---
title: "കരീബിയൻസ് ഫുട്ബോൾ ഫെസ്റ്റ് ഡിസംബർ 31 മുതൽ, നറുക്കെടുപ്പിലൂടെ ഭാഗ്യശാലിക്ക് മഹീന്ദ്ര ഥാർ"
english_title: "Caribbeans Football Fest From Dec 31 Lucky Winner To Get Mahindra Thar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391876/caribbeans-football-fest-dec-31-mahindra-thar-prize"
published_at: "2026-11-16T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afb0b18bff84_1000999965.jpg"
keywords: ["Caribbeans Football Fest", "Thaliparamba", "Sevens Football", "Mahindra Thar"]
---

# കരീബിയൻസ് ഫുട്ബോൾ ഫെസ്റ്റ് ഡിസംബർ 31 മുതൽ, നറുക്കെടുപ്പിലൂടെ ഭാഗ്യശാലിക്ക് മഹീന്ദ്ര ഥാർ

> **Lead Summary:** **തളിപ്പറമ്പ്: **ഫുട്ബോൾ ആവേശത്തിനൊപ്പം കാണികൾക്ക് വൻ സമ്മാനവും ഒരുക്കി കരീബിയൻസ് സ്പോർട്ടിങ് ക്ലബ്ബിന്റെ അഞ്ചാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് 'കരീബിയൻസ് ഫുട്ബോൾ ഫെസ്റ്റ്' ഡിസംബർ 31ന് ഉണ്ടപ്പറമ്പ ഗ്രൗണ്ടിൽ തുടക്കമാകും.

## Article Content

**തളിപ്പറമ്പ്: **ഫുട്ബോൾ ആവേശത്തിനൊപ്പം കാണികൾക്ക് വൻ സമ്മാനവും ഒരുക്കി കരീബിയൻസ് സ്പോർട്ടിങ് ക്ലബ്ബിന്റെ അഞ്ചാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് 'കരീബിയൻസ് ഫുട്ബോൾ ഫെസ്റ്റ്' ഡിസംബർ 31ന് ഉണ്ടപ്പറമ്പ ഗ്രൗണ്ടിൽ തുടക്കമാകും.

ടൂർണമെന്റിന്റെ ഭാഗമായി പാസ് എടുക്കുന്ന കാണികളിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്ക് മഹീന്ദ്ര ഥാർ വാഹനം സമ്മാനമായി നൽകും. ജനുവരി 24ന് നടക്കുന്ന ഫൈനൽ മത്സരത്തിന് ശേഷം ഗ്രൗണ്ടിൽ വെച്ചായിരിക്കും നറുക്കെടുപ്പ്.

കെ.പി. ഹസ്സൻ ഹാജി സ്മാരക സ്വർണക്കപ്പിന് വേണ്ടിയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ മികച്ച ടൂർണമെന്റിനുള്ള പുരസ്കാരം രണ്ടുതവണയും ജില്ലയിലെ മികച്ച ടൂർണമെന്റിനുള്ള പുരസ്കാരം രണ്ടുതവണയും നേടിയ ടൂർണമെന്റാണിത്.

കായികപ്രേമികൾക്കും കുടുംബങ്ങൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിൽ ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഇത്തവണ ഒരുക്കുന്നത്. 6000 പേർക്ക് ഇരിക്കാവുന്ന ഇരുമ്പ് ഗാലറി, 400 പേർക്ക് ഇരിക്കാവുന്ന റോസ്ട്രം, 200 പേർക്ക് സൗകര്യമുള്ള ഫാമിലി ലോഞ്ച് എന്നിവയാണ് ഗ്രൗണ്ടിൽ സജ്ജമാക്കുന്നത്. ഭക്ഷണവും പാനീയവും ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളോടെയാണ് ഫാമിലി ലോഞ്ച് പ്രവർത്തിക്കുക.

സ്ത്രീകൾക്കായി 'പിങ്ക് ഗാലറി' എന്ന പേരിൽ പ്രത്യേക ഗാലറി ആരംഭിക്കാനും പദ്ധതിയുണ്ട്. സൗകര്യങ്ങൾ ഒത്തുവന്നാൽ ഇത്തവണ തന്നെ ഇത് യാഥാർഥ്യമാക്കും.

24 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. കഴിഞ്ഞ തവണ പങ്കെടുത്ത എട്ട് പ്രാദേശിക ടീമുകൾക്ക് പുറമെ ആള്ളാംകുളത്തെ യുണൈറ്റഡ് എഫ്.സി., തളിപ്പറമ്പിൽ 1940ൽ സ്ഥാപിതമായ പ്രശസ്ത ക്ലബ്ബായ റിക്രിയേഷൻ സ്പോർട്സ് ക്ലബ്ബ് എന്നിവയും ഇത്തവണ കളത്തിലിറങ്ങും.

സെവൻസ് ഫുട്ബോളിൽ നിരവധി പരിഷ്കാരങ്ങൾക്ക് തുടക്കം കുറിച്ച ടൂർണമെന്റ് എന്ന പ്രത്യേകതയും കരീബിയൻസ് ഫുട്ബോൾ ഫെസ്റ്റിനുണ്ട്. കാണികൾക്ക് മികച്ച കായികാനുഭവം ഒരുക്കുന്നതിനൊപ്പം കുടുംബങ്ങൾക്കും സ്ത്രീകൾക്കും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിലും സംഘാടകർ ശ്രദ്ധ ചെലുത്തുന്നു.

ടി.കെ. ഗോവിന്ദൻ എം.എൽ.എ., നഗരസഭാ ചെയർപേഴ്സൺ പി.കെ. സുബൈർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കാട് തുടങ്ങിയവർ മുഖ്യരക്ഷാധികാരികളായുള്ള സംഘാടക സമിതിയാണ് ടൂർണമെന്റിന് നേതൃത്വം നൽകുന്നത്. വാർഡ് കൗൺസിലർ കെ.വി. മുഹമ്മദ് കുഞ്ഞി ടൂർണമെന്റ് ചെയർമാനും ദിൽഷാദ് പാലക്കാടൻ പ്രോഗ്രാം കമ്മിറ്റി കൺവീനറുമാണ്.

വാർത്താസമ്മേളനത്തിൽ ക്ലബ്ബ് ചെയർമാൻ സൂപ്പർ സിദ്ദിഖ്, ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ കെ.വി. മുഹമ്മദ് കുഞ്ഞി, പ്രസിഡന്റ് ജസീം വലിയകത്ത്, വൈസ് പ്രസിഡന്റ് ഇഖ്ബാൽ, ഷുഹൈബ്, ട്രഷറർ മെട്രോ മുത്തലിബ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391876/caribbeans-football-fest-dec-31-mahindra-thar-prize)