---
title: "മാലിന്യം തള്ളിയാൽ പിടിവീഴും, കർശന നടപടിയുമായി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്"
english_title: "Strict Action Against Waste Dumping District Enforcement Squad Pappinisseri"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391879/waste-dumping-strict-action-enforcement-squad-pappinisseri"
published_at: "2026-11-16T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afb0eecea419_1000999799.jpg"
keywords: ["Pappinisseri", "Waste Dumping", "Enforcement Squad", "Kannur"]
---

# മാലിന്യം തള്ളിയാൽ പിടിവീഴും, കർശന നടപടിയുമായി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

> **Lead Summary:** *പാപ്പിനിശ്ശേരി:* പൊതുസ്ഥലങ്ങളിലും കണ്ടൽക്കാടുകളിലും മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയുമായി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് രംഗത്ത്. പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ വളപട്ടണം പാലം മുതൽ പഴയങ്ങാടി റോഡിലെ ബസ് സ്റ്റോപ്പ് വരെയുള്ള റോഡരികുകളിലും കണ്ടൽക്കാടുകളിലും സ്‌ക്വാഡ് വ്യാപക പരിശോധന നടത്തി.

## Article Content

*പാപ്പിനിശ്ശേരി:* പൊതുസ്ഥലങ്ങളിലും കണ്ടൽക്കാടുകളിലും മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയുമായി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് രംഗത്ത്. പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ വളപട്ടണം പാലം മുതൽ പഴയങ്ങാടി റോഡിലെ ബസ് സ്റ്റോപ്പ് വരെയുള്ള റോഡരികുകളിലും കണ്ടൽക്കാടുകളിലും സ്‌ക്വാഡ് വ്യാപക പരിശോധന നടത്തി.

പരിശോധനയിൽ വിവിധയിടങ്ങളിൽ ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ മാലിന്യങ്ങൾ കണ്ടെത്തി. ഹോട്ടൽ മാലിന്യങ്ങളും ആക്രി മാലിന്യങ്ങളുമാണ് പ്രധാനമായും രാത്രികാലങ്ങളിൽ ഇവിടെ നിക്ഷേപിക്കുന്നതെന്ന് പരിശോധനയിൽ വ്യക്തമായി. മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിനായി പ്രദേശത്ത് നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.

പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും ഭീഷണിയാകുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് സ്‌ക്വാഡ് മുന്നറിയിപ്പ് നൽകി. പൊതുജനങ്ങളുടെ സഹകരണത്തോടെ കുറ്റക്കാരെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും പഞ്ചായത്ത് അധികൃതരും.

മാലിന്യം വലിച്ചെറിയാനുള്ള ഇടമല്ല പൊതുസ്ഥലങ്ങൾ. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കാനും പരിസരം ശുചിയായി സംരക്ഷിക്കാനും പൊതുജനങ്ങൾ മുന്നോട്ടുവരണമെന്ന് സ്‌ക്വാഡ് അഭ്യർഥിച്ചു. ഇതിനായി സംസ്ഥാനത്തിന്റെ ഏത് ഭാഗത്ത് നിന്നായാലും വിവരങ്ങൾ സിംഗിൾ വാട്സ്ആപ്പ് നമ്പറായ 9446700800 എന്ന നമ്പറിലേക്ക് ഫോട്ടോ സഹിതം അയക്കാവുന്നതാണ്. അയക്കുന്ന ആളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പിഴ തുകയിൽ നിന്ന് പാരിതോഷികം നൽകുമെന്നും അധികൃതർ അറിയിച്ചു.

കഴിഞ്ഞ മാസം പ്രദേശത്ത് മാലിന്യം നിക്ഷേപിച്ച വീട്ടമ്മയ്ക്ക് 15,000 രൂപ പിഴ ചുമത്തിയിരുന്നു.

'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം' എന്ന ബോധ്യത്തോടെ ഓരോരുത്തരും മാലിന്യസംസ്‌കരണം നടത്തണമെന്ന് സ്‌ക്വാഡ് ഓർമിപ്പിച്ചു. ശാസ്ത്രീയമായ രീതിയിലും അംഗീകൃത ഏജൻസികൾ മുഖേനയും മാത്രമേ മാലിന്യം കൈകാര്യം ചെയ്യാൻ പാടുള്ളൂ എന്നും നിയമം ലംഘിക്കുന്നവർക്കെതിരെ പഞ്ചായത്ത് രാജ് ആക്ട് പ്രകാരം പരമാവധി പിഴയും തുടർനിയമ നടപടികളും സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

കൂടാതെ പഞ്ചായത്ത് പരിധിയിലെ പാപ്പിനിശ്ശേരി വിഷ ചികിത്സ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ ജൈവ-അജൈവ മാലിന്യങ്ങൾ കൂട്ടിയിട്ടതായി കണ്ടെത്തിയതിനെ തുടർന്ന് 10,000 രൂപ പിഴ ചുമത്തി നടപടി സ്വീകരിക്കാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി.പി., ടീം അംഗങ്ങളായ ജിഷ്ണുരാജ് എം., ദിബിൽ സി.കെ., ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ സുമിൽ കെ.വി. എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391879/waste-dumping-strict-action-enforcement-squad-pappinisseri)