ഏഴു ദിവസം ഗാർഡ് ഡ്യൂട്ടി ശിക്ഷയാണ് വിധിച്ചത്.കണ്ണൂർ കോർപ്പറേഷൻ കോംപൗണ്ടിലെ ടേസ്റ്റി ഹട്ട് ഹോട്ടൽ പൊളിച്ചു നീക്കിയതിൽ പ്രതിഷേധിച്ചായിരുന്നു കുടുംബശ്രീ അംഗങ്ങളുടെ മാർച്ച്. മേയർ അഡ്വ .ടി.ഒ. മോഹനനെ കുടുംബശ്രീ പ്രവർത്തകർ ഓഫീസിൽ കയറാൻ അനുവദിക്കാതെ ഉപരോധിച്ചു.

കോർപ്പറേഷൻ ഓഫീസ് പ്രധാന കവാടത്തിന് മുന്നിൽ കുത്തിയിരുന്ന് സമരം നടത്തുന്നതിനിടെ ഓഫീസിലേക്കെത്തിയ മേയറെ എട്ടോളം വരുന്ന കുടുംബശ്രീ പ്രവർത്തകരാണ് പ്രതിഷേധത്തിന്റെ ഭാഗമായി തടഞ്ഞത്.സമരക്കാരും പോലീസും തമ്മിൽ ഏറെ നേരം പിടിവലി നടന്നു. 20 മിനിട്ടോളം സമയം കോർപറേഷൻ ഓഫീസ് സംഘർഷാവസ്ഥയിലായിരുന്നു.

ടൗൺ സി.ഐ. ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയാണ് രംഗം ശാന്തമാക്കിയത്.കോർപ്പറേഷൻ പരിസരം സംഘർഷഭരിതമായിരുന്നപ്പോഴാണ് ക്യാമ്പ് ഓഫീസിൽ നിന്ന് ഡി.ഐ.ജി. അതുവഴി കടന്നു പോയത്. പ്രതിഷേധക്കാരെ നിയന്ത്രിക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥർ അത് ശ്രദ്ധിച്ചില്ല.

ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർ ആരെന്ന് പരിശോധിച്ചാണ് ഡി.ഐ.ജി. നടപടി സ്വീകരിച്ചത്. സംഘർഷം നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായത് സേനയിൽ മുറുമുറുപ്പിന് ഇടയാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/41133/action-against-policers)