---
title: "തളിപ്പറമ്പ് തൃച്ചംബരം ഇലത്താളം വയലിലെ റിട്ട.അധ്യാപകനും സി.പി. ഐ.എം.നേതാവുമായ കെ. മാധവൻ മാസ്റ്റർ അന്തരിച്ചു "
english_title: "Elathalam field and CP IM leader K.S. Madhavan Master passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/41088/elathalam-field-and-cp-im-leader-ks-madhavan-master-passed-away"
published_at: "2022-05-06T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6274c6ee7a35b_vac.jpg"
keywords: []
---

# തളിപ്പറമ്പ് തൃച്ചംബരം ഇലത്താളം വയലിലെ റിട്ട.അധ്യാപകനും സി.പി. ഐ.എം.നേതാവുമായ കെ. മാധവൻ മാസ്റ്റർ അന്തരിച്ചു 

> **Lead Summary:** **തളിപ്പറമ്പ്: **തൃച്ചംബരം ഇലത്താളം വയലിലെ കെ മാധവൻ മാസ്റ്റർ അന്തരിച്ചു. സി.പി.എം മുൻ തളിപ്പറമ്പ സൗത്ത് ലോക്കൽ കമ്മിറ്റി അംഗ വും തൃഛംബരം ബ്രാഞ്ച് അംഗവുമാണ്. 1939 മെയ് ആറിന് തലശ്ശേരി മണ്ണയാട് പി സി കുഞ്ഞിരാമന്റെയും കേളോത്ത് നാരായണിയുടെയും അഞ്ചാമത്തെ മകനായി ദരിദ്ര ജീവിത പശ്ചാത്തലത്തിൽ പിറന്ന്, മണ്ണ യാട് ലക്ഷ്മിവിലാസം എൽ പി സ്കൂൾ, കാവുംഭാഗം യുപിസ്കൂൾ, തലശ്ശേരി ബി.ഇ എം പി ഹൈസ്കൂൾ, എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി കണ്ണൂർ ട്രെയിനിങ് സ്കൂളിൽ നിന്നും ടി.ടി.സി കഴിഞ്ഞ് 1958ൽ പടിഞ്ഞാറത്തറ യു.പി സ്കൂളിൽ തന്റെ പത്തൊമ്പതാമത്തെ വയസ്സിൽ അധ്യാപകനായി ജോലി ആരംഭിച്ചു.

## Article Content

**തളിപ്പറമ്പ്: **തൃച്ചംബരം ഇലത്താളം വയലിലെ കെ മാധവൻ മാസ്റ്റർ അന്തരിച്ചു. സി.പി.എം മുൻ തളിപ്പറമ്പ സൗത്ത് ലോക്കൽ കമ്മിറ്റി അംഗ വും തൃഛംബരം ബ്രാഞ്ച് അംഗവുമാണ്. 1939 മെയ് ആറിന് തലശ്ശേരി മണ്ണയാട് പി സി കുഞ്ഞിരാമന്റെയും കേളോത്ത് നാരായണിയുടെയും അഞ്ചാമത്തെ മകനായി ദരിദ്ര ജീവിത പശ്ചാത്തലത്തിൽ പിറന്ന്, മണ്ണ യാട് ലക്ഷ്മിവിലാസം എൽ പി സ്കൂൾ, കാവുംഭാഗം യുപിസ്കൂൾ, തലശ്ശേരി ബി.ഇ എം പി ഹൈസ്കൂൾ, എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി കണ്ണൂർ ട്രെയിനിങ് സ്കൂളിൽ നിന്നും ടി.ടി.സി കഴിഞ്ഞ് 1958ൽ പടിഞ്ഞാറത്തറ യു.പി സ്കൂളിൽ തന്റെ പത്തൊമ്പതാമത്തെ വയസ്സിൽ അധ്യാപകനായി ജോലി ആരംഭിച്ചു.

1965 വരെ പടിഞ്ഞാറത്തറയിലും പിന്നീട് 1994ൽ ഹെഡ്മാസ്റ്ററായി അധ്യാപക ജീവിതം അവസാനിക്കുന്നതുവരെ ചപ്പാരപ്പടവ് എൽ.പി സ്കൂളിലും അധ്യാപനം തുടർന്നു. 1959 കളിൽ വയനാട്ടിൽ അധ്യാപന ത്തോടോപ്പം പണിയരുടെ മക്കളെ അക്ഷരം പഠിപ്പിച്ചും പടിഞ്ഞാറത്തറ ഗ്രാമീണ വായനശാല സെക്രട്ടറിയായും അവിഭക്ത വയനാട് താലൂക്ക് ഗ്രന്ഥശാലാ യൂണിയൻ എക്സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ച് ആരംഭിച്ച സാമൂഹ്യ പ്രവർത്തനം 1965ൽ ചപ്പാരപ്പടവ് പഞ്ചായത്തിൽ കൂവേരിയിൽ താമസംആക്കുന്നതോടെ കൂടുതൽ സജീവമായി.

വികസനം വന്നെത്തിയിട്ടില്ലാത്ത ഗ്രാമത്തിൽ നല്ല ഒരു കൂട്ടായ്മ സൃഷ്ടിക്കുകയും അതിന്റെ കേന്ദ്രബിന്ദുവായി മാറിത്തീരുകയും, കൂവേരിയിൽ വലിയൊരു വികസന മുന്നേറ്റത്തിന് തുടക്കം കുറിക്കുകയും ചെയ്തു. ഇതോടെ റോഡ്, ബസ്സ്, വൈദ്യുതി, ബാലവാടി, വായനശാല, നെയ്ത്ത്ശാല, ടെലിഫോൺ എന്നിവ ഗ്രാമത്തിന്റെ സാമൂഹിക അന്തരീക്ഷത്തിന്റെ ഭാഗമായി. 1973ൽ മാധവൻ മാസ്റ്റർ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മെമ്പർ ആവുകയും പിന്നീട് പരിഷത്തിന്റെ നിരവധി സ്ഥാനങ്ങൾ അലങ്കരിക്കുകയും ചെയ്തു.

മാസ്റ്ററെ അറിയപ്പെടുന്ന ഒരു സാമൂഹ്യപ്രവർത്തകൻ ആക്കുന്നതിൽ പരിഷത്തും പരിഷത്തിനെ ജനകീയവൽക്കരിക്കുന്നതിൽ മാധവൻ മാസ്റ്ററും വഹിച്ച പങ്ക് ചെറുതല്ല. 1974ൽ കേരളത്തിൽ ആദ്യത്തെ ഗ്രാമശാസ്ത്ര സമിതി കൂവേരിയിൽ സ്ഥാപിക്കപ്പെട്ടു. 1977ൽ കൂവേരി മുതൽ പൂവച്ചൽ വരെ ശാസ്ത്ര സാംസ്കാരിക ജാഥ, ചെങ്ങളായി മുതൽ കൂവേരി വരെ നടത്തിയ നദീ സംരക്ഷണ ജാഥ, പുകയില്ലാത്ത അടുപ്പിന്റെ യും കക്കൂസിന്റെയും ഫീൽഡ് ടെസ്റ്റുകൾ, അങ്ങനെ കൂവേരി എന്ന ഗ്രാമം ചരിത്രത്തിന്റെ ഭാഗമാവുകയും കൂവേരി മാധവൻ മാസ്റ്റർ എന്ന് അറിയപ്പെട്ട് തുടങ്ങുകയും ചെയ്തു.

ഈ കാലയളവിൽ നിരവധിയായ ശാസ്ത്രജ്ഞർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കുവേരി എന്ന ഗ്രാമത്തിൽ എത്തിച്ചേർന്നു. കേവലം ഒരു അധ്യാപകൻ മാത്രമായിരുന്ന മാധവൻ മാസ്റ്റർ 1976 ആകുമ്പോഴേക്കും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ശാസ്ത്ര പ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറി, ഗ്രാമ ശാസ്ത്രസമിതി സംസ്ഥാന കൺവീനർ, ഔപചാരിക വിദ്യാഭ്യാസ സമിതി കൺവീനർ, എന്നീ നിലകളിലെല്ലാം പ്രവർത്തിക്കുന്ന നിലയിലേക്ക് വളർന്നുവന്നു. പരിഷത്ത് പ്രസിദ്ധീകരണങ്ങളായ യുറീക്ക, ശാസ്ത്രകേരളം,ഗ്രാമ ശാസ്ത്രം എന്നിവയുടെ പത്രാധിപ സമിതി അംഗമായും പ്രവർത്തിച്ചു. അങ്ങനെ മാസ്റ്റർ പരീക്ഷത്ത് മാധവൻ മാസ്റ്റർ എന്നും അറിയപ്പെട്ടു. മാധവൻ മാസ്റ്ററും പരിഷത്തും കൂവേരിയും തമ്മിലുള്ള ബന്ധങ്ങൾ പരസ്പരം ലയിച്ച് ചേർന്നവയാണ്.വേർതിരിക്കുക പ്രയാസകരവും.

കൂവേരിയിലെ തൊഴിൽരഹിതരായചെറുപ്പക്കാരെ കൂട്ടിച്ചേർത്തുകൊണ്ട് അസോസിയേഷൻ ഓഫ് സെൽഫ് എംപ്ലോയ്ഡ് യൂത്ത് (അസി ) രൂപീകരിക്കുകയും നെയ്ത്ത് പരിശീലനം, കൂൺ കൃഷി, തേനീച്ച വളർത്തൽ, 'അസി' എന്ന പേരിൽ കൈയെഴുത്തുമാസിക എന്നിവ ആരംഭിക്കുകയും ചെയ്തു. സാമൂഹ്യ പ്രവർത്തനവും പരന്ന വായനയും മാസ്റ്ററെ തികഞ്ഞ മതേതരവാദിയും ഇടത് ചിന്താഗതിക്കാരനുമാക്കിതീർത്തു. 1980ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി.

1979 മുതൽ 1995 വരെ കൂവേരി ഗ്രാമം ഉൾപ്പെടുന്ന ചപ്പാരപ്പടവ് പഞ്ചായത്ത് മെമ്പറും അതിൽ മൂന്ന് വർഷം പ്രസിഡണ്ട് ആയും പ്രവർത്തിച്ചു ( 1979 മുതൽ 1982 വരെ). അന്ന് നടപ്പിലാക്കിയ സോഷ്യൽ ഓഡിറ്റിങ്ങും, വനവൽക്കരണം, കക്കൂസ് നിർമ്മാണം, ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെയും പരിസ്ഥിതിബോധത്തിന്റെയും തെളിവുകളത്രെ.

1980 മുതൽ സിപിഐ എം അംഗമായും, ലോക്കൽ കമ്മിറ്റഅംഗം, പുരോഗമനകലാ സാഹിത്യസംഘം ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലെല്ലാം പ്രവർത്തിക്കുമ്പോഴും എല്ലാ വിഭാഗം ജനങ്ങളുടെയും സ്നേഹവും അംഗീകാരവും നേടിയെടുക്കാൻ അദ്ദേഹത്തിനു സാധിച്ചിരുന്നു. 1990ൽ താമസം കൂവേരിയിൽ നിന്ന് തളിപ്പറമ്പിലേക്ക് മാറ്റപ്പെട്ടതോടെ പ്രവർത്തന മേഖലയും വിപുലീകരിക്കപ്പെട്ടു. സമൂഹത്തിന്റെ സഹായം ലഭിക്കേണ്ടുന്ന, കൈത്താങ്ങ് ആവശ്യമായ വിഭാഗങ്ങളിലേക്ക്കൂടി പ്രവർത്തനം വ്യാപിപ്പിച്ചു.

കേരള സീനിയർ സിറ്റിസൺസ് ഫോറം, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗം, മൈത്രി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി, ഗവേണിംഗ് കൗൺസിൽ അംഗം, ഹോപ്പ് യൂണിറ്റ് അംഗം, ലൈബ്രറി കൗൺസിൽ തളിപ്പറമ്പ് മേഖലാ കമ്മിറ്റി, മാസ് ആർട്സ് സൊസൈറ്റി, കൾച്ചറൽ സെന്റർ ലൈബ്രറിസ്ഥാപക സെക്രട്ടറി , ഹോപ്പ് ലൈബ്രറിസ്ഥാപക പ്രസിഡണ്ട്‌ , വായനാ വീട് ഉപദേശകസമിതി അംഗം, ഇലത്താളം വയൽ റസിഡന്റ്സ് അസോസിയേഷൻ രക്ഷാധികാരി, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മറ്റി അംഗം, എന്നീ നിലകളിലെല്ലാം സജീവമായ ഇടപെടലുകൾ നടത്താൻ അദ്ദേഹത്തിന് സാധിച്ചു.

1998 മുതൽ 2008 വരെ സംസ്ഥാന സെക്രട്ടറിയും 2008 മുതൽ 2010 വരെ ജനറൽ സെക്രട്ടറിയുമായും കേരളത്തിലെ ഏറ്റവും വലിയ വയോജന പ്രസ്ഥാനമായ സീനിയർ സിറ്റിസൺസ് ഫോറത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചുകൊണ്ട് വയോജനങ്ങളുടെ പ്രശ്നങ്ങളിൽ വലിയ ഇടപെടലുകൾ നടത്തി. നഗരസഭ മുൻസിപ്പൽ ലവൽ എക്സ്പർട്ട് കമ്മിറ്റി അംഗം,തളിപ്പറമ്പ നഗരസഭാ ലൈബ്രറി കമ്മറ്റി അംഗം, നഗരസഭ ക്യാൻസർ നിയന്ത്രണ സമിതി കൺവീനർ, തളിപ്പറമ്പ് സബ്ട്രഷറി സോഷ്യൽ ഓഡിറ്റ് ജൂറി ചെയർമാൻ എന്നീ നിലകളിലും മാധവൻ മാസ്റ്റർ പ്രവർത്തിച്ചിട്ടുണ്ട്.

ഇതിനിടയിൽ നിരവധി പുരസ്കാരങ്ങൾ മാഷിനെ തേടിയെത്തി. 1989 ൽ പി ടി ഭാസ്ക്ക രപ്പണിക്കരുടെ പേരിലുള്ള ശാസ്ത്രയുടെ മികച്ച സാമൂഹ്യപ്രവർത്തകനുള്ള പ്രഥമ പുരസ്കാരം, 2007ൽ ഐ എ ഇ പി യുടെ പീസ് ആൻഡ് കൾച്ചറൽ അവാർഡ്, വൈസ് മെൻ ക്ലബ്ബിന്റെയും,ഹോപ്പിന്റെയും സ്നേഹാർച്ചന, 2008ൽ റോട്ടറി ക്ലബ്ബിന്റെ വൊക്കേഷനൽ എക്സലന്റ് അവാർഡ്, 2018ൽ കേരള സാഹിത്യ അക്കാദമി അവാർഡ്, ജില്ലാ ലൈബ്രറി കൗൺസിലിന്റെ മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള സി കെ ശേഖരൻമാസ്റ്റർ സ്മാരക പുരസ്കാരം, സീനിയർ സിറ്റിസൺസ് ഫോറം അഡ്വക്കേറ്റ് എം സി വി ഭട്ടതിരിപ്പാടിന്റെ പേരിൽ ഏർപ്പെടുത്തിയ വയോരത്നപുരസ്കാരം, എന്നിവ ഇതിൽ പെടുന്നു.

ഒരു സാമൂഹ്യപ്രവർത്തകന്റെ നാൾവഴി, മധുരിക്കും ഓർമ്മകൾ, വൃദ്ധ വിചാരം, അസി, എന്നീ നാല് പുസ്തകങ്ങൾ രചിച്ച മാധവൻ മാസ്റ്റർ പരിഷത്തിന്റെ ഓർമ്മച്ചെപ്പ്, പി ടി ഭാസ്കരപ്പണിക്കർ സ്മൃതി രേഖ, സി.ജി- ജനകീയ ശാസ്ത്രം, ജീവിതം. എന്നീ കൂട്ടു രചനകളും നടത്തിയിട്ടുണ്ട്. ഭാര്യ: കാർത്യായനി. മക്കൾ: യശ്പാൽ, ഗീത, സജീവ്, ബൈജു. മരുമക്കൾ: സിന്ധു, ബിന്ദു, സപ്ന, പരേതനായ രാജൻ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/41088/elathalam-field-and-cp-im-leader-ks-madhavan-master-passed-away)