---
title: "പിലാത്തറയിൽ മദ്യലഹരിയിൽ ലോറിയുടെ അഭ്യാസം, ഡിവൈഡറുകൾ തകർത്ത് 500 മീറ്റർ മുന്നോട്ട്, വൻ ദുരന്തം ഒഴിവായി"
english_title: "Pilathara Drunk Lorry Accident Divider Culvert Damaged"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/393037/pilathara-drunk-lorry-accident-divider-culvert-damaged"
published_at: "2026-11-24T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b05b84320295_1001018237.jpg"
keywords: ["Pilathara", "Lorry Accident", "Drunk Driving", "Kerala Police", "National Highway"]
---

# പിലാത്തറയിൽ മദ്യലഹരിയിൽ ലോറിയുടെ അഭ്യാസം, ഡിവൈഡറുകൾ തകർത്ത് 500 മീറ്റർ മുന്നോട്ട്, വൻ ദുരന്തം ഒഴിവായി

> **Lead Summary:** **പിലാത്തറ: **മദ്യലഹരിയിൽ അമിതവേഗതയിലെത്തിയ ചരക്ക് ലോറി റോഡിലെ ഡിവൈഡറുകളും കൾവർട്ടും പോസ്റ്റുകളും തകർത്ത് ഏകദേശം 500 മീറ്ററോളം മുന്നോട്ട് നീങ്ങിയ സംഭവത്തിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ഇന്ന് രാവിലെ 10 മണിയോടെ പിലാത്തറ ഭാഗത്താണ് സംഭവം.

## Article Content

**പിലാത്തറ: **മദ്യലഹരിയിൽ അമിതവേഗതയിലെത്തിയ ചരക്ക് ലോറി റോഡിലെ ഡിവൈഡറുകളും കൾവർട്ടും പോസ്റ്റുകളും തകർത്ത് ഏകദേശം 500 മീറ്ററോളം മുന്നോട്ട് നീങ്ങിയ സംഭവത്തിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ഇന്ന് രാവിലെ 10 മണിയോടെ പിലാത്തറ ഭാഗത്താണ് സംഭവം.

മലപ്പുറത്തുനിന്ന് 35 ടൺ ഭാരമുള്ള പ്ലൈവുഡുമായി പൂന ഭാഗത്തേക്ക് പോവുകയായിരുന്ന ശ്രീ മഹാദേവ എന്ന നാഷണൽ പെർമിറ്റ് ലോറിയാണ് (നമ്പർ: KA 01 AM 8710) അപകടത്തിൽപ്പെട്ടത്. ലോറി ഓടിച്ചിരുന്ന മലപ്പുറം മഞ്ചേരി സ്വദേശി സിജുമോൻ (36) ഉൾപ്പെടെ കൂടെയുണ്ടായിരുന്ന രണ്ട് സഹായികളും മദ്യലഹരിയിലായിരുന്നു എന്നാണ് വിവരം.

പിലാത്തറ കെ.എസ്.ടി.പി സർവീസ് റോഡിൽ നിന്നും ദേശീയപാതയിലേക്ക് (NH) കടക്കുന്ന ഭാഗത്തുള്ള ഡിവൈഡറുകൾ ഇടിച്ചുനിരത്തിയ ലോറി, അണ്ടർപാസിന്റെ വശത്തുകൂടി പയ്യന്നൂർ സർവീസ് റോഡിലേക്ക് കടക്കുന്ന ഭാഗത്തുള്ള കൾവർട്ടിലും പോസ്റ്റുകളിലും ഇടിച്ചാണ് മുന്നോട്ട് നീങ്ങിയത്. വാഹനത്തിന്റെ ടയറുകൾ ഊരിത്തെറിച്ച് റിമ്മിലൂടെയാണ് ലോറി മുന്നോട്ട് നീങ്ങിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു.

തിരക്കേറിയ സമയത്ത് സർവീസ് റോഡിലൂടെയും സമീപത്തുമായി ധാരാളം ഇരുചക്രവാഹനങ്ങളും മറ്റ് വാഹനങ്ങളും സഞ്ചരിക്കാറുണ്ട്. വാഹനം വഴിതെറ്റി വന്നപ്പോൾ മുന്നിലുണ്ടായിരുന്ന വാഹനങ്ങൾ സമയോചിതമായി മാറിയതിനാലാണ് വലിയൊരു ജീവഹാനി ഒഴിവായത്. അപകടത്തെത്തുടർന്ന് പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.

വിവരമറിഞ്ഞെത്തിയ പോലീസ് ലോറി ഡ്രൈവറെയും രണ്ട് സഹായികളെയും കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/393037/pilathara-drunk-lorry-accident-divider-culvert-damaged)