---
title: "ക്രിസ്മസ് കേക്കുകൾക്ക് ഉപയോഗിക്കാനായി സൂക്ഷിച്ച ചീഞ്ഞതും പുഴുവരിക്കുന്നതുമായ 16,000-ത്തിലധികം മുട്ടകൾ പിടിച്ചെടുത്തു"
english_title: "Kozhikode Rotten Eggs Seized Christmas Cake Food Safety Raid Kunnamangalam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392999/kozhikode-rotten-eggs-seized-christmas-cake-food-safety-raid"
published_at: "2026-11-24T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b055f4703a85_1001018197.jpg"
keywords: ["Kozhikode", "Rotten Eggs", "Food Safety", "Christmas Cake", "Kunnamangalam", "Mavoor"]
---

# ക്രിസ്മസ് കേക്കുകൾക്ക് ഉപയോഗിക്കാനായി സൂക്ഷിച്ച ചീഞ്ഞതും പുഴുവരിക്കുന്നതുമായ 16,000-ത്തിലധികം മുട്ടകൾ പിടിച്ചെടുത്തു

> **Lead Summary:** *കോഴിക്കോട്:* ക്രിസ്മസ് - പുതുവത്സരാഘോഷത്തിന് തയാറാക്കുന്ന കേക്കുകളിൽ ഉപയോഗിക്കാനായി ചീഞ്ഞതും പുഴുവരിക്കുന്നതുമായ മുട്ടകൾ. കോഴിക്കോട് ജില്ലയിലെ കുന്നമംഗലം ഫുഡ് സേഫ്റ്റി സർക്കിളിൽ നടത്തിയ പരിശോധനയിൽ മനുഷ്യോപയോഗത്തിന് യോഗ്യമല്ലാത്ത 16,000-ത്തിലധികം മുട്ടകൾ പിടിച്ചെടുത്തു നശിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

## Article Content

*കോഴിക്കോട്:* ക്രിസ്മസ് - പുതുവത്സരാഘോഷത്തിന് തയാറാക്കുന്ന കേക്കുകളിൽ ഉപയോഗിക്കാനായി ചീഞ്ഞതും പുഴുവരിക്കുന്നതുമായ മുട്ടകൾ. കോഴിക്കോട് ജില്ലയിലെ കുന്നമംഗലം ഫുഡ് സേഫ്റ്റി സർക്കിളിൽ നടത്തിയ പരിശോധനയിൽ മനുഷ്യോപയോഗത്തിന് യോഗ്യമല്ലാത്ത 16,000-ത്തിലധികം മുട്ടകൾ പിടിച്ചെടുത്തു നശിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

മാവൂർ ഗ്വാളിയർ റയൺസ് മേഖലയിലെ രണ്ട് സ്ഥാപനങ്ങളായ പുനത്തിൽ, പി.യു. എഗ്സ്റ്റോൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. നല്ല മുട്ടകൾക്കൊപ്പം പൊട്ടിയതും ചീഞ്ഞതും പ്രാണികൾ ആക്രമിച്ചതുമായ മുട്ടകൾ ബേക്കറി നിർമാണ യൂണിറ്റുകൾക്ക് വിൽപ്പന നടത്തുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

പരിശോധനയിൽ ഇത്തരം മുട്ടകൾ എസി സൗകര്യത്തിലും അല്ലാതെയും സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. രണ്ട് സ്ഥാപനങ്ങൾക്കും കൂടി പ്രതിദിനം ഏകദേശം രണ്ടേമുക്കാൽ ലക്ഷം രൂപയുടെ വിറ്റുവരവുള്ളതായാണ് വിവരം.

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് മനുഷ്യോപയോഗത്തിന് യോഗ്യമല്ലാത്ത ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തുന്നത് ഗുരുതരമായ നിയമലംഘനമാണ്. പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന നടപടി സ്വീകരിക്കും.

സ്ഥാപനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചതോടൊപ്പം, ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം, 2006 പ്രകാരം അഡ്ജുഡിക്കേഷൻ നടപടികളും ആരംഭിക്കും.

സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുക എന്നത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മാത്രം ഉത്തരവാദിത്വമല്ല, ഭക്ഷ്യവസ്തുക്കൾ ഉൽപ്പാദിപ്പിക്കുകയും സംഭരിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്ന ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മീഷണർ ഡോ. ജോസഫ് കുര്യാക്കോസ് പറഞ്ഞു.

കുന്നമംഗലം ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. എ.പി. അനു എ.പി., എലത്തൂർ ഫുഡ് സേഫ്റ്റി ഓഫീസർ സി.എ. വിമൽ, അസിസ്റ്റന്റ് ബിജിത്ത് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392999/kozhikode-rotten-eggs-seized-christmas-cake-food-safety-raid)