---
title: "അരിയിൽ ഷുക്കൂർ വധക്കേസ്: വെറുതെ വിട്ടതിൽ പ്രതികരണവുമായി പി കെ കുഞ്ഞാലിക്കുട്ടി, അപ്പീൽ നൽകുമെന്ന് ലീഗ്"
english_title: "Ariyal Shukoor Case PK Kunhalikutty Reaction Appeal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392290/ariyal-shukoor-case-pk-kunhalikutty-reaction-appeal"
published_at: "2026-11-19T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afebd2e9f0ba_1001006691.jpg"
keywords: ["Ariyal Shukoor", "PK Kunhalikutty", "Muslim League", "Appeal", "P Jayarajan"]
---

# അരിയിൽ ഷുക്കൂർ വധക്കേസ്: വെറുതെ വിട്ടതിൽ പ്രതികരണവുമായി പി കെ കുഞ്ഞാലിക്കുട്ടി, അപ്പീൽ നൽകുമെന്ന് ലീഗ്

> **Lead Summary:** തിരുവനന്തപുരം: അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജനേയും ടി വി രാജേഷിനേയും ഉൾപ്പെടെ വെറുതെ വിട്ടതിൽ പ്രതികരണവുമായി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. തങ്ങൾ വെറുതെയിരിക്കാൻ പോകുന്നില്ലെന്നും നിയമത്തിന്റെ സാധ്യമായ എല്ലാ വഴികളും തേടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൊലയ്ക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നത് വ്യക്തമാണ്. സാക്ഷികൾ എത്താതിരുന്നതാണ് കോടതിയിൽ തിരിച്ചടിയായതെന്നും സാക്ഷികൾക്ക് ഭീഷണിയുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

## Article Content

തിരുവനന്തപുരം: അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജനേയും ടി വി രാജേഷിനേയും ഉൾപ്പെടെ വെറുതെ വിട്ടതിൽ പ്രതികരണവുമായി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. തങ്ങൾ വെറുതെയിരിക്കാൻ പോകുന്നില്ലെന്നും നിയമത്തിന്റെ സാധ്യമായ എല്ലാ വഴികളും തേടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൊലയ്ക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നത് വ്യക്തമാണ്. സാക്ഷികൾ എത്താതിരുന്നതാണ് കോടതിയിൽ തിരിച്ചടിയായതെന്നും സാക്ഷികൾക്ക് ഭീഷണിയുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷുക്കൂർ എന്ന ബാലനെ മൃഗീയമായും പൈശാചികമായുമാണ് കൊലപ്പെടുത്തിയതെന്ന് എല്ലാവർക്കും അറിയാമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആ കൊലപാതകം യാദൃശ്ചികമായി സംഭവിച്ചതല്ല. വിളിച്ചിറക്കി കൊണ്ടുപോയി ആസൂത്രിതമായി വധിക്കുകയായിരുന്നു. സാക്ഷികൾ ഭയന്ന് കോടതിയിൽ വരാതിരുന്നതാണ് കേസിൽ തിരിച്ചടിയായത്. പല സാക്ഷികളും മുറ്റത്ത് വരെ വന്നിട്ട് മടങ്ങിയത് പല മാധ്യമങ്ങളും വാർത്തയാക്കിയിരുന്നു. സാക്ഷികൾക്ക് ഭീഷണിയുണ്ടായിരുന്നു എന്ന കാര്യം എല്ലാവർക്കുമറിയാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചി സിബിഐ പ്രത്യേക കോടതിയാണ് പി ജയരാജനെ ഉൾപ്പെടെ വെറുതെ വിട്ടത്. കേസിലെ മറ്റു പ്രതികളായ ടി വി രാജേഷ്, ഉമേശൻ, ഗണേശൻ, ശ്യാംജിത്, പ്രകാശൻ, അജയൻ, രാജീവൻ എന്നിവരേയും വെറുതെ വിട്ടു. ഒന്നാം പ്രതി സുമേഷ്, മൂന്നാം പ്രതിയായ അനൂപ്, 7-ാം പ്രതി പവിത്രൻ, 9 മനോഹരൻ, 10-ാം പ്രതി ദിനേശൻ എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. സിപിഐഎം നേതാക്കളും പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മകൻ ശ്യാംജിത്തും ഉൾപ്പെടെ പതിനെട്ട് പേരെയാണ് കുറ്റവിമുക്തരാക്കിയത്. ഒന്നാം പ്രതി സുമേഷ് ഉൾപ്പെടെ പതിമൂന്ന് പ്രതികൾക്കെതിരെയുള്ള കുറ്റങ്ങൾ നിലനിൽക്കുമെന്ന് കോടതി നിരീക്ഷിച്ചു. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മുസ്ലിംലീഗ് നേതൃത്വവും ഷുക്കൂറിന്റെ ബന്ധുക്കളും പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392290/ariyal-shukoor-case-pk-kunhalikutty-reaction-appeal)