---
title: "അരിയിൽ ഷുക്കൂർ വധക്കേസ്: പി ജയരാജനെയും ടി വി രാജേഷിനെയും കോടതി വെറുതെ വിട്ടു"
english_title: "Ariyal Shukoor Murder Case P Jayarajan TV Rajesh Acquitted"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/392253/ariyal-shukoor-case-p-jayarajan-tv-rajesh-acquitted"
published_at: "2026-11-19T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afe8e8fa414d_1001006055.jpg"
keywords: ["Ariyal Shukoor", "P Jayarajan", "TV Rajesh", "CBI Court", "Acquitted"]
---

# അരിയിൽ ഷുക്കൂർ വധക്കേസ്: പി ജയരാജനെയും ടി വി രാജേഷിനെയും കോടതി വെറുതെ വിട്ടു

> **Lead Summary:** **എറണാകുളം: **യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂറിനെ വധിച്ച കേസിൽ പ്രതികളായ സിപിഎം നേതാക്കൾ പി ജയരാജനെയും ടി വി രാജേഷിനെയും കോടതി വെറുതെ വിട്ടു. ഇരുവർക്കുമെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ലെന്ന് കോടതി കണ്ടെത്തി. എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയാണ് കേസിൽ വിധി പ്രസ്താവിച്ചത്. പതിനാലുവർഷത്തിനുശേഷമാണ് വിധി.

## Article Content

**എറണാകുളം: **യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂറിനെ വധിച്ച കേസിൽ പ്രതികളായ സിപിഎം നേതാക്കൾ പി ജയരാജനെയും ടി വി രാജേഷിനെയും കോടതി വെറുതെ വിട്ടു. ഇരുവർക്കുമെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ലെന്ന് കോടതി കണ്ടെത്തി. എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയാണ് കേസിൽ വിധി പ്രസ്താവിച്ചത്. പതിനാലുവർഷത്തിനുശേഷമാണ് വിധി.

മറ്റ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ശിക്ഷാവിധി പിന്നീട്. കേസിൽ പി ജയരാജൻ 32-ാം പ്രതിയും ടി വി രാജേഷ് 33-ാം പ്രതിയുമായിരുന്നു. ഷുക്കൂറിന്റെ മാതാവ് പി സി ആത്തിക്കയുടെ ഹർജിയിൽ ഹൈക്കോടതിയാണ് കേസ് സിബിഐക്ക് വിട്ടത്.

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന് നേരെ ആക്രമണം ഉണ്ടായതിന്റെ പ്രതികാരമായാണ് അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയത് എന്നാണ് സിബിഐ കേസ്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315-ാം നമ്പർ മുറിയിൽ വച്ച് പി ജയരാജനും ടി വി രാജേഷും അടക്കമുള്ളവർ ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പ്രധാന ആരോപണം. ഇതിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയിരുന്നു.

കേസിൽ ആകെ 82 സാക്ഷികളാണ് ഉണ്ടായിരുന്നത്. എന്നാൽ, പ്രതികൾക്കെതിരെ പൊലീസിൽ മൊഴി നൽകിയ പ്രധാന സാക്ഷികൾ ഉൾപ്പെടെയുള്ളവർ കോടതിയിൽ ഹാജരായിരുന്നില്ല. 2012 ഫെബ്രുവരി 20 നാണ് തളിപ്പറമ്പിലെ ചുള്ളിയോട് വയലിൽ വെച്ച് ഷുക്കൂറിനെ കൊലപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/392253/ariyal-shukoor-case-p-jayarajan-tv-rajesh-acquitted)