---
title: "കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് വികസന സൊസൈറ്റി യോഗം ചേർന്നു"
english_title: "Kannur Govt Medical College Development Society Meeting Facilities For Patients"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391942/kannur-govt-medical-college-development-society-meeting"
published_at: "2026-11-17T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afbda2a85e89_1001000993.jpg"
keywords: ["Kannur Medical College", "HDS", "Hospital Facilities", "Kannur"]
---

# കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് വികസന സൊസൈറ്റി യോഗം ചേർന്നു

> **Lead Summary:** കണ്ണൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്ന രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കുമുള്ള സൗകര്യങ്ങൾ വർധിപ്പിക്കും. പുനസംഘടിപ്പിച്ച എച്ച്ഡിസിയുടെ ആദ്യ യോഗത്തിലാണ് തീരുമാനം.

## Article Content

കണ്ണൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്ന രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കുമുള്ള സൗകര്യങ്ങൾ വർധിപ്പിക്കും. പുനസംഘടിപ്പിച്ച എച്ച്ഡിസിയുടെ ആദ്യ യോഗത്തിലാണ് തീരുമാനം.

രോഗികൾക്കാവശ്യമായ മരുന്നുകൾ തടസ്സമില്ലാതെ എത്തിച്ചുനൽകും. ആവശ്യത്തിന് ഡോക്ടർമാർ, സ്റ്റാഫ് നഴ്സ് എന്നിവരെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കും. മികച്ച പരിശോധനാ സംവിധാനങ്ങൾ ഒരുക്കുന്നതിനോടൊപ്പം രോഗികൾക്ക് വീൽ ചെയർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ കാര്യക്ഷമമാക്കാനും യോഗത്തിൽ തീരുമാനമായി. ആശുപത്രിയിലെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനാവശ്യമായ വികസന പദ്ധതിക്കും യോഗം രൂപം നൽകി.

കൂട്ടിരിപ്പിന് ആളില്ലാത്ത രോഗികൾക്ക് ഡയപ്പർ വിതരണം, ആശുപത്രിക്ക് ചുറ്റും വൈദ്യുതി വിളക്കുകൾ സ്ഥാപിക്കൽ, രോഗികൾക്കും ബന്ധുക്കൾക്കും ഇരിപ്പിട സൗകര്യം വർധിപ്പിക്കൽ, ആശുപത്രി സൗന്ദര്യവൽക്കരണം തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കുന്നതിന് ആവശ്യമായ ഫണ്ട് കണ്ടെത്താനും തീരുമാനമായി.

കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ 13.9 കോടി രൂപ ചെലവിൽ സ്ഥാപിക്കുന്ന എംആർഐ സ്കാനിങ്ങിന് ആവശ്യമായ ജീവനക്കാരെ നിയമിക്കും. മെഡിക്കൽ കോളേജ് ആശുപത്രിയിൽ താൽക്കാലികമായി നിയമിച്ച ജീവനക്കാരുടെ നിയമനം യോഗം അംഗീകരിച്ചു.

മെഡിക്കൽ കോളേജ് ആശുപത്രിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ ഭാഗത്തുനിന്നും മാധ്യമങ്ങളിലും ഉയർന്നുവന്ന വിവിധ വിഷയങ്ങളും യോഗം ചർച്ച ചെയ്തു.

മെഡിക്കൽ കോളേജ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ എം. വിജിൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, ആരോഗ്യ മന്ത്രിയുടെ പ്രതിനിധി അഡ്വ. മാർട്ടിൻ ജോർജ്, ജില്ലയിലെ മന്ത്രിയുടെ പ്രതിനിധി സി.കെ. ഇബ്രാഹിം, കണ്ണൂർ എംപിയുടെ പ്രതിനിധി കെ.സി. വിജയൻ, കാസർഗോഡ് എംപിയുടെ പ്രതിനിധി കെ. ജയരാജൻ, വടകര എംപിയുടെ പ്രതിനിധി എം. ഉമ്മർ, വനിതാ പ്രതിനിധി രജനി രമാനന്ദൻ, എസ്.സി / എസ്.ടി പ്രതിനിധി സാജി നാരായണൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ്, മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.ടി. മാധവൻ, ലേ സെക്രട്ടറി എൻ.കെ. സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391942/kannur-govt-medical-college-development-society-meeting)